കരസേനാ മേധാവി രാഷ്ട്രീയം പറയുമ്പോള്‍
പുതിയ പൗരത്വ നിയമത്തിനെതിരേ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ സംബന്ധിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ നിലപാട് ആശങ്കകളുണ്ടാക്കുന്നതാണ്. ലോകത്തെ മുന്‍നിര സേനകളില്‍ ഒന്നാണ് ഇന്ത്യയുടെ കരസേന. നാളിതുവരെ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും അതില്‍ സൈന്യം പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടുന്ന പതിവില്ല. നിഷ്പക്ഷമായി നിലകൊള്ളേണ്ട സൈനിക നേതൃത്വം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണവുമല്ല. ഇന്ത്യയില്‍ സൈന്യത്തെ നിയന്ത്രിക്കുന്നത് എപ്പോഴും സര്‍ക്കാരാണ്. പാകിസ്താനിലേതു പോലെ സര്‍ക്കാരിനെ മറികടന്ന് പ്രവര്‍ത്തിക്കാനോ അഭിപ്രായം പറയാനോ ഇന്ത്യന്‍ സൈന്യത്തിന് കഴിയില്ല. ആ സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവന ആശങ്കകള്‍ക്കിടയാക്കുന്നത്.
പൗരത്വ നിയമത്തിനെതിരേ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രതിഷേധങ്ങളെയാണ് കരസേനാ മേധാവി വിമര്‍ശിച്ചതെന്നത് അദ്ദേഹത്തിന്റെ ഇടപെടലിന് രാഷ്ട്രീയ മാനം കൂടി നല്‍കുന്നു. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട, ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ഈയിടെ വര്‍ധിച്ചുവരുന്നുണ്ട്. എന്നാല്‍ രാഷ്ട്രത്തെ സേവിക്കേണ്ട സൈനിക മേധാവി രാഷ്ട്രീയക്കാര്‍ക്ക് അനുകൂലമാകുന്ന പ്രസ്താവന നടത്തിയതിനെതിരേ മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വരെ പ്രതികരിച്ചിട്ടുണ്ട്. പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ സമരമാണെന്നും അത്തരത്തില്‍ ജനങ്ങളെ നയിക്കുന്നവര്‍ യഥാര്‍ഥ നേതാക്കളല്ലെന്നുമായിരുന്നു റാവത്തിന്റെ പ്രസ്താവന. ഈ മാസം 31ന് വിരമിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തുടനീളം സര്‍ക്കാര്‍ നയത്തിനെതിരേ പ്രതിഷേധം നടക്കുമ്പോഴും പലയിടത്തും സൈന്യത്തെയടക്കം സര്‍ക്കാര്‍ വിന്യസിക്കുകയും ചെയ്ത സാഹചര്യത്തിലുണ്ടായ പ്രസ്താവന എന്ത് സന്ദേശമാണ് നല്‍കുകയെന്ന കാര്യത്തില്‍ അദ്ദേഹം ചിന്തിക്കേണ്ടിയിരുന്നു. കരസേനാ മേധാവിയുടേത് ചട്ടലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. സൈനിക മേധാവിയുടെ പ്രസ്താവന ഭരണഘടനാ സംവിധാനത്തെ തന്നെ ദോഷകരമായി ബാധിക്കുന്നതാണെന്നും ഗുരുതരമായ ചട്ടലംഘനമാണെന്നുമാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത്.
റാവത്തിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. ജനാധിപത്യ വിരുദ്ധമായ പ്രസ്താവനയാണ് അതെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ സംസാരിക്കാന്‍ സൈനിക മേധാവിക്ക് അനുവാദം നല്‍കിയതിനാല്‍ നാളെ സൈന്യം ഏറ്റെടുക്കുന്നതിനുള്ള അനുവാദവും നല്‍കുമെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് ബ്രിജീഷ് കളപ്പ പറഞ്ഞത്.
മോദി സര്‍ക്കാരിനു കീഴില്‍ സ്ഥിതിഗതികള്‍ എത്രത്തോളം അധഃപതിച്ചുവെന്നാണ് പ്രതിപക്ഷം ഈ വിഷയത്തെ വിലയിരുത്തിയത്. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് പാകിസ്താന്റെ വഴിയിലേക്കാണോ രാജ്യത്തെ കൊണ്ടുപോകുന്നതെന്നും പ്രതിപക്ഷം ചോദിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരം സംഭവം. മൂന്നു സേനകളുടെയും മേധാവിയായി പുതുതായി വരുന്ന ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി റാവത്തിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം കലര്‍ന്ന പ്രസ്താവന പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.
2016 ഡിസംബര്‍ 31ന് കരസേനാ മേധാവിയായി ചുമതലയേറ്റ ശേഷം അദ്ദേഹം വിവാദത്തില്‍ അകപ്പെടുന്നതും ആദ്യമല്ല. 2017ല്‍ കശ്മിരി യുവാവിനെ പിടികൂടി ജീപ്പിനു മുന്നില്‍ കെട്ടിവച്ച് കശ്മിരിലെ പ്രതിഷേധക്കാര്‍ക്കെതിരേ മനുഷ്യകവചമാക്കിയ വിവാദത്തില്‍പ്പെട്ട മേജര്‍ ലീതുല്‍ ഗോഗോയിക്ക് പ്രശംസാ പത്രം നല്‍കിയതായിരുന്നു സേനാ മേധാവിയായി ചുമതലയേറ്റ ശേഷം റാവത്തിനെ വിവാദത്തില്‍ ചാടിച്ച ആദ്യ സംഭവം. രാജ്യത്തുടനീളം മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും രാഷ്ട്രീയക്കാരുടേയും വിമര്‍ശനത്തിന് വിധേയമായ സംഭവമായിരുന്നു ഇത്. ശ്രീനഗറിലെ ഹോട്ടല്‍ മുറിയില്‍ സ്ത്രീയോടൊപ്പം കണ്ടെത്തിയ സംഭവത്തിലും മനുഷ്യകവചമാക്കിയതിലും ഗൊഗോയി സൈനിക കോടതി വിചാരണ നേരിട്ടിരുന്നു. അംഗപരിമിതരായ മുന്‍ സൈനികരുടെ പെന്‍ഷനെ കുറിച്ചുള്ള ബിപിന്‍ റാവത്തിന്റെ പ്രസ്താവനയും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സൈനികര്‍ കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിന് തെറ്റായി അംഗപരിമിതര്‍ എന്ന് വിശേഷിപ്പിക്കുന്നുവെന്നും വൈകല്യത്തെ ഉപയോഗിക്കുന്നുവെന്നുമുള്ള പ്രസ്താവനയാണ് വിവാദമായത്.
കശ്മിരില്‍ 2017ല്‍ സൈന്യത്തെ കല്ലെറിയുന്നവര്‍ക്കെതിരേ നടത്തിയ മറ്റൊരു പ്രസ്താവനയും വിവാദമായിരുന്നു. അവര്‍ കല്ലെറിയുന്നതിനു പകരം വെടിവച്ചിരുന്നെങ്കില്‍ താന്‍ സന്തോഷവാനാകുമെന്നും എങ്കില്‍ തനിക്ക് ഇഷ്ടമുള്ളത് തിരിച്ച് ചെയ്യാന്‍ കഴിയുമെന്നും പറഞ്ഞതാണ് ചര്‍ച്ചയായത്.
കരസേനാ മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരേ മുന്‍ നാവിക സേനാ അഡ്മിറല്‍ ജനറല്‍ എല്‍. രാംദാസ് രംഗത്തുവന്നിട്ടുണ്ട്. സായുധ സേനയിലുള്ളവര്‍ വര്‍ഷങ്ങളായുള്ള തത്വമായ രാജ്യത്തെ സേവിക്കുക, രാഷ്ട്രീയ ശക്തികളെയല്ല എന്നതാണ് പിന്തുടരേണ്ടതെന്ന് ബിപിന്‍ റാവത്തിനെ അദ്ദേഹം ഓര്‍മിപ്പിച്ചു.
മൂന്നു സേനകള്‍ക്കും നല്‍കുന്ന ആഭ്യന്തര നിര്‍ദേശത്തിന് വിരുദ്ധമാണ് കരസേനാ മേധാവിയുടെ പ്രസ്താവന. എല്ലാവരും നിഷ്പക്ഷരായിരിക്കണം, രാഷ്ട്രീയ ചായ്‌വ് പുലര്‍ത്താന്‍ പാടില്ല തുടങ്ങിയവയാണിത്. ഉയര്‍ന്ന റാങ്കിലിരിക്കുന്നവര്‍ രാഷ്ട്രീയ ചായ്‌വ് പുലര്‍ത്തുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക എന്നതില്‍ തര്‍ക്കമില്ല. പ്രസ്താവന വിവാദമായതോടെ കരസേനാ മേധാവിയുടേത് രാഷ്ട്രീയ പ്രസ്താവനയല്ലെന്ന വിശദീകരണം സൈനിക വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. പൗരത്വ നിയമത്തെ അദ്ദേഹം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തിട്ടില്ലെന്നും നേതൃത്വത്തെ കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നുമാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.
സേനക്ക് നേതൃത്വം നല്‍കുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആഭിമുഖ്യം പുലര്‍ത്തിയാല്‍ അത് രാജ്യത്തെ തെറ്റായ ദിശയിലേക്കാണ് നയിക്കുക. രാഷ്ട്രീയ, ജനകീയ പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും സൈന്യം ഇടപെടുന്നത് ഇന്നേവരെയുള്ള കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധവുമാണ്. സൈന്യം രാഷ്ട്രത്തെയാണ് സേവിക്കേണ്ടത്, രാഷ്ട്രീയക്കാരെയല്ല, രാഷ്ട്രീയക്കാര്‍ അധികാരത്തില്‍ മാറി മാറി വരുമ്പോഴും രാഷ്ട്രം എപ്പോഴും സുദൃഢമായി മുന്നോട്ട് പോകാന്‍ ഇത് അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."