ഉദ്യോഗസ്ഥര്‍ ഷോപ്പിങിനും സിനിമക്കും പോവാന്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ വാഹനങ്ങള്‍
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിനായി പണം കണ്ടെത്താന്‍ നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം വഴി ഖജനാവില്‍നിന്ന് ഒഴുകുന്നത് ലക്ഷങ്ങള്‍.
സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു കണ്ടെത്താന്‍ ധനവകുപ്പ് നിയോഗിച്ചിട്ടുള്ള ധനകാര്യ പരിശോധന വിഭാഗത്തെ നോക്കുകുത്തിയാക്കിയാണ് ഉന്നത ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്. ക്രമക്കേട് കണ്ടെത്തിയാലും ഇവര്‍ക്കെതിരേ നടപടി ഉണ്ടാകില്ല.
ഏറ്റവും കൂടുതല്‍ ദുരുപയോഗം നടക്കുന്നത് പൊലിസിലാണ്. ഉദ്യോഗസ്ഥരെ താമസസ്ഥലത്തുനിന്ന് ഓഫിസില്‍ എത്തിക്കാനോ തിരിച്ച് വീട്ടിലെത്തിക്കാനോ സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നാണു നിയമം. സര്‍ക്കാര്‍ വാഹനങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ. ഷോപ്പിങ്, സിനിമ, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍, മക്കളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്നതിനുവരെ പല ഉദ്യോഗസ്ഥരും സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു.
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ അവസാനമായി 2008 ഓഗസ്റ്റ് രണ്ടിനാണ് പരിഷ്‌കരിച്ച ഉത്തരവിറക്കിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍, കമ്മിഷനറേറ്റിലെ കമ്മിഷനര്‍മാര്‍, കലക്ടര്‍മാര്‍, ജില്ലാ ജഡ്ജിയും അതിനു മുകളിലുള്ള ജുഡിഷ്യല്‍ ഓഫിസര്‍മാര്‍, പൊലിസ് കമ്മിഷനര്‍മാര്‍, എസ്.പിമാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരും അതിനു മുകളിലുള്ളവരും, സഹകരണ വകുപ്പിലെ രജിസ്ട്രാര്‍മാര്‍, ലേബര്‍ കമ്മിഷനര്‍, ചീഫ് എന്‍ജിനീയര്‍മാര്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, എല്ലാ വകുപ്പുകളുടെയും മേധാവികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവുമാര്‍, സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവര്‍ക്കാണ് ഇങ്ങനെ വാഹനം ഉപയോഗിക്കാന്‍ അധികാരമുള്ളതെന്ന് ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ മിക്ക വകുപ്പുകളും ഇതു പാലിക്കുന്നില്ല. ചില വകുപ്പുകളിലാകട്ടെ സര്‍ക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതുപോലും ഉദ്യോഗസ്ഥരുടെ വീടുകളിലാണ്.
യാത്ര തുടങ്ങുന്നതിനു മുമ്പ് ലോഗ് ബുക്കില്‍ യാത്രയെ സംബന്ധിച്ചുള്ള വിവരം രേഖപ്പെടുത്തണമെന്നാണ് നിയമം. യാത്ര അവസാനിപ്പിക്കുമ്പോള്‍ ദൂരവും ഉദ്യോഗസ്ഥന്റെ ഒപ്പും രേഖപ്പെടുത്തണം. ലോഗ് ബുക്ക് വാഹനത്തില്‍ത്തന്നെ സൂക്ഷിക്കണമെന്നും പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നുമാണ് വ്യവസ്ഥ. ഇന്ധന ഉപയോഗത്തെ സംബന്ധിച്ചും യാത്രചെയ്ത ദൂരത്തെ സംബന്ധിച്ചുമുള്ള കുറിപ്പ് ലോഗ് ബുക്കില്‍ അതത് മാസം രേഖപ്പെടുത്തണം.
അധികാരമില്ലാത്തവര്‍ വാഹനം ഉപയോഗിക്കുമ്പോള്‍ അധികാരമുള്ള ഉദ്യോഗസ്ഥന്റെ അനുമതിപത്രം സൂക്ഷിക്കണമെന്നുണ്ട്. ബന്ധപ്പെട്ടവരുടെ പരിശോധനയില്‍ മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങളേതെങ്കിലും ലംഘിക്കപ്പെട്ടാല്‍ ഉദ്യോഗസ്ഥനില്‍നിന്ന് ആ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ധന ഉപയോഗം നടന്ന മാസത്തിലെ ഇന്ധനവിലയുടെ 50 ശതമാനം പിഴ ഈടാക്കാമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍, പരാതി ലഭിച്ചാലും ധനവകുപ്പ് നടപടി എടുക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."