മര്‍ക്കടന്റെ മുഷ്ടി നഷ്ടമാണ്
ചുരുട്ടിപ്പിടിച്ച കൈപ്പടത്തിനു മുഷ്ടി എന്നു പറയാറുണ്ട് മലയാളത്തില്‍. കുരങ്ങിനു മര്‍ക്കടം എന്നും പറയും. ഈ മര്‍ക്കടവും മുഷ്ടിയും ചേര്‍ന്നാണ് മര്‍ക്കടമുഷ്ടിയുണ്ടായത്. ദുശ്ശാഠ്യം എന്ന അര്‍ഥത്തിനാണു പൊതുവെ അതു പ്രയോഗിക്കുക. അങ്ങനെയെങ്കില്‍ കുരങ്ങിന്റെ ചുരുട്ടിപ്പിടിച്ച കൈപ്പടവും ദുശ്ശാഠ്യവും തമ്മിലെന്തു ബന്ധം എന്നായിരിക്കും നിങ്ങളുടെ സംശയം.
മറുപടി കേട്ടോളൂ:
പണ്ടൊരു വേട്ടക്കാരന്‍ കുരങ്ങിനെ വേട്ടയാടിപ്പിടിക്കാന്‍ കാണിച്ച വേല. വാവട്ടം ചെറുതായ ഒരു ചില്ലുഭരണിയെടുത്ത് അതില്‍ അയാള്‍ ആകര്‍ഷകമായ കുറെ ആപ്പിളുകള്‍ നിക്ഷേപിച്ചു. എന്നിട്ടതു കുരങ്ങുകളുടെ വിഹാരകേന്ദ്രത്തില്‍ കൊണ്ടുപോയി വച്ചു. ഭരണിയില്‍ ആപ്പിളുകള്‍ കണ്ട കുരങ്ങുകളിലൊരുത്തന്‍ മരച്ചില്ലയില്‍നിന്നു ചാടിയോടി വന്ന് അതിലേക്ക് കൈയിട്ടു. കഷ്ടിച്ച് ഒരു കൈക്ക് കടക്കാനുള്ള വ്യാപ്തിയേ ആ ഭരണിയുടെ വായ്ക്കുള്ളൂ. ആപ്പിളില്‍ കൈ മുറുക്കിയ കുരങ്ങന്‍ ആര്‍ത്തിയോടെ അതു പുറത്തെടുക്കാന്‍ നോക്കി. പക്ഷെ കഴിഞ്ഞില്ല. പിന്നെയും പിന്നെയും നോക്കി; കഴിഞ്ഞില്ല. രണ്ടാലൊരു മാര്‍ഗമേ അപ്പോള്‍ മുന്നിലുണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ ആപ്പിള്‍ ഉപേക്ഷിച്ചു കൈ പിന്‍വലിക്കുക. അല്ലെങ്കില്‍ ആപ്പിളില്‍ പിടിമുറുക്കി അങ്ങനെ കഴിയുക.
കുരങ്ങന്‍ ആപ്പിളുപേക്ഷിക്കാന്‍ തയാറായില്ല. അതില്‍ പിടിമുറുക്കിത്തന്നെ അവിടെ നിന്നു. പിന്നിലൂടെ പതുങ്ങിച്ചെന്ന വേട്ടക്കാരന് ഏതായാലും ലക്ഷ്യം നിറവേറ്റാനായി. കുരങ്ങിനെ കൈയോടെ പിടികൂടി. എന്നാല്‍ ആ സമയത്തെങ്കിലുമുണ്ടോ കുരങ്ങന്‍ ആപ്പിളുപേക്ഷിക്കുന്നു. അപ്പോഴും ആപ്പിളില്‍നിന്നു പിടിവിടാന്‍ മനസ് കാണിക്കാത്ത കുരങ്ങ് ഭരണി കൈയില്‍തൂക്കി. തന്റെ കൈ ആപ്പിളിലാണെന്നതിനാല്‍ താന്‍ വേട്ടക്കാരന്റെ കൈയിലായി എന്നതൊന്നും അതിനു പ്രശ്‌നമേ ആയില്ല. എന്തു വന്നാലും ആപ്പിള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്ന വാശി. ആ വാശിയാണു പിന്നീട് മര്‍ക്കടമുഷ്ടിയെന്ന പേരില്‍ അറിയപ്പെട്ടുവന്നത്.
മനുഷ്യര്‍ക്കു മനുഷ്യമുഷ്ടിയാണുണ്ടാകാറുള്ളതെങ്കിലും മനുഷ്യരില്‍ ചിലര്‍ക്കു മര്‍ക്കടമുഷ്ടിയാണുള്ളതെന്നു പറഞ്ഞാല്‍ തെറ്റാകുമെന്നു തോന്നുന്നില്ല. ചെറിയൊരു വിട്ടുവീഴ്ചയ്ക്കു തയാറായാല്‍ രമ്യമായി പരിഹരിക്കാവുന്ന എത്രയോ പ്രശ്‌നങ്ങള്‍ അനാവശ്യമായ വാശിയും ദേഷ്യവും വച്ച് അതിസങ്കീര്‍ണങ്ങളാക്കി മാറ്റുന്നവരുണ്ട്. തങ്ങള്‍ പിടിച്ച മുയലിനു കൊമ്പ് മൂന്ന് എന്ന നിലപാടില്‍നിന്ന് അശേഷം വ്യതിചലിക്കാന്‍ അവര്‍ തയാറല്ല. കൈ മുറിഞ്ഞാലും വേണ്ടില്ല, കത്തിയില്‍നിന്നു പിടിവിടില്ല എന്നാണവര്‍ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് അവര്‍ എന്തു നേടുന്നു എന്നു ചോദിച്ചാല്‍ പലതും നഷ്ടപ്പെടുത്തുന്നു എന്നാണുത്തരം.
ചിലതൊക്കെ വിട്ടുകളയാനും ചിലതിനൊക്കെ വിട്ടുവീഴ്ച ചെയ്യാനും സന്നദ്ധമല്ലാത്തവര്‍ക്കു വിജയം ഒരു വിദൂരസ്വപ്നം മാത്രമായിരിക്കും. ഉയര്‍ന്ന സീറ്റിലിരിക്കണമെങ്കില്‍ താഴ്ന്ന സീറ്റ് ഒഴിവാക്കിയേ മതിയാകൂ. വീട് വിട്ടിറങ്ങാന്‍ ഒരുക്കമുള്ളവര്‍ക്കാണു പ്രപഞ്ചത്തിന്റെ വിശാലതയിലേക്ക് ഇറങ്ങിച്ചെല്ലാനാകുക. പെന്‍സിലിന്റെ അഗ്രത്തില്‍നിന്ന് അല്‍പഭാഗം ചെത്തിയൊഴിവാക്കണം. അപ്പോഴാണ് ഉപയോഗിക്കാന്‍ പാകത്തില്‍ കൂര്‍ത്ത മുന അതിനു കൈവരിക. ഞാന്‍ വാങ്ങിയ പെന്‍സിലിന് ഒരു പോറല്‍പോലും ഏല്‍പിക്കാന്‍ ഒരുക്കമല്ല എന്നു പറഞ്ഞുനിന്നാല്‍ അവനാ മരക്കൊള്ളിയുമായി അങ്ങനെ നില്‍ക്കാം. പെന്‍സില്‍കൊണ്ടുള്ള പ്രയോജനം അവനു ലഭിക്കുകയില്ല. നിലം വിടാതെ ഒരു വിമാനത്തിനും ഉയര്‍ന്നുപറക്കാനാകില്ലതന്നെ. നിന്നിടത്തുനിന്ന് അനങ്ങാതെയിരുന്നാല്‍ ബഹിരാകാശപേടകത്തിന് ഉയരങ്ങളിലേക്കു കുതിച്ചുയരാനാകുമെന്നു കരുതുന്നവര്‍ക്കെല്ലാം തെറ്റി.
മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ പരമസുഖമായിരുന്നു നമുക്കെല്ലാം. ഉത്തരവാദിത്തങ്ങളൊന്നുമുണ്ടായിരുന്നില്ല. ഏതു നേരവും അന്നവും വെള്ളവും കിട്ടും. എപ്പോഴും കിടന്നുറങ്ങാം. ആവശ്യങ്ങള്‍ ഒരാളോടും പറയേണ്ട. പറയാതെ തന്നെ വേണ്ടതെല്ലാം ദൈവം തമ്പുരാന്‍ നമുക്കെത്തിച്ചുതന്നു. ഒന്നു കരയേണ്ട ഗതി പോലും നമുക്കവിടെ ഉണ്ടായില്ല. എന്നാല്‍ ആ സുഖാനന്ദങ്ങള്‍ നിറഞ്ഞ ലോകം വിട്ടുപോന്നപ്പോഴാണു ലോകത്തുള്ള സര്‍വ ജീവജാലങ്ങളും ഗര്‍ഭപാത്രത്തെക്കാള്‍ വിശാലമായ ഈ ലോകത്തെത്തിയത്. അപ്പോള്‍ നമ്മുടെ ജനനം പോലും നമുക്കു നല്‍കുന്ന പ്രഥമവും പ്രധാനവുമായ സന്ദേശം ചിലതൊക്കെ-അതു നിങ്ങള്‍ക്ക് പ്രിയങ്കരമായതാണെങ്കിലും അല്ലെങ്കിലും-വിട്ടൊഴിവാക്കിയെങ്കിലേ പുരോഗതിയിലേക്കു പ്രയാണം നടത്താനാകൂ എന്നതാണ്. വിടാന്‍ മനസില്ലാത്തവര്‍ക്കു വീട്ടില്‍തന്നെ ഇരിക്കാം. അവര്‍ എവിടെയുമെത്തില്ല.
പ്രിയങ്കരമായതെന്തെങ്കിലും നഷ്ടപ്പെട്ടതിന്റെ ദുഃഖചിന്തയില്‍ സദാ വ്യാപരിച്ചിരിക്കുന്നവനോട് 'നീ അതു വിട്, അതിനെക്കാള്‍ നല്ലത് വേറെയും വരും' എന്നു പറഞ്ഞ് അവനെ നാം ആശ്വസിപ്പിക്കാറുണ്ട്. 'അതു നീ വിട് ' എന്ന പ്രയോഗം വളരെ ആഴങ്ങളുള്ളതാണ്. ദുഃഖചിന്തകളില്‍നിന്നു പിടിവിടാതെ അതില്‍തന്നെ കഴിഞ്ഞുകൂടിയാല്‍ അപകടം അവനവനു തന്നെയായിരിക്കും. ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല. മനസിനു സന്തോഷമുണ്ടാവില്ല. ജീവിതത്തോടുതന്നെ മടുപ്പും വിരക്തിയുമുണ്ടാകും. അതിനാല്‍ വേണ്ടാചിന്തകളില്‍നിന്നു പിടിവിട്ടേ മതിയാകൂ.
ഭരണിയില്‍ കിടക്കുന്നത് ആപ്പിളുകളാണെന്നതാണു നമ്മെ ചതിച്ചുകളയുന്നത്. ആ ആപ്പിളുകള്‍ ഉപേക്ഷിക്കുന്നതാണ് അതില്‍ പിടിമുറുക്കുന്നതിനെക്കാള്‍ ഗുണകരം എന്ന സത്യം എന്തുകൊണ്ടോ നമ്മള്‍ അറിയാതെപോകുന്നു. വാശിയോടെ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയെന്നതാണു നമുക്ക് ആപ്പിള്‍. എന്നാല്‍, അതു തല്‍ക്കാലം വേണ്ടെന്നുവച്ചു വിട്ടുവീഴ്ചയ്ക്കു മുതിര്‍ന്നാല്‍ പതിന്മടങ്ങ് നേട്ടങ്ങളുണ്ടാകും. ജീവന്‍ തന്നെ സുരക്ഷിതമായിരിക്കും. പക്ഷെ, അതു നാം ചിന്തിക്കുന്നില്ല.
സുഖവും സന്തോഷവുമാണു നമുക്കു വേണ്ടതെങ്കില്‍ പിടിവാശി വേണ്ടേവേണ്ട. അല്‍പം ഉയര്‍ന്നും വിശാലമായും ചിന്തിക്കാനുള്ള പക്വത പ്രകടിപ്പിച്ചാല്‍ പിടിച്ച വാശിയില്‍നിന്നു പിടിവിടാന്‍ ഒരു പ്രയാസവും തോന്നില്ല. പിടിവിട്ടുകഴിഞ്ഞാല്‍ ഒരു നഷ്ടവും ഏല്‍ക്കാതെ നമുക്ക് ഉയരങ്ങളിലേക്കുയരുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."