ഉരുള്‍പൊട്ടല്‍ മേഖലയില്‍ അനധികൃത പാറ പൊട്ടിക്കല്‍ തകൃതി
നിലമ്പൂര്‍: ഉരുള്‍പൊട്ടല്‍ പ്രദേശത്തിനു സമീപം സ്വകാര്യ ക്വാറികളുടെ പ്രവര്‍ത്തനം വീണ്ടും സജീവം. കുറുമ്പലങ്ങോട് വില്ലേജ് പരിധിയിലാണ് സ്വകാര്യ ക്വാറി ഉടമകള്‍ അനധികൃത പാറ പൊട്ടിക്കല്‍ നടത്തുന്നത്.
കഴിഞ്ഞ പ്രളയത്തില്‍ ഇവിടെ ഒന്നിലേറെ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം മണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് മേഖലയില്‍ പാറ പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു.
ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി മേഖലയിലും പാതാറിലുമുള്‍പ്പെടെ മൂന്ന് അനധികൃത ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. കറുമ്പലങ്ങോട് വില്ലേജ് പരിധിയില്‍ ഒരു ക്വാറിയും പ്രവര്‍ത്തിക്കുന്നില്ലെന്നും ക്വാറി ഉടമകള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടെന്നുമാണ് വില്ലേജ് ഓഫിസര്‍ പറയുന്നത്.
ജിയോളജിക്കല്‍ വകുപ്പും പൊലിസുമാണ് നടപടി സീകരിക്കേണ്ടതെന്ന നിലപാടിലാണ് നിലമ്പൂര്‍ തഹസില്‍ദാര്‍. ക്വാറി ഉടമകള്‍ രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഉപയോഗിച്ചാണ് അനധികൃത ഖനനം നടത്തുന്നത്. റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് കൃത്യമായ മാസപ്പടിയും നല്‍കുന്നുണ്ട്.
എ.ഡി.എം, നിലമ്പൂര്‍ തഹസില്‍ദാര്‍, കുറുമ്പലങ്ങോട് വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും ക്വാറി ഉടമകള്‍ക്ക് എതിരേ നടപടി എടുക്കാന്‍ അധികൃതര്‍ മടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."