കെ.എസ്.ആര്‍.ടി.സിയുടെ കടം 6974.16 കോടി രൂപ
പെരുമ്പാവൂര്‍: നാഥനില്ലാ പരിഷ്‌കാരങ്ങള്‍മൂലം കെ.എസ്.ആര്‍.ടി.സിയുടെ കടബാധ്യത 6974.16 കോടി രൂപ കടന്നു. 2019 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്.
ബസ്, ടയര്‍, സ്‌പെയര്‍ എന്നിവയുടെ വിതരണക്കാര്‍ക്കും, ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കുടിശ്ശികയും ചേര്‍ത്ത് 319.74 കോടി രൂപ, പാലിയേക്കര ടോള്‍ കുടിശ്ശിക 77.60 കോടി രൂപ, 2013 ലെ ഡീസല്‍ വില വ്യത്യാസത്തില്‍ 54.40 കോടി രൂപ, ജി.എസ്.ടി, എസ്.ബി.ഐ ക്യാപ്‌സിന്റെ കുടിശ്ശിക ഇനത്തില്‍ 12.75 കോടി രൂപ. ഇതുകൂടാതെ
ബാങ്ക് കണ്‍സോര്‍ഷ്യം വായ്പയുടെ ബാലന്‍സ് 3043.67 കോടി രൂപയും ചേര്‍ത്ത് 3508.16 കോടി രൂപയും എം.എ.സി.ടി കേസുകളില്‍ ഏകദേശം 50 കോടി രൂപയുടെ ക്ലെയിം കുടിശ്ശികയുമുണ്ട്. ഓയില്‍ കമ്പനികളും കെ.എസ്.ആര്‍.ടി.സി യുമായുള്ള കരാര്‍ പ്രകാരം അനുവദനീയമായ ഡ്യൂ ആകാത്ത 135 കോടി രൂപയുടെ കടവും പുറമെയുണ്ട്. ഇതിനുപുറമെ സര്‍ക്കാര്‍ വായ്പ ഇനത്തില്‍ 2008 മുതല്‍ 2019 സാമ്പത്തിക വര്‍ഷംവരെ അനുവദിച്ച 3281 കോടി രൂപയും ബാധ്യതയാണ്.
കെ.എസ്. ആര്‍.ടി.സിക്ക് 3100 കോടി രൂപയുടെ ബാങ്ക് വായ്പയാണ് ബാങ്കുകളുടെകണ്‍സോര്‍ഷ്യത്തില്‍ നിന്നും നിലവിലുള്ളത്. വായ്പനല്‍കിയിട്ടുള്ള സ്ഥാപനങ്ങളും തുകയും ഇപ്രകാരമാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( 1000 കോടി), ബാങ്ക് ഓഫ് ബറോഡ (500 കോടി), ആന്ധ്ര ബാങ്ക് (500 കോടി) ,യൂനിയന്‍ ബാങ്ക് (300 കോടി) ലക്ഷ്മി വിലാസ് ബാങ്ക് (150 കോടി), കെ.ടി.ഡി.എഫ്.സി (150 കോടി), കാനറ ബാങ്ക് ( 500 കോടി). ഇതെല്ലാം ബാധ്യതയായുള്ളപ്പോള്‍, 2018നെ അപേക്ഷിച്ച് പ്രതിദിന കലക്ഷനില്‍ എട്ടു ലക്ഷം രൂപയുടെ കുറവാണുള്ളത്. 2018ല്‍ 6.22 കോടി ദിനംപ്രതി കിട്ടിയിരുന്നുവെങ്കില്‍ ഇപ്പാഴിത് 6.14 കോടിയായി താഴ്ന്നു.
സര്‍വിസ് നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയും ഒപ്പം തോന്നുംപടിയുള്ള പരിഷ്‌കാരങ്ങളുമാണ് വരുമാനമിടിയാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍.
ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വൈദ്യുതി ബസുകളും കെ.എസ്.ആര്‍.ടി.സി.ക്ക് ബാധ്യതയാകുകയാണ്. പരിസ്ഥിതിസൗഹൃദവും ശബ്ദരഹിതവുമെന്ന പേരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്ന ഇവ നഷ്ടത്തിലാണ് ഓടുന്നത്.
ഒക്ടോബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം ഒരുദിവസം ഒരു ബസിന് ശരാശരി വരുമാനം 15,707 രൂപമാത്രമാണ്. ചാര്‍ജിങ് തുകയും വാടകയും ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുമെല്ലാംകൂടി കൂട്ടുമ്പോള്‍ സര്‍വിസ് ലാഭമല്ലാതാകുകയാണ്.
ബസിന്റെ വാടക തന്നെയാണ് പ്രധാന ബാധ്യത. വെറ്റ് ലീസ് വ്യവസ്ഥയില്‍ ലഭ്യമാക്കിയ ബസ് ഒരു കിലോമീറ്റര്‍ ഓടുന്നതിന് 43.26 രൂപയാണ് കോര്‍പറേഷന്‍ നല്‍കേണ്ട വാടക.
തിരുവനന്തപുരത്തുനിന്ന് എറണാകുളംവരെ ഓടുന്ന ബസിന് വാടക ഇനത്തില്‍ മാത്രം 9000 രൂപയ്ക്ക് മുകളില്‍വരും. ചാര്‍ജിങ്ങിനായി ഒരു ബസിന് ദിവസം 2500 രൂപയ്ക്ക് മുകളില്‍ ചെലവുവരുന്നുണ്ട്.
നിലവിലെപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി ഭരണപക്ഷ-പ്രതിപക്ഷ സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുമ്പോഴും പൊരുത്തപ്പെടാത്ത കണക്കുകളുടെ കുരുക്കിലാണ് കെ.എസ്.ആര്‍.ടി.സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."