മോക്ഷം
ചുവരില്‍ മാലയിട്ടിരിക്കുന്ന തന്റെ ചിത്രത്തിലേക്കു നോക്കിയൊരു നെടുവീര്‍പ്പിട്ടു വൃന്ദ. കുറച്ചു താമസിച്ചു പോയില്ലേ താന്‍? കുറേക്കൂടി മുന്നേ ആകേണ്ടതായിരുന്നില്ലേ ഇത്. വൃന്ദയുടെ ചിന്തകള്‍ കാലം തെറ്റി പെയ്യുന്ന മഴ പോലെ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. സ്വന്തം മരണം, അതെന്താണെന്ന് അനുഭവിച്ചറിഞ്ഞ ഈ ഭൂമിയിലെ ഒരേയൊരു മനുഷ്യജന്മം, അതു ഞാന്‍ മാത്രമായിരിക്കും.
ഒന്നു പൊട്ടിച്ചിരിക്കാന്‍ തോന്നി വൃന്ദയ്ക്ക്, മുപ്പതു വയസിനുള്ളില്‍ എന്തൊക്കെ അനുഭവിച്ചു. എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ? ആര്‍ക്കെന്തു നേട്ടം? അച്ഛന്റേയുമമ്മേടേം സങ്കടം ഇനിയൊരിക്കലും തീരില്ല, കാരണം ജീവിച്ചിരിക്കുന്ന താനിന്നു മരിച്ചവര്‍ക്കു തുല്യം മാത്രം, മനസു മരിച്ച മനുഷ്യന്‍, ജീവിക്കാനര്‍ഹതയില്ലാത്തവള്‍, എള്ളും പൂവും സ്വയമര്‍പ്പിച്ച് എന്നിലെ എന്നെ ഞാന്‍ തന്നെ കൊന്നു.
വൃന്ദയെന്ന ഞാന്‍ എന്തിനാണ് ജീവിച്ചിരിക്കെ മരിച്ചത്? ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെയൊരു പാതകം ചെയ്തത്? നിങ്ങള്‍ക്കു സംശയമുണ്ടല്ലേ? എനിക്കു വേണ്ടിമാത്രമാണ് ഞാനെന്നെ കൊല ചെയ്തത്. എന്നിലെയെന്നെ നിഷ്‌കരുണം കൊല ചെയ്ത ഞാന്‍ ആത്മാഹുതി തന്നെയല്ലേ ചെയ്തത്?
മൂന്നു വിവാഹമെന്നത് ഒരു പുരുഷനു ചിലപ്പം കൂടുതലല്ലായിരിക്കാം. പക്ഷേ ഒരു പെണ്ണിനെ സംബന്ധിച്ച് അതല്‍പം കൂടുതലുതന്നെയാണ്. ആര്‍ക്കു വേണ്ടിയായിരുന്നു മൂന്നു വിവാഹം? എനിക്കു വേണ്ടിയോ? എന്റെ ഇഷ്ടങ്ങള്‍ക്കെന്തെങ്കിലും പ്രസക്തിയുണ്ടായിരുന്നോ ഈ വിവാഹങ്ങള്‍ക്കു പിന്നില്‍? എല്ലാം അച്ഛന്റെയിഷ്ടം മാത്രമായിരുന്നില്ലേ?
ആദ്യ വിവാഹം അച്ഛന്‍ പെങ്ങളുടെ മകന്റെ കൂടെ. ആകാശിന്റെ ഭാര്യയായപ്പോള്‍ ഒരിക്കലുമറിഞ്ഞിരുന്നില്ലാ, അവന്‍ ഒരു മാനസിക രോഗിയാണെന്ന്. എത്ര തന്മയത്വത്തോടെയാണ് അച്ഛന്റെ പെങ്ങള്‍ അച്ഛനില്‍നിന്നു പോലും ആ വിവരം മറച്ചുവച്ചത്? നേര്‍ച്ച കുരുതിയായിരുന്നില്ലേ താനവിടെ. എന്റെ ജീവിതം ആകാശെന്ന ഭ്രാന്തന്റെ കാല്‍ക്കീഴില്‍ ചവിട്ടിയരയ്ക്കപ്പെടുകയായിരുന്നു.
അനുഭവങ്ങളും സങ്കടങ്ങളും സ്വന്തമാക്കാന്‍ വേണ്ടി മാത്രം വിധിയെന്നെ കല്‍ത്തുറുങ്കിലടച്ചു, ആകാശിന്റെ രോഗം മാറാനുള്ള മറ്റൊരു പരീക്ഷണ മരുന്ന്. വിവാഹം ചിലപ്പോള്‍ ആകാശില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷ. ആരെന്തു നേടി? നേടിയതു ഞാന്‍ തന്നെ, രണ്ടാം വിവാഹക്കാരിയെന്ന ഒരോമനപ്പേര്.
അച്ഛന്റെ വാശിക്കു മുന്നില്‍ പിന്നെയുമൊരു ജീവിതം, ഇനിയൊരു ജീവിതം വേണ്ടെന്നുവച്ച് മുന്നോട്ടുപോകാനൊരുങ്ങിയതായിരുന്നു. പക്ഷേ, അച്ഛന്‍ സമ്മതിച്ചില്ല. അച്ഛന്‍ പെങ്ങളോടുള്ള വാശി, മകളുടെ ജീവിതം തകര്‍ത്തതിലുള്ള അമര്‍ഷം എല്ലാം കൂടി വീണ്ടുമടുത്തൊരു വിവാഹം.
എല്ലാമറിഞ്ഞു കൊണ്ടു തന്നെയല്ലേ കിഷോറേട്ടനുമെന്റെ കഴുത്തില്‍ താലിചാര്‍ത്തിയത്. എന്തിനേ എന്നെ വീണ്ടുമൊരു പരീക്ഷണ വസ്തുവാക്കിയത്? ഭാര്യയെന്ന സ്ഥാനം, അതും മറ്റുള്ളവരുടെ മുന്നില്‍ മാത്രം. മനസും ശരീരവും മറ്റൊരു പെണ്‍കുട്ടിക്ക് അടിയറവച്ച കിഷോറേട്ടന്‍ മനപ്പൂര്‍വമെന്നെ ചതിക്കുകയല്ലാരുന്നോ? ഒരു പെണ്ണിന്റെ മനസറിഞ്ഞ അയാള്‍ മറ്റൊരു പെണ്ണിന്റെ മനസു നോക്കാതെ എന്തിനീ ചതിയെന്നോടു ചെയ്തു. ഒരേ സമയം ആരുമറിയാതെ രണ്ടു വള്ളത്തിലൊരുമിച്ചു യാത്ര ചെയ്യുകയായിരുന്നു കിഷോറേട്ടന്റെയുദ്ദേശ്യം. ഒരിക്കലും മറ്റേ പെണ്‍കുട്ടിയെ മറന്ന് എന്നോടൊപ്പം ജീവിക്കാനാഗ്രഹിക്കാത്തയാളിന്റെ കൂടെ, അവഹേളനം സഹിക്കാനാവാത്തതു കൊണ്ട് ആ വീടിന്റെ പടിയുമിറങ്ങി.
രണ്ടാം വിവാഹം കഴിഞ്ഞിട്ടും കന്യകയായി ജീവിക്കുന്ന ഞാനെന്ന പെണ്ണ് വീണ്ടും സ്വന്തം വീട്ടിലേക്ക്. പരിഹാസങ്ങളും കൂര്‍ത്ത നോട്ടങ്ങളും കണ്ടില്ലെന്നു നടിച്ചു നാലു ചുമരുകള്‍ക്കുള്ളിലൊതുക്കുകയായിരുന്നില്ലേ എന്റെ ജീവിതം.
ഇനി ഒരു പരീക്ഷണത്തിനില്ല എന്നുറപ്പിച്ചു തന്നെയാണു വീടെത്തിയത്. എന്നിട്ടും ആര്‍ക്കാണബദ്ധം പറ്റിയത്. ഇത്തവണ അമ്മയ്ക്കായിരുന്നില്ലേ നിര്‍ബന്ധം. അമ്മയുടെ ദുഃഖവും പരിചയക്കാരുടെ പരിഹാസവും. നാടുവിട്ടു പോയെങ്കിലെന്നോര്‍ത്ത നിമിഷങ്ങള്‍. എന്നിട്ടും ഒരു വിവാഹം കൂടി എന്റെ ജീവിതത്തില്‍. അമ്മയുടെ അകന്ന പരിചയത്തിലുള്ള ഒരു ബന്ധുവിന്റെ മകനായിരുന്നു സേതുവേട്ടന്‍, പ്രായം നാല്‍പതിനു മുകളില്‍. എന്നേക്കാളും പതിനഞ്ച് വയസിനു മൂത്തയാള്‍. ആര്‍ക്കോ വേണ്ടി എന്നെ വിവാഹം ചെയ്ത സേതുവേട്ടന്‍.
എന്തിനു വേണ്ടിയായിരുന്നുവെന്ന് ഇപ്പോഴും എനിക്കു മനസിലാകുന്നില്ല. സേതുവേട്ടന്റെ വീട്ടില്‍ എനിക്കു പ്രത്യേകിച്ചൊരു പണിയുമില്ലായിരുന്നു. ഭാര്യയെന്ന ഉദ്യോഗം മാത്രം, അതും മറ്റുള്ളവര്‍ക്കു മുന്നില്‍ മാത്രം.
ഒരു പ്രത്യേക സ്വഭാവമായിരുന്നു സേതുവേട്ടന്റേത്. ആരോടും പ്രത്യേകിച്ചൊരിഷ്ടവും കാണിക്കാത്തയാള്‍. എല്ലാ കാര്യങ്ങളും സേതുവേട്ടനു തനിച്ചു ചെയ്യുന്നതായിരുന്നു ഇഷ്ടം, ആരുടേയും സഹായം ഒരുകാര്യത്തിലും സ്വീകരിക്കുന്നത് ഏട്ടനിഷ്ടമായിരുന്നില്ല. സ്വന്തമല്ലാതെ മറ്റാരെയും ഇഷ്ടപ്പെടാത്തയാള്‍.
ഏകാന്തതയിഷ്ടപ്പെടുന്ന, മുറിയിലെ വസ്തുക്കളൊന്നും സ്ഥാനം തെറ്റി കാണാനിഷ്ടപ്പെടാത്ത, മറ്റു മനുഷ്യരുടെ ഗന്ധമിഷ്ടമല്ലാത്ത മനുഷ്യന്‍. ഒരു മുറിയിലെ രണ്ട് ബെഡിലുറങ്ങുന്ന ഭാര്യയും ഭര്‍ത്താവും. ഒരു റൂമില്‍ത്തന്നെ എന്നെ കിടത്തുന്നത് മറ്റുള്ളവരെ പറ്റിക്കാനാ, സേതുവേട്ടന്റെ സ്വഭാവം മറ്റാരുമറിയാതിരിക്കാന്‍. രണ്ടു വിവാഹം കഴിച്ച ഞാന്‍ എന്തും സഹിക്കണമല്ലോ, പരാതിയാരോടു പറയാന്‍. സീമന്തരേഖയിലെ സീമന്തക്കുറിയും നെഞ്ചോടു പറ്റിക്കിടക്കുന്ന ഒരു പൊന്നിന്‍ കഷണം താലിയും, ഭാര്യയുടെ അടയാളങ്ങള്‍.
എന്നിലെ ദുഃഖങ്ങള്‍ ആരോടു പങ്കുവയ്ക്കാനാ. സന്തോഷ ജീവിതമെന്നു കരുതുന്ന അച്ഛനെയുമമ്മയെയും ഇനിയും ദുഃഖിപ്പിക്കാന്‍ വയ്യ. ഏകാന്തതയുടെ തടവറയില്‍ ശാപമോക്ഷം കിട്ടാന്‍ കാത്തു കിടക്കുന്നവള്‍. അമ്മയാകാന്‍ മോഹിക്കുന്നവള്‍, ഒരിക്കലും സാധിക്കാത്ത കുറേ ആഗ്രഹങ്ങളുടെ ഭാണ്ഡം ചുമക്കുന്നവള്‍.
ജീവനോടിരിക്കെ ഒരു മരണം. മനസിനെ കൊന്നു പുതുജീവന്‍ നേടണം. പക്ഷേ അതെങ്ങിനെ? ഭൂതകാലമവഗണിച്ചൊരു ജീവിതം, അച്ഛനുമമ്മയും ഭര്‍ത്താവും ബന്ധുക്കളുമൊന്നുമില്ലാത്ത വൃന്ദ. സ്വന്തം ചിത്രം ഭിത്തിയില്‍ പതിപ്പിച്ചു മാല ചാര്‍ത്തി. ഉള്ളിലുയര്‍ന്ന സന്തോഷത്തില്‍ ലോകത്തോടു വിളിച്ചുകൂവാന്‍ തോന്നി, ഞാനെന്ന വൃന്ദ മരിച്ചുവെന്ന്.
ജനിമൃതികളുടെ ലോകത്ത് സ്വന്തം ജനനവും മരണവും നേര്‍ക്കാഴ്ചയായിക്കണ്ട് പുനര്‍ജന്മമെന്ന പ്രഹേളികക്കുത്തരം സ്വയം നല്‍കി വൃന്ദ പുതുജീവിതത്തിലേക്ക്. മൂന്നു പുരുഷന്മാരാണ് അവളുടെ ജീവിതം മരണത്തിനു വിട്ടുകൊടുത്തത്. എന്താണവള്‍ നേടിയത്? അറിയില്ല, മോക്ഷം തേടി ഈ ജീവിതത്തില്‍നിന്നു സ്വാതന്ത്ര്യത്തിലേക്ക്...അത്ര മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."