HOME
DETAILS

ഭരണഘടനാ കോടതിയില്‍നിന്ന് ഭരണകൂട കോടതിയിലേക്ക്

  
backup
December 28 2019 | 01:12 AM

km-shajahan-todays-article-28-12-2019

 

 


കശ്മിര്‍ വിഷയത്തില്‍ ഒരു കൂട്ടം റിട്ട് ഹരജികളില്‍ വിധി പ്രഖ്യാപിക്കുന്നത് സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് നീട്ടിവച്ചിരിക്കുകയാണ്. ജഡ്ജിമാരായ എന്‍.വി രമണ, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധിപ്രഖ്യാപനം ജനുവരിയിലേക്ക് മാറ്റിയത്. കശ്മിരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയുടെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്യുന്ന ഹരജികള്‍, ഓഗസ്റ്റ് 5 മുതല്‍ കശ്മിരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍, വിവിധ നേതാക്കളെ തടവിലാക്കിയതിന് എതിരേ നല്‍കപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹരജികള്‍ എന്നിവയാണ് സുപ്രിംകോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഈ ഹരജികളിന്മേല്‍ വിശദമായി വാദം നടക്കുകയും, വാദം നവംബര്‍ 27 ന് പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. 70 ലക്ഷം വരുന്ന ജനതയുടെ പൗരാവകാശങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാന വിഷയമായതിനാല്‍ ഗൗരവസ്വഭാവം ഉള്‍ക്കൊണ്ട് സുപ്രിംകോടതി കശ്മിര്‍ വിഷയത്തില്‍ ഉടന്‍ വിധി പ്രഖ്യാപിക്കും എന്നായിരുന്നു പൊതുവേയുണ്ടായിരുന്ന ധാരണ.
ഭരണഘടന അനുശാസിക്കുന്ന പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഭരണഘടനാ കോടതിയായ സുപ്രിംകോടതി ഭരണകൂട താല്‍പര്യം സംരക്ഷിക്കുന്ന ഭരണകൂട കോടതിയായി മാറുകയാണോ എന്ന പ്രസക്തമായ ചോദ്യം ഗൗതം ഭാട്ടിയയെ പോലെയുള്ള നിയമരംഗത്തെ ബുദ്ധിജീവികള്‍ ഉന്നയിച്ചിരുന്നു. കശ്മിര്‍ വിഷയം സുപ്രിംകോടതി കൈകാര്യം ചെയ്യുന്ന രീതി പരിശോധിച്ചാല്‍ ഇക്കാര്യം ഏറെ വ്യക്തമാകും എന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. കശ്മിര്‍ വിഷയം സുപ്രിംകോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഇതിന് ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജാ മുഫ്തി തന്റെ മാതാവിന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (1) (ഡി) പ്രകാരം സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണം എന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ വാദം നടക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പരാതിക്കാരിയുടെ അഭിഭാഷകയോട് ചോദിച്ചത് ശ്രീനഗര്‍ തണുപ്പുള്ള പ്രദേശമാണ് നിങ്ങള്‍ എന്തിനാണ് അവിടെ ചുറ്റിക്കറങ്ങുന്നത് എന്നാണ്. ഭരണഘടനയില്‍ പൗരന് അനുവദിച്ചിരിക്കുന്ന പൗരാവകാശം ലംഘിക്കപ്പെട്ടതിനെതിരേ മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന് മുന്നില്‍ പരാതിയുമായി നില്‍ക്കുമ്പോള്‍ ആ കോടതിയിലെ ചീഫ് ജസ്റ്റിസ് എത്ര ലാഘവത്തോടെയാണ് ഈ അതീവ ഗൗരവമുള്ള വിഷയത്തെ കാണേണ്ടത്?
കശ്മിര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട പൗരാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വാദം കേള്‍ക്കാന്‍ വസ്തുതര്‍ക്കം ഉള്‍പ്പെടുന്ന അയോധ്യാ കേസ് കേള്‍ക്കേണ്ടതിനാല്‍ തങ്ങള്‍ക്ക് സമയമില്ല എന്നും സുപ്രിംകോടതി പറയുകയുണ്ടായി. ഭരണഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പൗരന്മാരുടെ മൗലികാവകാശവും പൗരാവകാശങ്ങളും ഉറപ്പാക്കുന്നതിന് പകരം ഭരണകൂട താല്‍പര്യങ്ങളാണോ സുപ്രിംകോടതി സംരക്ഷിക്കുന്നത് ?

ഉയരുന്നത് ഭരണകൂട വാദങ്ങള്‍
ഓഗസ്റ്റ് 16ന് കശ്മിര്‍ ടൈംസ് എന്ന മാധ്യമത്തിന്റെ എഡിറ്ററായ അനുരാധ ഭാസിന്‍ സമര്‍പ്പിച്ച ഒരു ഹരജി പരിഗണിക്കവെ എസ്.എ ബോബ്‌ദെ എന്ന ജഡ്ജി പറഞ്ഞത് സുരക്ഷാ കാരണങ്ങളാല്‍ നിയന്ത്രണമേര്‍പ്പെടുത്താമെന്നായിരുന്നു. ജസ്റ്റിസ് ബോബ്‌ദേ ഇന്ന് സുപ്രിംകോടതിയുടെ ചീഫ് ജസ്റ്റിസാണ്. ഏത് രേഖകളുടെ അടിസ്ഥാനത്തിലാണ് ബോബ്‌ദെ ഈ പരാമര്‍ശം നടത്തിയത്?
മറ്റൊരു അവസരത്തില്‍ കശ്മിരില്‍ ഹുസേഫ അഹമ്മദി എന്ന അഭിഭാഷകന് ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നടത്തിയ പരാമര്‍ശങ്ങള്‍ നിയമവൃത്തങ്ങളാകെ ഞെട്ടിക്കുന്നതായിരുന്നു. ആവശ്യമെങ്കില്‍ ഞാന്‍ വ്യക്തിഗതമായി പോയി അന്വേഷിക്കും, ജമ്മു കശ്മിര്‍ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമായി സംസാരിക്കും എന്നായിരുന്നു. ഒരു ജഡ്ജിക്ക് ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍ അന്വേഷിക്കാനോ പരിശോധിക്കാനോ ആവില്ല എന്നും തന്റെ മുന്നിലുള്ള രേഖകള്‍ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ എന്നുമുള്ള നഗ്‌നമായ സത്യം ലംഘിച്ച് കൊണ്ടാണ് സുപ്രിംകോടതി ന്യായാധിപന്‍ ഇങ്ങനെ പറഞ്ഞത്.
കശ്മിരുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവുകളിലെല്ലാം പൗരാവകാശ ലംഘനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പകരം മുന്തിനില്‍ക്കുന്നത് കോടതിയുടെ അത്യുല്‍ക്കടമായ ദേശീയ താല്‍പര്യം, ആഭ്യന്തര സുരക്ഷിതത്വം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളാണ്. പക്ഷേ, ഇതിനുള്ള തെളിവുകളുടെ അഭാവം നമുക്ക് കാണാതിരിക്കാനാവില്ല.
ഹേബിയസ് കോര്‍പ്പസ്
ഭരണഘടനയില്‍ നിന്ന് റദ്ദാക്കപ്പെട്ടോ?
കശ്മിര്‍ വിഷയവുമായി ബന്ധപ്പെട്ട് പരിഗണിച്ച ഹേബിയസ് കോര്‍പ്പസ് ഹരജികളില്‍ സുപ്രിം കോടതിയെടുത്ത നിലപാടുകള്‍ വെല്ലുവിളിക്കപ്പെടാത്ത ഭരണകൂട കോടതിയായി കോടതി രൂപാന്തരപ്പെടുകയാണെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഭരണഘടന, ഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരേ പോരടിക്കാന്‍ പൗരന് നല്‍കിയിരിക്കുന്ന ആയുധമാണ് ഹേബിയസ് കോര്‍പ്പസ്. പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാന്‍ ഭരണഘടന നല്‍കിയിട്ടുള്ള അവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹേബിയസ് കോര്‍പ്പസ് ഹരജികള്‍. ഇത്തരം ഹരജികള്‍ക്ക് കോടതി ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കണം എന്ന് വിഖ്യാത ന്യായാധിപനായ ലോഡ് ഡെന്നിങ്ങ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു ബാരിസ്റ്റര്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കുന്നു എന്ന് വ്യക്തമാക്കിയാല്‍ ഉടനടി ജഡ്ജി മറ്റെല്ലാ നടപടികളും മാറ്റിവച്ച് ഈ ഹരജി പരിഗണിക്കണം എന്നാണ് ലോര്‍ഡ് ഡെന്നിങ്ങ്‌സ് വ്യക്തമാക്കുന്നത്.
ഹേബിയസ് കോര്‍പ്പസ് എന്നാല്‍ (ശരീരം ഹാജരാക്കുക) എന്നാണര്‍ഥം. ഇത്തരം ഹരജി ആര്‍ക്ക് വേണ്ടിയാണോ നല്‍കുന്നത് ആ വ്യക്തിയെ കോടതിയില്‍ ഹാജരാക്കണം. വ്യക്തിയെ തടവിലാക്കിയിട്ടുണ്ടെങ്കില്‍ അത് കോടതിയെ ബോധ്യപ്പെടുത്തണമെന്നത് തടവിലാക്കിയവരുടെ ചുമതലയാണ്. നിയമപരമായ ന്യായീകരണങ്ങള്‍ എന്നാല്‍ കശ്മിര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച എല്ലാ ഹേബിയസ് കോര്‍പ്പസ് ഹരജികളിലും ഇത്തരം ഹരജികള്‍ക്ക് നല്‍കേണ്ട പ്രാധാന്യത്തെ അപ്രസക്തമാക്കുന്ന തീരുമാനങ്ങളാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്.
തന്റെ പ്രായാധിക്യമുള്ള മാതാപിതാക്കളുമായി ബന്ധപ്പെട്ട് കശ്മിരിലെ മുഹമ്മദ് അലീം സെയ്ത്, യൂസഫ് തരിഗാമിയെ ഹാജരാക്കാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, തന്റെ മാതാവും ജമ്മുകശ്മിര്‍ മുഖ്യമന്ത്രിയായിരുന്ന മെഹബൂബാ മുഫ്തിയെ കാണാന്‍ മകള്‍ ഇല്‍ത്തിജ മുഫ്തി, യൂസഫ് തരിഗാമിയെ ഹാജരാക്കാന്‍ ഗുലാം നബി ആസാദ് എന്നിവര്‍ സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചു. ഹരജികളുടെ ഗൗരവം പരിഗണിച്ച് അടിയന്തരമായി പരിഗണിക്കുന്നതിന് പകരം കോടതി മാറ്റിവക്കുകയായിരുന്നു. ഇതിലൂടെ ഭരണഘടനാപരമായ അവകാശങ്ങളാണ് ഹനിക്കപ്പെടുന്നത് എന്ന കാര്യം ഇന്ത്യയിലെ പരമോന്നത കോടതിക്ക് വിഷയമാകുന്നില്ല.
ഇതില്‍ ഞെട്ടിക്കുന്ന അനുഭവമാണ് യുസുഫ് തരിഗാമിയുമായി ബന്ധപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സമര്‍പ്പിച്ച കേസില്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ഈ കേസില്‍ യച്ചൂരിയുടെ വാദം കേട്ടതിനു ശേഷം തരിഗാമിയെ കോടതിയില്‍ ഹാജരാക്കുകയും അദ്ദേഹത്തെ തടവിലാക്കിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതിന് പകരം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങുന്ന ബെഞ്ച്, സീതാറാം യച്ചൂരിയെ തരിഗാമിയെ സന്ദര്‍ശിക്കാന്‍ സമ്മതിക്കുകയും കശ്മിരില്‍ വച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുത് എന്ന നിബന്ധനയോടെ തിരികെ കോടതിയോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (1) (ഡി) രാജ്യത്തെ ഭൂപ്രദേശത്തെ ഏതൊരു പൗരനും ഇന്ത്യയില്‍ എവിടെയും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ അനുവാദം നല്‍കുന്നു. കശ്മിരില്‍ ആര്‍ട്ടിക്കിള്‍ 19 (1) (ഡി) സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടില്ല. ജമ്മുകശ്മിര്‍ ഇന്ത്യയുടെ ഭാഗമാണ്. സീതാറാം യച്ചൂരി ഇന്ത്യന്‍ പൗരനുമാണ്. ആ സാഹചര്യത്തില്‍ യച്ചൂരിക്ക് കശ്മിരിലേക്ക് യാത്ര ചെയ്യാനും തരിഗാമിയെ കാണാനും തിരികെ കോടതിയോട് റിപ്പോര്‍ട്ട് ചെയ്യാനും പറയാന്‍ സുപ്രിം കോടതിക്ക് എന്ത് അവകാശമെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
ഹേബിയസ് കോര്‍പ്പസിന്റെ അധികാരങ്ങള്‍ എവിടെ? അത് ആര്‍ട്ടിക്കിള്‍ 21ല്‍ നിന്ന് ഒഴിവാക്കപ്പെട്ടോ എന്നാണ് അറിയേണ്ടത്. പക്ഷേ ഇതിനൊന്നും ഒരു മറുപടിയും സുപ്രിം കോടതിയില്‍ നിന്ന് ഉണ്ടാകുന്നില്ല. രഞ്ജന്‍ ഗൊഗോയ് ഒരു മറുപടിയും നല്‍കിയില്ല. ഹേബിയസ് കോര്‍പ്പസിന് എന്ത് സംഭവിച്ചു എന്നതിന് ഒരു കാരണവും ആരും പറഞ്ഞില്ല. ഭരണഘടനാപരമായ സാധ്യതയില്ലാതെ മൗലികാവകാശത്തെ കോടതിയുടെ താല്‍പര്യത്തിന്റെ വരുതിയിലാക്കിയ അസാധാരണ ഉത്തരവിന് ഒരു ന്യായീകരണവും ലഭിച്ചില്ല. ഈ തീരുമാനത്തിലൂടെ ചീഫ് ജസ്റ്റിസ് ഭരണഘടനയില്‍ നിന്ന് കോടതിയെ വിമോചിപ്പിക്കുകയായിരുന്നെന്ന് ഗൗതം ഭാട്ടിയ പറയുന്നു. നിയമത്തിലെ ഒരു ലാറ്റിന്‍ ആപ്തവാക്യം ഉദ്ധരിച്ചുകൊണ്ടാണ് ഭാട്ടിയ, ഇത് സംബന്ധിച്ച ഒരു ലേഖനം അവസാനിപ്പിക്കുന്നത്. അത് ഇപ്രകാരമാണ്; ഒന്നുകില്‍ ചക്രവര്‍ത്തി, അല്ലെങ്കില്‍ ഒന്നുമില്ല. ഒന്നുകില്‍ സീസര്‍, അല്ലെങ്കില്‍ ഒന്നുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago