അസമില്‍ മാത്രമല്ല, കേരളത്തിലുമൊരുങ്ങുന്നു തടങ്കല്‍ പാളയങ്ങള്‍- റിപ്പോര്‍ട്ട്
കൊച്ചി: അസമിലേതു പോലുള്ള തടങ്കല്‍ പാളയം കേരളത്തിലുമൊരുങ്ങുന്നു. ദ ഹിന്ദു ദിനപത്രത്തിന്റേതാണ് റിപ്പോര്‍ട്ട്. ജയിലില്‍ക്കഴിയുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം നിര്‍മിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് കേരളാ സര്‍ക്കാറിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് രാജ്യത്തെ കരുതല്‍ തടങ്കല്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വാദങ്ങളും പ്രതിവാദങ്ങളും കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് കേരള സര്‍ക്കാര്‍ നീക്കമെന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയേക്കും.
സാമൂഹ്യനീതി വകുപ്പിനാണ് ഇതു നിര്‍മിക്കാനുള്ള ചുമതല. ഇതിനായി ശിക്ഷിക്കപ്പെട്ടതോ വിവിധ കുറ്റങ്ങളില്‍പ്പെട്ട് നാടുകടത്തേണ്ടതോ ആയ വിദേശികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അതു ലഭിച്ചാല്‍ നിര്‍മാണം സംബന്ധിച്ച നീക്കവുമായി വകുപ്പ് മുന്നോട്ടുപോകും.
തടങ്കല്‍ കേന്ദ്രം നിര്‍മിക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ എണ്ണമെടുക്കാന്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് സാമൂഹ്യ നീതി വകുപ്പ് കത്തെഴുതിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഏറ്റവുമൊടുവിലായി കഴിഞ്ഞമാസം 26നാണ് വകുപ്പ് കത്തെഴുതിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നാടുകടത്തല്‍ കാത്തിരിക്കുന്ന വിദേശികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനായി തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിരുന്നു. ഇതു സംബന്ധിച്ച് മാതൃകാ തടങ്കല്‍ കേന്ദ്രത്തിന്റെ രൂപരേഖയും അവര്‍ അയച്ചിരുന്നു. ജനുവരിയിലായിരുന്നു ഇതെന്ന് രാജ്യസഭാ വെബ്‌സൈറ്റിലെ വിവരങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, നിര്‍മാണത്തിനായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നു തന്നെയായിരിക്കും തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."