ഗതാഗതക്കുരുക്കില്‍ ആലപ്പുഴ നഗരം വീര്‍പ്പുമുട്ടുന്നു: കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര
ആലപ്പുഴ : കനത്ത ഗതാഗത കുരുക്കില്‍ ആലപ്പുഴ പട്ടണം വീര്‍പ്പുമുട്ടുന്നു. ഇന്നലെ വൈകുന്നേരം പട്ടണത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പൊലിസും നാട്ടുക്കാരും ഒരുപോലെ ശ്രമിച്ചിട്ടും കുരുക്ക് അഴിഞ്ഞില്ല.
പരമാവധി വഴിതിരിച്ചുവിട്ടിട്ടും വാഹനങ്ങളുടെ ക്രമാതീതമായ വരവ് കുരുക്ക് കൂടുതല്‍ മുറുക്കി. ഉല്‍സവ നാളുകള്‍ എത്തിയതോടെ പട്ടണത്തില്‍ ജനങ്ങളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റോഡ് പണിയാണ് കുരുക്കിന് പ്രധാന കാരണം. നഗരത്തിന്റെ തെക്കേ അതിര്‍ത്തിയായ എസ് ഡി കോളജിന് സമീപം റോഡ് ഇന്റര്‍ ലോക്കിങ് നിര്‍മാണം പൂര്‍ത്തിയാകാത്തതും ഗതാഗത കുരുക്കിന് ആക്കംവര്‍ധിപ്പിച്ചു. ഇന്നലെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ജാഥയും കുരുക്ക് രൂക്ഷമാക്കി.
പൊതുവേ ഇടുങ്ങിയ റോഡുകളും പാലങ്ങളും പട്ടണത്തിന്റെ ശാപമാണ്. വാഹനങ്ങളുടെ ക്രമാതീതമായ വര്‍ധനവും കുരുക്കിന് കാരണമാകുന്നുണ്ട്. ഇതിനിടെ പട്ടണത്തില്‍ പൊലിസ് ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം പുലിവാലായി. ഇന്നലെ ഗതാഗത കുരുക്കില്‍ പട്ടണത്തിന്റെ പ്രധാന പാതകളിലെല്ലാം വാഹനങ്ങള്‍ക്കൊണ്ട് നിറഞ്ഞു. കുരുക്ക് മുറികിയതോടെ ഇടറോഡുകളിലൂടെ കടന്നുപോകാന്‍ വലിയ വാഹനങ്ങള്‍ ശ്രമിച്ചതോടെ ഇടറോഡുകളും കുരുക്കില്‍ അമര്‍ന്നു.
കനത്ത ഗതാഗത കുരുക്കില്‍ മുറുകിയ പട്ടണം നീണ്ട നാലുമണിക്കൂറിനുശേഷമാണ് മോചിപ്പിക്കപ്പെട്ടത്. ഇതിനിടെ അത്യാസന്ന രോഗികളെയും വഹിച്ച് ആംബുലന്‍സ് വാഹനങ്ങള്‍ ചീറിപ്പാഞ്ഞത് കൂടുതല്‍ കുഴപ്പമായി. ആംബുലന്‍സ് വാഹനങ്ങള്‍ക്കുവേണ്ടി റോഡിന്റെ വശങ്ങളിലേക്ക് മറ്റ് വാഹനങ്ങള്‍ ഒതുക്കിയത് കാര്യങ്ങള്‍ കൈവിട്ടു. ഇതിനിടെ നിര്‍ത്താതെ പെയ്ത മഴ കാല്‍നടയാത്രികരെയും ദുരിതത്തിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."