പതറാതെ ഓസീസ്
പെര്‍ത്ത്: തകര്‍പ്പന്‍ തുടക്കം. തുടരെ വിക്കറ്റ് വീഴ്ച. വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി പിടിമുറുക്കുക. പെര്‍ത്ത് ടെസ്റ്റില്‍ ഓസീസ് ബാറ്റിങ് നിരയുടെ പ്രകടനം സമ്മിശ്രമായിരുന്നു. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരേ ആസ്‌ത്രേലിയക്ക് മികച്ച തുടക്കം. ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സുമായി ആദ്യദിനം ഓസീസ് ബാറ്റിങ് അവസാനിപ്പിച്ചു. പേസര്‍മാരെ തുണയ്ക്കുമെന്ന് പ്രതീക്ഷിച്ച പെര്‍ത്തിലെ പിച്ചില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്.
ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാരായ മാര്‍ക്കസ് ഹാരിസും ആരോണ്‍ ഫിഞ്ചും ഓസീസിന് മികച്ച തുടക്കം സമ്മാനിച്ചു. ഓപ്പണിങ് കൂട്ടുക്കെട്ട് 112 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 105 ബോളില്‍ 50 റണ്‍സ് നേടിയ ഫിഞ്ചിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. അര്‍ധ സെഞ്ചുറി നേടിയ ഫിഞ്ചിനെ ജസ്പ്രീത് ബുമ്ര എല്‍.ബി.ഡബ്ല്യൂവില്‍ കുരുക്കി. 35.2 ഓവര്‍ എറിയേണ്ടി വന്നു ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് ആദ്യ വിക്കറ്റ് കണ്ടെത്താന്‍. നിലയുറപ്പിക്കും മുന്‍പേ ഉസ്മാന്‍ ഖവാജയെ വീഴ്ത്തി ഉമേഷ് യാദവും ആഞ്ഞടിത്തു. സ്‌കോര്‍ 130 ല്‍ നില്‍ക്കേയാണ് ഖവാജ അഞ്ചു റണ്ണുമായി ഋഷഭ് പന്തിന് പിടികൊടുത്ത് പുറത്തായത്. തൊട്ടുപിന്നാലെ മാര്‍ക്ക് ഹാരിസിനെ അജിങ്ക്യാ രഹാനെയുടെ കൈകളില്‍ എത്തിച്ച് ഹനുമ വിഹാരി ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. 141 പന്തില്‍ 70 റണ്‍സ് നേടിയാണ് ഹാരിസ് പുറത്തായത്. ഓസീസ് സ്‌കോര്‍ 148 ല്‍ നില്‍ക്കേ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും കൂടാരം കയറി. ഏഴു റണ്‍സെടുത്ത് നില്‍ക്കേ ഇഷാന്ത് ശര്‍മയുടെ പന്തില്‍ വിരാട് കോഹ്‌ലിക്ക് പിടികൊടുത്താണ് കോംബ് മടങ്ങിയത്. നാല് വിക്കറ്റ് നഷ്ടമായ ഓസീസ് പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വരുന്ന കാഴ്ചയായിരുന്നു. ഷോണ്‍ മാര്‍ഷും (45) ട്രാവിസ് ഹെഡും (58) ചേര്‍ന്ന് ആസ്‌ത്രേലിയന്‍ സ്‌കോര്‍ 232 ല്‍ എത്തിച്ചു. ഒടുവില്‍ ഹനുമ വിഹാരിയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. രഹാനെയ്ക്ക് പിടികൊടുത്ത മാര്‍ഷ് 98 പന്തില്‍ 45 റണ്‍സുമായി മടങ്ങി. സ്‌കോര്‍ 251 ല്‍ നില്‍ക്കേ 80 പന്തില്‍ 58 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ ഇഷാന്ത് ശര്‍മയുടെ പന്തില്‍ മുഹമ്മദ് ഷമി പിടിച്ചു പുറത്താക്കി. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ടിം പെയ്‌നും(16) പാറ്റ് കമ്മിന്‍സും (11) ആണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മയും ഹനുമ വിഹാരിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു സ്‌പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെയാണ് ഇന്ത്യ പെര്‍ത്തില്‍ ഓസീസിനെ നേരിടാന്‍ ഇറങ്ങിയത്. പരുക്കേറ്റ അശ്വിന് പകരം ഉമേഷ് യാദവ് ടീമിലെത്തി. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ഇത് മൂന്നാം തവണയാണ് ഒരു സ്‌പെഷലിസ്റ്റ് സ്പിന്നര്‍ ഇല്ലാതെ ഇന്ത്യ കളിക്കുന്നത്. സ്പിന്നില്ലാതെ ഈ സീസണില്‍ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റ് കൂടിയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജൊഹാന്നാസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യ സ്പിന്നറെ ഉള്‍പ്പെടുത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."