നെയ്യാറ്റിന്‍കര താലൂക്കിലെ കലക്ടറുടെ പരാതിപരിഹാര വേദി: നിരവധി പരാതികള്‍ക്ക് പരിഹാരമായി
തിരുവനന്തപുരം: തിക്കും തിരക്കും കൂട്ടാതെ ജനങ്ങള്‍ക്ക് സ്വന്തം പ്രശ്‌നങ്ങള്‍ നേരിട്ട് ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും 25 പ്രധാനവകുപ്പുകളുടെ ഉദ്യോഗസ്ഥരില്‍ നിന്നും അപ്പോള്‍ തന്നെ പ്രശ്‌നപരിഹാരസാധ്യത ആരായാനുമുള്ള സൗകര്യമൊരുക്കി നെയ്യാറ്റിന്‍കര താലൂക്കിലെ കലക്ടറുടെ പരാതി പരിഹാരവേദി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇവിടെ എത്തുന്നവരുടെ പരാതികള്‍ കഴിയുന്നതും ഈ വേദിയില്‍ വച്ച് പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും നെയ്യാറ്റിന്‍കര ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിഹാരവേദി ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ ആന്‍സലന്‍ എം.എല്‍.എ പറഞ്ഞു.
എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് കലക്ടറും വിവിധ വകുപ്പുകളിലെ ജീവനക്കാരും തയാറായിരുന്നുയെങ്കിലും പരാതിക്കാര്‍ വളരെ കുറവായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വേണ്ടത്ര പ്രചരണമുണ്ടാവാത്തതാണ് ആളില്ലാതിരിക്കാന്‍ കാരണം. ഉച്ചയ്ക്ക് 2.15 ഓടെ കളക്ടര്‍ പോകുകയും ചെയ്തു.
ഇവിടെ വച്ച് പരിഹരിക്കാവുന്ന പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും മറ്റുള്ളവ ഒരാഴ്ചക്കകം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ക്കായി സജ്ജീകരിച്ച 25 കൗണ്ടറുകള്‍ വഴി 855 പരാതികളാണ് ലഭിച്ചത്. ഇതില്‍ 120 എണ്ണത്തിന് വേദിയില്‍ തന്നെ തീര്‍പ്പായി. ശേഷിക്കുന്ന പരാതികളില്‍ ഒരാഴ്ചക്കുള്ളില്‍ അടിയന്തിരപ്രശ്‌നപരിഹാരം ഉറപ്പാക്കുന്ന തരത്തില്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും പരാതിക്കാരെ അക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതിപരിഹാരവേദിയുടെ ജില്ലയിലെ രണ്ടാമത്തെ വേദിയാണ് നെയ്യാറ്റിന്‍കര താലൂക്കിലല്‍ നടന്നത്. താലൂക്കിലെ 31 വില്ലേജുകള്‍ കേന്ദ്രീകരിച്ചുള്ള പൊതുജനങ്ങളുടെ പരാതികളാണ് ഇവിടെ പരിഗണിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, സി.കെ ഹരിന്ദ്രന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ഡബ്‌ള്യൂ ആര്‍ ഹീബ, എ.ഡി.എം ജോണ്‍ വി സാമുവല്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ വി ആര്‍ വിനോദ്, എസ് ആര്‍ വിജയ,സബിത ദേവപ്രസാദ്,ആര്‍ എസ് ബൈജു, വിവിധ വകുപ്പുകളുടെ താലൂക്ക് തല ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."