ഇന്ത്യ-സഊദി ഹജ്ജ് കരാര്‍ പ്രാബല്യത്തില്‍
അബ്ദുസ്സലാം കൂടരഞ്ഞി#
മക്ക: ഈ വര്‍ഷത്തെ ഇന്ത്യ-സഊദി ഹജ്ജ് കരാര്‍ പ്രാബല്യത്തില്‍ വന്നു. സഊദിയിലെത്തിയ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലുള്ള സംഘം ഇതു സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ സഊദി ഹജ്ജ്-ഉംറ അധികൃതരുമായി ചര്‍ച്ച നടത്തി.
ഇതിനുശേഷമാണ് സഊദി ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് ബിന്‍ താഹിറും മുഖ്താര്‍ അബ്ബാസ് നഖ്‌വിയും കരാറില്‍ ഒപ്പുവച്ചത്. കൂടിക്കാഴ്ചയില്‍ ഈ വര്‍ഷം ഹജ്ജ് ക്വാട്ട 1,90,000 ആയി ഉയര്‍ത്താന്‍ ആവശ്യപ്പെട്ടതായി നഖ്‌വി ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്വാട്ട 1,75,000 ആയിരുന്നു. ജനസംഖ്യാനുപാതത്തില്‍ ഇത് ഉയര്‍ത്താന്‍ സഊദി ഭരണകൂടം സന്നദ്ധമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന തുടര്‍ച്ചയായ വര്‍ധനവ് ഈ വര്‍ഷവും ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് സഊദി നല്‍കിവരുന്ന സേവനങ്ങളെ മുക്താര്‍ അബ്ബാസ് നഖ്‌വി പ്രകീര്‍ത്തിച്ചു. ഓണ്‍ലൈന്‍ ഇ-പാത്ത് സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ഇന്ത്യക്കായിട്ടുണ്ടെന്നും അടുത്ത വര്‍ഷവും ഇത് തുടരുന്നതിനാവശ്യമായ എല്ലാ സഹകരണവും നല്‍കുമെന്നും ഹജ് മന്ത്രി ഡോ. ബിന്‍തന്‍ പറഞ്ഞു. മക്കയില്‍നിന്ന് മദീനയിലേക്കും തിരിച്ചുമുള്ള യാത്രക്ക് പുതുതായി ആരംഭിച്ച ഹറമൈന്‍ ട്രെയിന്‍ സര്‍വിസും ഇന്ത്യന്‍ ഹാജിമാര്‍ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം കപ്പല്‍ സര്‍വിസിനു സാധ്യമല്ലെങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതു പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ വര്‍ഷം മുതല്‍ ആദ്യമായി തുടങ്ങിയ മഹ്‌റം ഇല്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിനു വരുന്നത്തിനുള്ള അനുമതി ഈ വര്‍ഷവും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഈ വര്‍ഷം ഹജ്ജിനു അപേക്ഷകള്‍ കുറവാണെന്ന വാദം തെറ്റാണെന്ന് മന്ത്രി പറഞ്ഞു. അപേക്ഷകള്‍ മൂന്നു ലക്ഷമായി വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് തിയതി നീട്ടിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."