എന്‍.ആര്‍.സി: വ്യക്തത തേടി മുസ്‌ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുമ്പോള്‍ എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട നിലപാടില്‍ വ്യക്തത തേടി മുസ്‌ലിംലീഗ് സുപ്രിം കോടതിയെ സമീപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് രാംലീല മൈതാനിയില്‍ മോദി പ്രസംഗിക്കുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗിന്റെ കേസ് 22നാണ് സുപ്രിം കോടതിയില്‍ എത്തുന്നത്. ഇതിനു മുമ്പായി കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ വ്യക്തത തേടി സുപ്രിം കോടതിയില്‍ ഹരജി നല്‍കും.
ജനങ്ങള്‍ക്കു മുമ്പില്‍ മാറ്റിയും തിരുത്തിയും പറയുകയും രഹസ്യമായി പലതും നടപ്പാക്കുകയും ചെയ്യുന്നവര്‍ക്ക് സുപ്രിം കോടതിയോട് സത്യം പറയേണ്ടിവരും. യു.പി.എ കാലത്ത് തടങ്കല്‍ പാളങ്ങള്‍ ഉണ്ടാക്കിയെന്ന അമിത് ഷായുടെ വാദം നിരര്‍ഥകമാണ്.
തടങ്കല്‍ പാളയങ്ങളും ജയിലുകളും ഉണ്ടാക്കുന്നു എന്നതിനെക്കാള്‍ ഒരു വിഭാഗത്തെ അതിലേക്ക് തള്ളിയിടാനുള്ള നിയമം ഉണ്ടാക്കി എന്നതാണ് പ്രധാനം. രാജ്യത്തെ പൗരന്മാരെ വിഭജിക്കുന്നതും വിവേചനത്തോടെ സമീപിക്കുന്നതുമായി നിയമം ഇപ്പോഴാണ് വന്നത്. അതാണ് ആശങ്ക ഉണ്ടാക്കുന്നത്.ഒരു വിഭാഗത്തെ രണ്ടാം തരക്കാരാക്കുന്ന പൗരത്വ നിയമ ഭേദഗതിക്ക് എതിരായ നിയമത്തിന് എതിരെ രാജ്യത്താകെ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. ഭരണകൂടം മാരകമായി അടിച്ചൊതുക്കുകയാണ് പലയിടത്തും. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ പൊലിസിനെ ഉപയോഗിച്ച് നിരപരാധികളെ വീടുകള്‍ കയറി കൊന്നൊടുക്കുകയാണ്. കഴിഞ്ഞ 20 നാണ് മീററ്റില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ പൊലിസ് വെടിവച്ച് കൊന്നത്.
മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം യു.പിയിലെ മീററ്റ്, കാണ്‍പൂര്‍, ലക്‌നൗ, ബിജ്‌നോര്‍, സംഭല്‍ എന്നീ വംശഹത്യ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കണ്ടത്. 23 പേരെയാണ് വെടിവച്ചും തല്ലിയും കൊലപ്പെടുത്തിയത്. നൂറുകണക്കിനു പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ക്ക് ചികിത്സയും അഭയവും നല്‍കേണ്ട പൊലിസ്, പ്രക്ഷോഭത്തില്‍ പങ്കെടുത്തുവെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും ആരോപിച്ച് സ്വത്തുക്കള്‍ പിടിച്ചെടുക്കുകയാണ്.
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇരകള്‍ക്ക് റിലീഫും നിയമ സഹായവും ലഭ്യമാക്കുന്നുണ്ട്.
കര്‍ണ്ണാടകയില്‍ നിരപരാധികളെ വെടിവച്ച് കൊന്ന പൊലിസ് മാധ്യമ പ്രവര്‍ത്തകരെ പോലും വേട്ടയാടി. ഇത്തരം അടിച്ചമര്‍ത്തുകള്‍ ഫലം കാണില്ലെന്നാണ് ഭരണഘടന സംരക്ഷിക്കാനുള്ള ജനങ്ങളുടെ വമ്പിച്ച മുന്നേറ്റം സാക്ഷ്യപ്പെടുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."