ശിഥിലമായ മുസ്‌ലിം ലോകം
പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ രാഷ്ട്രീയ ചലനങ്ങളോട് ആരോഗ്യപരമായ സംവാദവും സമീപനവും സ്വീകരിക്കാന്‍ ആരോഗ്യമില്ലാത്ത രാഷ്ട്രീയ പശ്ചാത്തലങ്ങളാണ് മുസ്‌ലിം ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ലോക ചലനങ്ങളെ നോക്കിക്കാണുകയല്ലാതെ ഇടപെടാന്‍ കഴിയുന്ന രാഷ്ട്രീയ ശക്തി മുസ്‌ലിം ലോക നേതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ജമാല്‍ അബ്ദുല്‍ നാസര്‍, ഫൈസല്‍ രാജാവ് തുടങ്ങിയ മുസ്‌ലിം ലോക നേതാക്കള്‍ക്ക് പകരക്കാരുണ്ടായില്ല.
പശ്ചിമേഷ്യയിലെ പല മുസ്‌ലിം രാജ്യങ്ങളും സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാമ്പത്തിക ഭദ്രത നേടിയിട്ടില്ല. ലോകവ്യാപാര കപ്പല്‍ പാത കയ്യിലുണ്ടായിട്ടും, ജമാല്‍ അബ്ദുല്‍ നാസര്‍ ധൈര്യപൂര്‍വം സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചിട്ടും ഈജിപ്തിന്റെ സാമ്പത്തിക മേഖല കര കയറിയിട്ടില്ല. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം അവിടെ പട്ടാളം ബോധപൂര്‍വം ഉപയോഗപ്പെടുത്തിവരുന്നു. തഹ്‌രീര്‍ സ്‌ക്വയര്‍ ഉയര്‍ത്തിയ ജനശബ്ദങ്ങള്‍ പറയത്തക്ക രാഷ്ട്രീയ ചലനങ്ങളുണ്ടാക്കിയില്ല. പശ്ചിമേഷ്യയില്‍ വിദ്യാഭ്യാസ രംഗത്ത് അല്‍പം മുന്‍തൂക്കമുണ്ടെങ്കിലും ഈജിപ്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം പൂവണിഞ്ഞില്ല. കൈറോ പട്ടണം അറബ് ലീഗിന്റെ ആസ്ഥാനമുള്ള നഗരമാണെങ്കിലും ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ നിശബ്ദം, നിഷ്‌ക്രിയം. ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ജോര്‍ദാന്‍ രാജഭരണത്തിന്റെ എല്ലാ അപാകതകളുമനുഭവിച്ചുവരുന്നു. റോയല്‍ ഫാമിലിയുടെ രാജസുഖം അനുഭവിക്കുന്നതിനുവേണ്ടിയുള്ള ഭരണങ്ങളാണ് അവിടെ നടക്കുന്നത്. പേരില്‍ ഒരു പാര്‍ലമെന്റ് ഉണ്ടെങ്കിലും രാഷ്ട്രീയ ചലനവേഗത സംഭവിക്കുന്നില്ല. മുല്ലപ്പൂ വിപ്ലവത്തിന്റെ ചെറു അലയൊലികള്‍ മാത്രമാണ് ജോര്‍ദാനില്‍ സംഭവിച്ചത്.
എ.കെ പാര്‍ട്ടിയിലൂടെ തുര്‍ക്കിയില്‍ വലിയ വിപ്ലവമായി രംഗത്തുവന്ന-സൈനികമായും സാമ്പത്തികമായും സാംസ്‌കാരികമായും വലിയ പിന്‍ബലമുള്ള തുര്‍ക്കിയും, റജബ് ത്വയ്യിബ് ഉര്‍ദുഗാനും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. സിറിയയുമായി കൊമ്പുകോര്‍ത്ത് കുര്‍ദുകളെ പാഠം പഠിപ്പിക്കാനുള്ള സൈനിക നീക്കത്തിലാണ് ഉര്‍ദുഗാന് കൂടുതല്‍ താല്‍പര്യം. സിറിയയിലെ ബഷര്‍ അല്‍ അസദ് തുടര്‍ന്നുവരുന്ന പിതൃപാരമ്പര്യ ഭരണവും ഏകാധിപത്യവും പുരാതനമായ ആ രാജ്യം കരകയറാതെ പോകാന്‍ കാരണമായി. ലബനാനില്‍ തീ അണയാറില്ല. ജൂലാന്‍ കുന്നുകളും താഴ്‌വാരകളും ഇസ്‌റാഈല്‍ അയക്കുന്ന പോര്‍ വിമാനങ്ങളും മിസൈലുകളും ഏറ്റുവാങ്ങി വേദന കടിച്ചു തിന്നാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്.
വിശുദ്ധ കഅ്ബയും റൗളയും അടങ്ങുന്ന സഊദി അറേബ്യ മുസ്‌ലിം ലോകത്തിന് വിശ്വസിക്കാന്‍ പാകത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കാത്ത രാജഭരണകൂടമായാണ് നില്‍ക്കുന്നത്. പ്രതിരോധ, ആഭ്യന്തര, സാമ്പത്തിക, വിദേശകാര്യ വകുപ്പുകള്‍ക്ക് മന്ത്രിമാര്‍ ഉണ്ടെങ്കിലും തീരുമാനങ്ങള്‍ വാഷിങ്ടണിലെ വൈറ്റ് ഹൗസില്‍നിന്നാണ് ഉരുത്തിരിയുക. എണ്ണ സമ്പത്തുകൊണ്ട് അതിസമ്പന്നമായ ഈ രാഷ്ട്രം നേതൃദാരിദ്ര്യം കൊണ്ട് പൊതുബോധ്യം നഷ്ടപ്പെടുത്തി.
യമനും ഇറാനും ശത്രുപക്ഷത്ത് നിര്‍ത്തി സുന്നി ശീഈ രാഷ്ട്രീയം വളര്‍ത്തിക്കൊണ്ടുവന്നു. സാമ്രാജ്യശക്തികളുടെ കെണി വലയിലാണ് ഈ രാജ്യം. തികച്ചും സ്‌ഫോടനാത്മകമായ ആഭ്യന്തര രംഗം. ഈയിടെ മലേഷ്യയില്‍ നടന്ന മുസ്‌ലിം ലോക നേതാക്കളുടെ യോഗത്തില്‍ സഊദി പങ്കെടുത്തില്ല. കണക്കിന് വിമര്‍ശനം ലഭിക്കും, സാമ്രാജ്യത്വ ദാസ്യത്തിന് നാണം കെടുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്.
സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ആറ് രാഷ്ട്രങ്ങളുടെ ഭാവി ഭദ്രമാക്കുന്നതിനും ലോക ഇടപെടലുകള്‍ക്ക് ശക്തി പകരുന്നതിനും രൂപംകൊണ്ട ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഭരണാധികാരികള്‍ക്ക് മുഖാമുഖം നോക്കിയിരുന്നു യോഗം കൂടാന്‍ സാധിക്കാത്തവിധം അകന്നിരിക്കുന്നു. ഖത്തറിന് സഊദിയും ബഹ്‌റൈനും യു.എ.ഇയും ഉപരോധം ഏര്‍പ്പെടുത്തി. കാരണം പറഞ്ഞത് ഫലസ്തീനികള്‍ക്കുവേണ്ടി ജീവന്‍മരണ സ്വാതന്ത്ര്യ സമരം നടത്തുന്ന ഹമാസിന് സാമ്പത്തിക സഹായം നല്‍കുന്നു എന്നാണ്. ഇസ്‌റാഈലിനുവേണ്ടി അമേരിക്ക എഴുതിക്കൊടുത്ത കുറിപ്പില്‍ ഒപ്പിടുകയായിരുന്നു എന്ന സംശയം നിലവിലുണ്ട്.
പ്രായാധിക്യം ഉണ്ടെങ്കിലും നിലപാടുകളുള്ള ധീരനായ ഒരു മുസ്‌ലിം ഗുണകാംക്ഷിയാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. മലേഷ്യന്‍ തലസ്ഥാനമായ കോലാലംപൂരില്‍ നടന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനം മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞതിനപ്പുറത്ത് വിശേഷിച്ച് ഒന്നും സംഭവിച്ചില്ല. ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിങ്ങളെ വേട്ടയാടി പിടിച്ചു ഉന്മൂലനം ചെയ്തുവരുന്ന കാട്ടുനീതിക്കെതിരേ ശബ്ദമുയര്‍ന്നു. ചൈനീസ് ഉല്‍പ്പന്നം ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം ലോകത്തോട് സമ്മേളനം ആവശ്യപ്പെട്ടു. ഇത് ഒരുതരം സാമ്പത്തിക ഉപരോധത്തിന്റെ ഭാഗം തന്നെ. തോക്കും വെടിയുണ്ടയും വാങ്ങാനുള്ള പണം സ്വരൂപിക്കുന്നത് മധ്യേഷ്യന്‍ വിപണിയില്‍ നിന്നാണ്. ഇത്തരം സമാധാനപരവും പ്രായോഗികവും ശാസ്ത്രീയവുമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചുപോയതുകൊണ്ട് കാര്യമില്ല. പ്രയോഗികവല്‍ക്കരിക്കുകയും വേണം.
പാകിസ്താന് ശത്രുതയിലാണ് താല്‍പര്യം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ അടിക്കടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പ്രകോപനങ്ങള്‍ സൃഷ്ടിച്ചു മുസ്‌ലിം ലോകത്തില്‍നിന്ന് ഒറ്റപ്പെടുകയാണ് പാകിസ്താന്‍. കോലാലംപൂരില്‍ നടന്ന സമ്മേളനത്തില്‍ പാകിസ്താന്‍ പങ്കെടുത്തിട്ടില്ല. ബംഗ്ലാദേശ് പ്രകൃതിയുടെ പ്രഹരം ഏറ്റുവാങ്ങുന്ന രാഷ്ട്രം എങ്കിലും ലോക മര്യാദകളോട് നീതി പുലര്‍ത്തുന്നതില്‍ പിറകിലല്ല. ന്യൂനപക്ഷങ്ങള്‍ അവിടെ സുരക്ഷിതരാണ്, അവകാശം നിഷേധിക്കപ്പെടുന്നില്ല. അന്നാട്ടിലെ വിദേശകാര്യ വകുപ്പ് മന്ത്രി ആധികാരികമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
വിഭവ സമ്പത്ത്, സാമ്പത്തിക ശേഷി ഇതൊക്കെ ധാരാളമായി ഉണ്ടെങ്കിലും മുസ്‌ലിങ്ങള്‍ക്കും ലോകത്തിനും അത് ന്യായമായി ലഭ്യമാക്കി സമാധാനം ഉറപ്പുവരുത്തുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ മുസ്‌ലിം ലോക നേതൃത്വത്തിന് സാധിക്കാതെപോയി. ദേശീയ പൗരത്വ ബില്‍ മുസ്‌ലിംകള്‍ക്ക്, ഇന്ത്യക്ക് ദോഷമായി ബാധിക്കുമെന്ന് ഖത്തര്‍ ആധികാരികമായി പറഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒ.ഐ.സി) സമ്മേളനത്തില്‍ ആശങ്ക അറിയിച്ചു. ലോകത്ത് എവിടെ അനീതി കണ്ടാലും പ്രതികരിക്കേണ്ടത് മനുഷ്യ ധര്‍മമാണ്. ഇത് ആഭ്യന്തര ഇടപെടലുകളല്ല. പൗരത്വ നിയമ ഭേദഗതിക്കെതിരേ കലാ-സാംസ്‌കാരിക-സാഹിത്യ-ചരിത്ര രംഗത്തുള്ളവര്‍, വിദ്യാര്‍ഥികള്‍, പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം, മാധ്യമപ്രവര്‍ത്തകര്‍ എല്ലാം ഒന്നിച്ച് തെരുവിലിറങ്ങി. ഭാരതത്തിന്റെ ഈ വസന്ത വിപ്ലവം ലോക നേതാക്കള്‍ക്കും രാഷ്ട്രങ്ങള്‍ക്കും പ്രചോദനമാണ്; പാഠമാണ്. മുസ്‌ലിം ഇന്ത്യയും വിയോജിപ്പ് മാറ്റിവെക്കണം, യോജിപ്പിന്റെ സാധ്യതകള്‍ ആരായണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."