കണ്ണീര്‍ പ്രവാഹമായി വിരുന്നുയാത്ര
കുടുംബത്തിലെ അഞ്ചുപേരുടെ വിയോഗം; വിറങ്ങലിച്ച് കരുവന്‍പൊയില്‍
കൊടുവള്ളി: കരുവന്‍പൊയില്‍ വടക്കേക്കര വീട്ടില്‍നിന്ന് സന്തോഷത്തോടെയാണ് അവര്‍ കുടംബസമേതം വടുവഞ്ചാലിലെ ബന്ധുവീട്ടിലേക്ക് വെള്ളിയാഴ്ച വന്നത്.
വിരുന്ന് കഴിഞ്ഞ് വയനാടന്‍ കാഴ്ചകളും കണ്ട് ശനിയാഴ്ച ഉച്ചയ്ക്ക് ചുരമിറങ്ങി ഏതാനും ദൂരം മാത്രം എത്തിയപ്പോഴാണ് നിയന്ത്രണംവിട്ട സ്വകാര്യ ബസ് കുടുംബം സഞ്ചരിച്ച ജീപ്പിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു. നാട്ടില്‍നിന്ന് യാത്രപോയ അറു എന്ന് നാട്ടുകാര്‍ വിളിക്കുന്ന അബ്ദുറഹ്മാനും ഭാര്യയും പേരക്കുട്ടികളുമടങ്ങുന്ന കുടുംബം അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത കരുവന്‍പൊയില്‍ പ്രദേശത്താകെ കാട്ടുതീ പോലെയാണ് പടര്‍ന്നത്.
ഇതോടെ പ്രദേശത്തു നിന്ന് യുവാക്കളും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടു. അനിഷ്ടങ്ങളൊന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയിലായിരുന്ന നാട്ടുകാര്‍ അഞ്ചുപേര്‍ മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.
വടക്കേക്കര വീട്ടിലെത്തിയ നാട്ടുകാര്‍ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച അവസ്ഥയിലായിരുന്നു.
അയല്‍വാസികളും അടുത്ത ബന്ധുക്കളും ദുഃഖം താങ്ങനാകാതെ വിങ്ങിപ്പൊട്ടി.
രക്തത്തില്‍ കുളിച്ച് കുഞ്ഞുങ്ങള്‍; കണ്ടുനിന്നവര്‍ അലമുറയിട്ടു
താമരശേരി: സംഭവസ്ഥലത്ത് വച്ചു മരിച്ചവരെ തൊട്ടടുത്ത കൈതപ്പൊയില്‍ കരുണ ക്ലിനിക്കിലെത്തിച്ചത് നാട്ടുകാരായിരുന്നു. തലക്കും ദേഹത്തുമേറ്റ ഗുരുതര പരുക്ക് കാരണം രക്തം വാര്‍ന്നായിരുന്നു അവരുടെ മരണം.
അപകടത്തില്‍പ്പെട്ട പിഞ്ചുകുഞ്ഞുങ്ങളെ രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ പ്രദേശവാസികളായ യുവാക്കള്‍ നെഞ്ചോടു ചേര്‍ത്ത് വാഹനങ്ങളെയും തിരക്കിയോടുന്നത് കരളലിയിപ്പിക്കുന്നതായിരുന്നു.വടുവന്‍ചാലിലെ ബന്ധുവീട്ടില്‍ വന്നു തിരിച്ചു പോവുകയായിരുന്നു കരുവന്‍ പൊയില്‍ വടക്കേകര അബ്ദുറഹ്മാനും കുടുംബാംഗങ്ങളും.
ജീപ്പിലുണ്ടായിരുന്ന കരുവന്‍പൊയില്‍ വടക്കേക്കര ഷാജഹാന്‍ (35), ഭാര്യ ഹസീന (26), കരുവന്‍പൊയില്‍ സഫീന (30), മകള്‍ കദീജ മിയ (10), മലയമ്മ വെണ്ണക്കോട് ചാലില്‍ ആയിഷ നുഹ (8), കാറിലുണ്ടായിരുന്ന മേലാറ്റൂര്‍ കാഞ്ഞിരംപാറ കൊളക്കാട്ടില്‍ മുഹമ്മദലി (63) ഭാര്യ മൈമൂന (50), ഡ്രൈവര്‍ കൊരനാത്ത് റഷീദ് (35), ബസിലുണ്ടായിരുന്ന കുന്ദമംഗലം സ്വദേശി ഹാജറ (36), പടനിലം ആമിന (64) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് യാത്രക്കാരായ അമ്പായത്തോട് അമ്മാളു (65), തങ്കമണി (60), ബത്തേരി സൈനബ (62) എന്നിവര്‍ താമരശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
പുതിയ വീട്ടില്‍ താമസം; പ്രമോദ്
യാത്രയായത് ആഗ്രഹം ബാക്കിയാക്കി
മേപ്പാടി: പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി എത്രയും വേഗം അതിലേക്കു താമസം മാറണമെന്നായിരുന്നു അടിവാരം കൈതപ്പൊയിലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കടച്ചിക്കുന്ന് പുളിമൂട്ടില്‍ ചിന്നപ്പന്റെ മകന്‍ പ്രമോദിന്റെ ആഗ്രഹം. എന്നാല്‍ വീടു നിര്‍മാണം പൂര്‍ത്തിയാകും മുന്‍പേ വിധി പ്രമോദിനെ തട്ടിയെടുക്കുകയായിരുന്നു. ടാക്‌സി ഡ്രൈവറായ പ്രമോദ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് വീട്ടില്‍നിന്ന് യാത്ര പറഞ്ഞ് ഇറങ്ങിയത്. വടുവന്‍ചാല്‍ സ്വദേശി അബ്ദുല്ലയുടെ ജീപ്പ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ അബ്ദുല്ലയുടെ ബന്ധുക്കളെയും കൂട്ടി കൊടുവള്ളിയിലേക്ക് പോകുമ്പോഴാണ് അപകടത്തിന്റെ രൂപത്തില്‍ പ്രമോദിന്റെയും കൂടെ സഞ്ചരിച്ച അഞ്ചുപേരുടെയും ജീവന്‍ പൊലിഞ്ഞത്. രണ്ടു മാസത്തിനകം പുതിയ വീട്ടില്‍ താമസമാക്കണമെന്ന പ്രതീക്ഷയിലായിരുന്നു പ്രമോദ്. അപകട വിവരമറിഞ്ഞ് നിരവധി ആളുകള്‍ കടച്ചിക്കുന്നലെ പ്രമോദിന്റെ വീട്ടിലേക്ക് ഒഴികിയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."