ജനജീവിതത്തെ വലച്ചു അനാവശ്യ ഹര്‍ത്താലിനെ തള്ളി ജനം
കോഴിക്കോട്: ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് നഗരങ്ങളില്‍ തണുത്ത പ്രതികരണം. എന്നാല്‍ മലയോര മേഖലയില്‍ ജനജീവിതത്തെ വലച്ചു. നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. രാവിലെ ചെലവൂരിന് സമീപം റോഡില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ കത്തിച്ച് ഗതാഗതം തടയാന്‍ ശ്രമിച്ചെങ്കിലും പൊലിസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. ഹര്‍ത്താലിനെ ജനങ്ങള്‍ തള്ളുന്ന കാഴ്ചയാണ് കണ്ടത്. രാവിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വിസ് നടത്തിയിരുന്നു. നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. നഗരത്തില്‍ മുതലക്കുളത്തും മെഡിക്കല്‍ കോളജിലും ഹര്‍ത്താലിനെ അനുകൂലിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഹര്‍ത്താല്‍ പീഡനമാകുന്നുവെന്ന് ആരോപിച്ച് മിഠായിത്തെരുവില്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ച്ചയായ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് തീരുമാനിച്ചതായി വ്യാപാരികള്‍ പറഞ്ഞു. നഗരത്തില്‍ മെഡിക്കല്‍ ഷോപ്പുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറന്നു.
നഗരത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഹര്‍ത്താലിനെതിരേ മറ്റു സംഘടനകളും പ്രതിഷേധിച്ചു. അനാവശ്യ ഹര്‍ത്താലിനെതിരേ യുവധാര കോട്ടൂളിയുടെ നേതൃത്വത്തില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചെരുപ്പുയര്‍ത്തി പ്രകടനം നടത്തി. പ്രമോദ് കോട്ടൂളി, എ.കെ പ്രശാന്ത്, ഭാഗ്യരാജ്, നിഷീധ് നേതൃത്വം നല്‍കി. മെഡിക്കല്‍ കോളജ് പരിസരത്ത് ഹര്‍ത്താല്‍ ബാധിച്ചില്ല. മെഡിക്കല്‍ കോളജില്‍ നിന്ന് നഗരത്തിലേക്ക് പൊലിസ് യാത്രാ സൗകര്യം ഒരുക്കി.
റെയില്‍വേ സ്റ്റേഷനിലെത്തിയവരെ നഗരത്തിലെ ലക്ഷ്യ സ്ഥാനത്തെത്തിക്കാനും സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്രാ സംവിധാനം ഒരുക്കി. മെഡിക്കല്‍ കോളജിലേക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ആംബുലന്‍സിലും യാത്രാസൗകര്യം ഒരുക്കി. കുറ്റ്യാടി മേഖലയില്‍ ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു. തൊട്ടില്‍പാലം ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
വടകര മേഖലയില്‍ ജനജീവിതത്തെ ബാധിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടുന്നതിനു പുറമെ വാഹനഗതാഗതം താറുമാറായി. സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഹര്‍ത്താലില്‍ സ്തംഭിച്ചു. അത്യാവശ്യം സ്വകാര്യ വാഹനങ്ങള്‍ ഓടിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യുടേതടക്കമുള്ള ബസുകള്‍ നിരത്തിലിറങ്ങിയില്ല. മലയോര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ജനജീവിതത്തെ സാരമായി ബാധിച്ചു. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ബസുകളും ടാക്‌സികളും ഓട്ടോകളും സര്‍വിസ് നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഗ്രാമ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ വലിയ ചലനമുണ്ടാക്കിയില്ല. പലയിടത്തും കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."