വനിതാ മതില്‍ സംഘാടകസമിതി രൂപീകരണ യോഗം,കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് വിവാദത്തില്‍
രാജു ശ്രീധര്‍#
കൊല്ലം: വനിതാമതില്‍ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ കെ.പി.സി.സി വിലക്ക് ലംഘിച്ച് നേതാക്കള്‍ പങ്കെടുത്തത് വിവാദമാകുന്നു. കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങളായ മോഹന്‍ ശങ്കറും പി. രാമഭദ്രനുമാണ് യോഗത്തില്‍ പങ്കെടുത്തത്.
വനിതാമതിലിന്റെ കൊല്ലം ജില്ലാ സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് ഇവര്‍ പങ്കെടുത്തത്. വനിതാമതില്‍ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന കെ.പി.സി.സിയുടെ നിര്‍ദേശം മറികടന്നാണ് ഇരുവരും കൊല്ലം കലക്ടറേറ്റില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പങ്കെടുത്തത്. മോഹന്‍ ശങ്കര്‍ എസ്.എന്‍.ഡി.പിയുടെ പ്രതിനിധിയായാണ് യോഗത്തില്‍ പങ്കെടുത്തത്. എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്‍ പ്രസിഡന്റ് കൂടിയാണ് മോഹന്‍ ശങ്കര്‍.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊല്ലം എസ്.എന്‍ കോളജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ആര്‍. ശങ്കര്‍ പ്രതിമാ സമര്‍പ്പണ ചടങ്ങില്‍നിന്ന് മോഹന്‍ ശങ്കറും കുടുംബാംഗങ്ങളും വിട്ടുനിന്നിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ബഹിഷ്‌കരണം.
വനിതാമതിലില്‍ നിന്ന് വിട്ടുനിന്നാല്‍ എസ്.എന്‍.ഡി.പിയോഗത്തില്‍നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് വെള്ളാപ്പള്ളി നടേശന്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാതലത്തിലാണ് മോഹന്‍ ശങ്കര്‍ യോഗത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ സീറ്റിലേക്ക് മോഹന്‍ ശങ്കറിനെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. മുന്‍പ് കോട്ടയം മണ്ഡലത്തില്‍ പ്രമുഖ സി.പി.എം നേതാവായിരുന്ന ടി.കെ രാമകൃഷ്ണനെതിരേ മോഹന്‍ ശങ്കര്‍ മത്സരിച്ചിട്ടുണ്ട്. ഇടക്കാലത്ത് ബി.ജെ.പിയിലേക്ക് ചേക്കേറിയ അദ്ദേഹം പിന്നീട് പാര്‍ട്ടിയില്‍ മടങ്ങിയെത്തുകയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു.
കേരള ദലിത് ഫെഡറേഷന്‍ പ്രസിഡന്റായ പി. രാമഭദ്രന്‍ കഴിഞ്ഞ കുറച്ചുനാളായി കെ.പി.സി.സി യോഗങ്ങളില്‍ പങ്കെടുക്കാറില്ല. മാവേലിക്കര പാര്‍ലമെന്റ് സീറ്റില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി രാമഭദ്രനെ മത്സരിപ്പിക്കാന്‍ നീക്കമുണ്ടെന്ന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."