ചെങ്കടല്‍, ഏദന്‍ തീരം സുരക്ഷക്കായി സഊദിയുടെ നേതൃത്വത്തില്‍ പുതിയ സഖ്യം
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ചെങ്കടലിന്റെയും ഗള്‍ഫ് ഓഫ് ഏദന്‍ രാജ്യങ്ങളുടെയും സുരക്ഷക്കായി പുതിയ സഖ്യം രൂപപ്പെടുന്നു. എണ്ണകയറ്റുമതിക്കും മറ്റുമായി ഏറെ ഉപയോഗിക്കുന്ന ചെങ്കടലിലെ കപ്പല്‍ പാതകളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സഖ്യം. വിവിധ ഭാഗങ്ങളില്‍ നിന്നും ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് സഊദിയുടെ നേതൃത്വത്തില്‍ ചെങ്കടല്‍ തീരങ്ങളിലെ രാജ്യങ്ങളെ ഏകോപിപ്പിച്ചു പ്രത്യേക കൂട്ടായ്മക്ക് രൂപം നല്‍കി സുരക്ഷ ശക്തമാക്കുന്നത്. ഇതിനായി ചെങ്കടല്‍ തീരങ്ങള്‍ പങ്കിടുന്ന മേഖലയിലെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഏഴു രാജ്യങ്ങള്‍ സഊദി തലസ്ഥാനമായ റിയാദില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഇതോടെ ഇറാനെ നേരിടുന്നതിനായി പുതിയൊരു രാഷ്ട്രീയ കൂട്ടായ്മക്കാണ് സഊദി നേതൃത്വം നല്‍കുന്നതെന്ന് അന്ത്രാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചെങ്കടല്‍ തീരങ്ങള്‍ പങ്കിടുന്ന അറബ് രാജ്യങ്ങളായ സഊദി അറേബ്യ, ജോര്‍ദാന്‍, സുഡാന്‍, സൊമാലിയ, ജിബൂതി, ഈജിപ്ത്, യമന്‍ എന്നീ രാജ്യങ്ങളാണ് പുതിയ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനു പുറമെ ചെങ്കടലില്‍ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെക്ക് ആവശ്യമായ പ്രകൃതി വാതക, എണ്ണ കയറ്റുമതിയുടെ പത്ത് ശതമാനവും കടന്നു പോകുന്ന കപ്പല്‍ പാതയായ ബാബ് അല്‍ മന്‍ദബ് ഉള്‍ക്കൊള്ളുന്നതാണ് ചെങ്കടല്‍. ഇവിടെ സുരക്ഷാ സംവിധാനം ശക്തമാക്കിയില്ലെങ്കില്‍ സാമ്പത്തിക മേഖലയില്‍ ശക്തമായ നഷ്ടമായിരിക്കും ഉണ്ടാകുക. ഇതിനു പരിഹാരം കാണുന്നതിനാണ് പുതിയ സഖ്യം. നേരത്തെ, ഇറാന്‍ ഭാഗത്ത് നിന്നും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഈ ഭാഗത്തു കൂടെയുള്ള എണ്ണകയറ്റുമതി സഊദി നിര്‍ത്തി വെക്കുക പോലും ഉണ്ടായിട്ടുണ്ട് .
ചെങ്കടലിലെ സുരക്ഷ ശക്തമാക്കുന്നത് ലോകമെമ്പാടു നിന്നും വര്‍ദ്ധിച്ചുവരുന്ന സഹകരണത്തിനുള്ള അവസരം തുറക്കുമെന്നു സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. സഊദിയിലെത്തിയ വിദേശ കാര്യ മന്ത്രിമാര്‍ സഊദി വിദേശ കാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സഊദി ഭരണാധികാരികളുമായും ചര്‍ച്ചകള്‍ നടത്തി. ആഫ്രിക്കന്‍ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാന്‍ ഞായറാഴ്ച റിയാദില്‍ ചേര്‍ന്ന ജി സി സി ഉച്ചകോടിയില്‍ തീരുമാനമായിരുന്നു.
റിയാദ് അല്‍യമാമ കൊട്ടാരത്തില്‍ നടന്ന ചര്‍ച്ചയില്‍ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി സാമിഹ് ശുക്‌രി, ജിബൂത്തി വിദേശ മന്ത്രി മഹ്മൂദ് അലി യൂസുഫ്, സോമാലിയ വിദേശ മന്ത്രി അഹ്മദ് ഈസ അവദ്, സുഡാന്‍ വിദേശ മന്ത്രി മുഹമ്മദ് അല്‍ദുഖൈരി, യെമന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി മുഹമ്മദ് അല്‍ഹദ്‌റമി, ജോര്‍ദാന്‍ വിദേശ മന്ത്രാലയ സെക്രട്ടറി ജനറല്‍ സൈദ് മുഫ്‌ലിഹ് അല്ലോസി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഊദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍, ആഫ്രിക്കന്‍ രാജ്യങ്ങളുടെ കാര്യങ്ങള്‍ക്കുള്ള സഹമന്ത്രി അഹ്മദ് ഖത്താന്‍, സഹമന്ത്രി ഡോ. മുസാഅദ് അല്‍ ഈബാന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."