സഊദിയില്‍ കൊള്ള സംഘം തട്ടിക്കൊണ്ടുപോയ തമിഴ് ബാലികയെ പൊലീസ് രക്ഷപ്പെടുത്തി
ജിദ്ദ: സഊദിയിലെ റിയാദില്‍ കൊള്ള സംഘം തട്ടിക്കൊണ്ടുപോയ തമിഴ് ബാലികയെ പൊലീസ് രക്ഷപ്പെടുത്തി. ശുമൈസിയിൽ നിര്‍ത്തിയിട്ട കാറിലിരുന്ന നാലുവയസുകാരിയെ വാഹനമടക്കം ചൊവ്വാഴ്ച വൈകിട്ടാണ് അക്രമി സംഘം തട്ടിക്കൊണ്ടുപോയത്.
പോലീസും സാമൂഹിക പ്രവർത്തകരും തെരച്ചിൽ ശക്തമാക്കിയതോടെ മൂന്നു മണിക്കൂറിനകമാണ് കുട്ടിയെ കണ്ടെത്താനായത്.
തമിഴ്‌നാട് സ്വദേശിയും ദൽഹി പബ്ലിക് സ്‌കൂൾ അധ്യാപകനുമായ ആന്റണി എസ് തോമസ് - പപിത ദമ്പതികളുടെ മകൾ മാർഷി പോൾ ആന്റണി(മൂന്ന്)യെയാണ് ഹ്യുണ്ടായി ആക്‌സന്റ് കാറുമായി തട്ടിക്കൊണ്ടുപോയത്. കാർ ഓഫ് ചെയ്യാതെ റോഡിൽ നിർത്തി കുട്ടിയെ കാറിലിരുത്തി ശുമൈസിയിലെ അൽറാജ്ഹി ബാങ്കിന്റെ എ.ടി.എം കൗണ്ടറിലേക്ക് ആന്റണി പോയതായിരുന്നു. തിരിച്ചുവന്നു നോക്കിയപ്പോൾ കാർ മറ്റാരോ എടുത്തുപോകുന്നത് കണ്ടു. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസും രഹസ്യാന്വേഷണ വിഭാഗവും വിവിധയിടങ്ങളിൽ അന്വേഷണം ആരംഭിച്ചു. അതേസമയം വിവിധ സാമൂഹിക പ്രവർത്തകരും വിവിധയിടങ്ങളിൽ അന്വേഷണം തുടങ്ങി. സാമൂഹിക മാധ്യമങ്ങൾ വഴി വിവരം കൈമാറ്റം ചെയ്യപ്പെട്ടതോടെ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ കാറിനും കുട്ടിക്കും വേണ്ടി തെരച്ചിൽ തകൃതിയായി. അതിനിടെ വൈകിട്ട് എഴരയോടെ മൂന്നു കിലോമീറ്റർ അകലെ ദീരയിലെ എൻ.സി.ബി ബാങ്കിന് പിൻവശത്ത് കാർ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. പോലീസ്
കാറിനെ പിന്തുടര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. കാറിനുള്ളിൽ പേടിച്ച് തളർന്നുകിടക്കുകയായിരുന്ന കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി പിതാവിനെ ഏൽപിച്ചു. പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."