എം.ജിയില്‍ പിന്നെയും ചട്ട ലംഘനം, അധ്യാപകരെ നിയമിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് വിചിത്ര നടപടി, വീണ്ടും ഗവര്‍ണര്‍ ഇടപെട്ടു
കോട്ടയം: മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയിലെ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ഒന്നൊഴിയുമ്പോള്‍ മറ്റൊന്നെന്ന തരത്തിലാണ് ഇവിടെ വിവാദം തലപൊക്കുന്നത്. ഇപ്പോള്‍ അധ്യാപക നിയമനത്തിലും ചട്ടലംഘനം നടന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 275 ഉദ്യോഗാര്‍ഥികള്‍ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ മൂന്നുപേരെ നിയമിച്ച ശേഷമാണ് റാങ്ക് ലിസ്റ്റുപോലും പ്രസിദ്ധീകരിച്ചനെന്നാണ് ഉയരുന്ന ആരോപണം.
ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ്ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന സര്‍വകലാശാല ചട്ടം ലംഘിച്ചിരിക്കുന്നത് പല തവണയാണ്. ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ വി.സിയുടെ അഭാവത്തില്‍ ക്രമക്കേട് നടന്നെന്ന പരാതിയാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്നത്.
യു.ജി.സി മാനദണ്ഡമനുസരിച്ച് നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നിര്‍ബന്ധമാണ്. എന്നാല്‍ നിയമനം ലഭിച്ച മൂന്ന് പേര്‍ക്കും ഗാന്ധിയന്‍ സ്റ്റഡീസിലോ ഡെവലപ്പ്മെന്റ് സ്റ്റഡീസിലോ പി.ജി ഇല്ലെന്നാണ് വ്യക്തമാകുന്നത്. പി.എച്ച്.ഡിയും ഗൈഡ്ഷിപ്പും പത്ത് വര്‍ഷം അധ്യാപന പരിചയവുമുള്ളവരെ തഴഞ്ഞാണ് ഇവരെ നിയമിച്ചതെന്ന പരാതിയും ഉണ്ട്. പി.വി.സി തെരഞ്ഞെടുത്ത മൂന്ന് പേര്‍ കോളജില്‍ പഠിപ്പിക്കാന്‍ എത്തിക്കഴിഞ്ഞ ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും പരാതിയില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് ഉദ്യോഗാര്‍ഥികളെ ഗവര്‍ണര്‍ ഹിയറിങ്ങിന് വിളിപ്പിച്ചിട്ടുണ്ട്.
ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തിന്റെ അഭിമുഖം സെപ്റ്റംബര്‍ അവസാന വാരമാണ് നടന്നത്. പൊതുവിഭാഗത്തില്‍ ഒന്നും സംവരണ വിഭാഗത്തിലേക്ക് രണ്ടും ഒഴിവുകളാണുണ്ടായിരുന്നത്. മൂന്ന് ദിവസം കൊണ്ട് തിരക്കിട്ട് നടത്തിയ അഭിമുഖത്തില്‍ സര്‍വകലാശാല വൈസ്ചാന്‍സിലര്‍ പങ്കെടുത്തിരുന്നില്ല. പകരം പ്രോവൈസ്ചാന്‍സിലര്‍ ആണ് അഭിമുഖം നടത്തിയത്.
വി.സിയുടെ അഭാവത്തില്‍ പി.വി.സിക്ക് പകരം ചുമതല വഹിക്കാം എന്നതല്ലാതെ അദ്ദേഹത്തിന്റെ അധികാരം നേരിട്ട് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയെല്ലാമുള്ള ചട്ടലംഘനമാണ് പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."