ഊരുകളില്‍ ആത്മവിശ്വാസം പകരാന്‍ ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ട്
കല്‍പ്പറ്റ: ആത്മഹത്യാ പ്രവണതകളില്‍ നിന്നും ലഹരിയില്‍ നിന്നും ആദിവാസി ഊരുകളെ കൈപിടിച്ചുയര്‍ത്തി ആത്മവിശ്വാസം പകരാന്‍ മാനസികാരോഗ്യ പദ്ധതി തയാറായി. ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ട്-വയനാട് എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) സാമുഹ്യനീതി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത ആദിവാസി വികസന വകുപ്പ് (ഐ.ടി.ഡി.പി), ജില്ലാ നിയമ സേവന സഹായ സമിതി, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ട്. മെഡിക്കല്‍ ഓഫീസര്‍, മാനസികാരോഗ്യ വിദഗ്ധന്‍, നഴ്‌സ് എന്നിവര്‍ അടങ്ങിയ സംഘത്തിന്റെ സേവനവും ലഭിക്കും. ആദിവാസി ഊരുകളുമായി അടുത്തിടപടുന്ന ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ സഹായത്തോടെ കോളനികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യഘട്ടം. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രൊമോട്ടര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനസിക പ്രശ്‌നം നേരിടുന്നവര്‍ക്ക് വൈദ്യസഹായമടക്കമുള്ളവ ലഭ്യമാക്കും. കോളനികളില്‍ മാനസികാരോഗ്യം ഉറപ്പാക്കി ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കുകയാണ് ഒരു വര്‍ഷം നീളുന്ന തുടര്‍പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഭാഗമായി നിലവില്‍ 380 ഓളം കോളനികളിലെ 1500 ഓളം കുടുംബങ്ങളെ സംഘം സന്ദര്‍ശിച്ചു. ഒരോ അംഗത്തോടും നേരിട്ട് സംസാരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇവരില്‍ നിന്ന് കണ്ടെത്തിയ മൂന്നുപേരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി. പുല്‍പ്പള്ളി, തിരുനെല്ലി മേഖലകളില്‍ നിന്നും പുതുതായി 28 മാനസികാരോഗ്യ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാര്‍ഷികവൃത്തിയുമായി ഇഴകിച്ചേര്‍ന്നു ജീവിച്ചിരുന്ന സമൂഹമായിരുന്നു ആദിവാസികള്‍. കാര്‍ഷിക മേഖലുണ്ടായ തകര്‍ച്ച ഏറ്റവും ദോഷകരമായി ബാധിച്ചിട്ടുള്ളതും ആദിവാസി വിഭാഗത്തെയാണ്. ഈ കാരണങ്ങളെല്ലാം ഊരുകളിലെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ അവസരത്തില്‍ ഊരുകളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി
കല്‍പ്പറ്റ: ആദിവാസി ഊരുകളില്‍ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായി ആരംഭിച്ച ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ട്-വയനാട് പദ്ധതിയുടെ ഭാഗമായി ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കായി ഏകദിന പരിശീലനം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.എ.ഡി.എം കെ. അജീഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ പി. വാണിദാസ്, ഇംഹാന്‍സ് ഫാക്കല്‍റ്റിമാരായ കുര്യന്‍ ജോസ്, കെ.എം. ജിജി എന്നിവര്‍ സംസാരിച്ചു. മാനസിക ആരോഗ്യം, ലഹരി ഉപയോഗം-പ്രതിവിധികള്‍ എന്നി വിഷയങ്ങളില്‍ ഡോ. മുഫ്തഷീര്‍, വി.ടി. മേഴ്‌സി, ശീത എന്നിവര്‍ പരിശീലനം നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."