അപകടക്കെണിയായി ദേശീയ പാതയോരത്തെ മണ്‍തിട്ട
സുല്‍ത്താന്‍ ബത്തേരി: നിരവധി അപകടങ്ങള്‍ക്ക് കാരണമായി ദേശീയപാതയോരത്തെ മണ്‍ത്തിട്ട. ദൊട്ടപ്പന്‍ക്കുളത്തെ പെട്രോള്‍ ബങ്കിന് എതിര്‍വശത്താണ് റോഡിലേക്ക് തള്ളി നില്‍ക്കുന്ന മണ്‍തിട്ടയുള്ളത്. സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളാണ് ഇവിടെ അധികവും അപകടത്തില്‍പ്പെടുന്നത്. ഇറക്കമിറങ്ങി വരുന്ന റോഡ് നല്ല വീതിയുണ്ടെങ്കിലും മണ്‍തിട്ടയുള്ളത് റോഡിലേക്കിറങ്ങിയാണ്. പലപ്പോഴും അരിക് ചേര്‍ന്ന് വരുന്ന വാഹനങ്ങള്‍ നേരെ മണ്‍തിട്ടയില്‍ കയറി മറിയുകയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഇറക്കമിറങ്ങി വന്ന വാഹനം മണ്‍ത്തിട്ടയില്‍ കയറി എതിരെ വന്ന കാറിലും ഇടിച്ച് തലകീഴായാണ് റോഡിലേക്ക് മറിഞ്ഞത്. ഭാഗ്യം കൊണ്ടാണ് വാഹത്തിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നാണ് പരിസരത്തെ കച്ചവടക്കാര്‍ അടക്കം പറയുന്നത്.
ഇതിന് മുന്‍പും ഇവിടെ നിരവധി വാഹനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകടങ്ങളില്‍ ആളപായങ്ങളും ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുല്‍ത്താന്‍ ബത്തേരിക്ക് സമീപത്തെ ദമ്പതികള്‍ മരിച്ചതും ഇവിടെയുണ്ടായ അപകടത്തിലാണ്. അന്ന് പാതയോരത്തെ മരത്തിന്റെ വേരായിരുന്നു വില്ലനായത്. ഈ അപകടത്തോടെ ഈ വേര് പിഴുതിമാറ്റിയിരുന്നു.
എന്നാല്‍ അതേ സ്ഥലത്ത് നിന്ന് മണ്ണ് നീക്കം ചെയ്യാന്‍ അധികൃതര്‍ ശ്രദ്ധിച്ചില്ല. ഇതാണ് പിന്നീട് മണ്‍തിട്ടയായി രൂപപ്പെട്ടത്. പിന്നീടുള്ള അപകടങ്ങള്‍ക്കെല്ലാം കാരണമായത് ഈ മണ്‍തിട്ടയാണ്. പതിവ് യാത്രക്കാര്‍ക്ക് മണ്‍തിട്ടയെ കുറിച്ച് അറിവുണ്ടെങ്കിലും അന്തര്‍ സംസ്ഥാന വാഹനങ്ങളിലുള്ളവര്‍ക്കും അന്യ ജില്ലക്കാര്‍ക്കും ഇതിനെ കുറിച്ച് വ്യക്തമായ അറിവില്ല. ഇത്തരത്തിലുള്ള വാഹനങ്ങള്‍ തന്നെയാണ് ഇവിടെ കൂടുതലും അപകടത്തില്‍പ്പെടുന്നതും.
ആര്‍ക്കും ഒരു ഉപകാരവുമില്ലാതെ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന മുനമ്പായി മാറുന്ന ഈ മണ്‍തിട്ട അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. അധികൃതര്‍ ഇനിയെങ്കിലും നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പരിസരത്തെ കച്ചവടക്കാരും യാത്രക്കാരടക്കമുള്ളവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."