മുക്കത്ത് പ്ലാസ്റ്റിക് നിരോധനത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ്
മുക്കം: മുക്കം നഗരസഭയില്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനെതിരേ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നിലപാട് തള്ളി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത്.
സമീപ പഞ്ചായത്തുകളിലൊന്നും നിരോധനം നടപ്പാക്കാതെ മുക്കത്ത് മാത്രം നടപ്പാക്കുന്നത് വ്യാപാരികളോടുള്ള വെല്ലുവിളിയാണെന്ന് മണ്ഡലം പ്രസിഡന്റ് ജുനൈദ് പാണ്ടികശാല പാഞ്ഞു. നഗരസഭയിലെ യു.ഡി.എഫിലേതുള്‍പ്പെടെ മുഴുവന്‍ കൗണ്‍സിലര്‍മാരും ഒന്നിച്ചെടുത്ത തീരുമാനത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ജനപ്രതിനിധികള്‍ ജനങ്ങളുടെ പക്ഷത്താണ് നില്‍ക്കേണ്ടതെന്നും കോണ്‍ഗ്രസ് ഒരു തീരുമാനമെടുത്തെന്ന് കരുതി യൂത്ത് കോണ്‍ഗ്രസ് ജനപക്ഷ നിലപാടില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും ജുനൈദ് പാണ്ടികശാല പറഞ്ഞു.
തീരുമാനം തിരുത്താന്‍ നഗരസഭാധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വ്യാഴാഴ്ച പ്ലാസ്റ്റിക് നിരോധന കാര്യം വിശദീകരിക്കുന്നതിനായി മുക്കത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കോണ്‍ഗ്രസ് കൗണ്‍സിലര്‍ പങ്കെടുത്തതും വിവാദമായിട്ടുണ്ട്. പദ്ധതിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതാണെങ്കിലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.
നിരോധനത്തിന് വിദ്യാലയങ്ങളുടെ പിന്തുണ
മുക്കം: പ്ലാസ്റ്റിക്ക് നിരോധനത്തിന് വിദ്യാലയങ്ങളുടെ പിന്തുണ. നഗരസഭാ ഹാളില്‍ ചെയര്‍മാന്‍ വി. കുഞ്ഞന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് 43 വിദ്യാലയ മേലധികാരികള്‍ പിന്തുണ അറിയിച്ചത്.
വിദ്യാലയങ്ങള്‍ തനതായ രീതിയില്‍ പ്ലാസ്റ്റിക് നിയന്ത്രണ പരിപാടിയുടെ ബോധവല്‍ക്കരണത്തിലും പ്രചാരണത്തിലും പങ്കാളികളാവും. നിരോധനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാജാഥ, തെരുവ് നാടകം, ഫ്‌ളാഷ് മോബ്, ഡോക്യുമെന്ററികളും പ്ലാസ്റ്റിക്ക് ബദലായ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള പ്രചാരണം എന്നിവയുമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഹകരിക്കും.
വൈസ് ചെയര്‍പേഴ്‌സണ്‍ ഹരിദ മോയിന്‍കുട്ടി, പ്രശോഭ് കുമാര്‍, വി. ലീല, മുക്കം വിജയന്‍, എന്‍.കെ ഹരീഷ്, മധുസൂദനന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."