പൊലിസ് നിയമം ലംഘിച്ചു: വിവാദമായതോടെ പിഴയടച്ച് തടിതപ്പി
പനമരം: നോ പാര്‍ക്കിങ് ഏരിയയില്‍ ആശുപത്രി കവാടം അടച്ച് പാര്‍ക്ക് ചെയ്ത കമ്പളക്കാട് എ.എസ്.ഐ ആന്റണിയുടെ സ്വകാര്യവാഹനത്തിന് ഹോം ഗാര്‍ഡ് പിഴയിട്ടു. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞെത്തിയ എ.എസ്.ഐ ഹോംഗാര്‍ഡിനെ ശാസിക്കുകയും വാഹനത്തില്‍ എഴുതിവച്ച പിഴ നോട്ടിസ് വലിച്ചുകീറി എറിയുകയും വാഹനം എടുത്തുകൊണ്ടുപോവുകയും ചെയ്തു. പനമരത്ത് ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ലൈബ മെഡിക്കല്‍ സെന്ററിലേക്കുള്ള കവാടത്തില്‍ പനമരം കോഴിക്കോട് റോഡിലെ തിരക്കേറിയ പാതയിലായിരുന്നു എ.എസ്.ഐയുടെ നിയമ ലംഘനം. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ആശുപത്രി കവാടം അടച്ച് പാര്‍ക്ക് ചെയ്ത വാഹനം മാറ്റിയിടുവാനായി വാഹന ഉടമയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ടൗണിലെ ഹോം ഗാര്‍ഡ് വാഹനത്തിന് പിഴയിട്ടു.
തിരികെയെത്തിയ വാഹനയുടമയ്ക്ക് പിഴ ചുമത്തിയ റസിപ്റ്റ് നല്‍കാനായി മേല്‍വിലാസം ചോദിക്കുന്നതിനിടെ എ.എസ്.ഐ ട്രാഫിക് പൊലിസുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഈ ദൃശ്യം തൊട്ടടുത്ത കടകളിലെ സി.സി.ടി.വിയില്‍ പതിയുകയും തര്‍ക്കം കണ്ട് നിന്ന യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. താന്‍ പനമരത്ത് മൂന്നുവര്‍ഷം എ.എസ്.ഐ ആയി ജോലി ചെയ്തിട്ടുണ്ടെന്നായിരുന്നു എ.എസ്.ഐ ഹോം ഗാര്‍ഡിനോട് പറഞ്ഞത്. തനിക്കതില്‍ വിരോധമില്ലെന്നും നിയമലംഘനത്തിന് പിഴയൊടുക്കണമെന്നും ഹോം ഗാര്‍ഡ് ആയ ബാബുരാജ് മറുപടി നല്‍കി. സംഭവം വിവാദമായതോടെ രാത്രിയോടെ തന്നെ എ.എസ്.ഐ പനമരം സ്റ്റേഷനിലെത്തി പിഴയൊടുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."