ലക്ഷങ്ങള്‍ ചെലവഴിച്ച 'ടേക്ക് എ ബ്രേക്ക്' കാടുകയറി നശിക്കുന്നു
കൂറ്റനാട്: ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം രണ്ടായെങ്കിലും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ കാടുപിടിച്ചുകിടക്കുകയാണ് കൂറ്റനാട് ന്യൂബസാറിലുള്ള 'ടേക്ക് എ ബ്രേക്ക് '. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പട്ടാമ്പി-ഗുരുവായൂര്‍ റോഡരികില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്കായി വിശ്രമകേന്ദ്രം നിര്‍മിച്ചത്. 2016 ഫെബ്രുവരിയില്‍ അന്നത്തെ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ ചില്ലറ ജോലികളൊഴിച്ചാല്‍ കാര്യമായ നിര്‍മാണപ്രവൃത്തികളൊന്നും നടന്നില്ല.
കെട്ടിടത്തിന് പഞ്ചായത്തിന്റെ നമ്പര്‍ ലഭിച്ചില്ല എന്നതായിരുന്നു പ്രധാന തടസം. വൈദ്യുതീകരണവും പൂര്‍ത്തിയായില്ല. നമ്പര്‍ നല്‍കണമെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനാനുമതി വേണമെന്നായിരുന്നു നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്തധികൃതര്‍ മുന്നോട്ടുവച്ച നിര്‍ദേശം. എന്നാല്‍, നിര്‍മാണം തുടങ്ങുമ്പോള്‍ പൊതുമരാമത്തുവകുപ്പിന്റെ കൈയിലായിരുന്ന റോഡുനിര്‍മാണം പൂര്‍ത്തിയായപ്പോഴേക്കും കെ.എസ്.ടി.പി ഏറ്റെടുത്തു. ഇതോടെ ആര് പ്രവര്‍ത്തനാനുമതി നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമായി.
ഇതേത്തുടര്‍ന്ന് 2017 ഏപ്രിലില്‍ പട്ടാമ്പി താലൂക്ക് ഓഫിസില്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ കെട്ടിടനമ്പര്‍ ലഭിക്കുന്നതിന് തടസമില്ലെന്നും എന്‍.ഒ.സി നല്‍കാമെന്നും കെ.എസ്.ടി.പി അധികൃതര്‍ ഉറപ്പുനല്‍കി. പക്ഷേ, പിന്നീടിതുവരെ യാതൊരു നീക്കവുമുണ്ടായിട്ടില്ല.
അതേസമയം, അനുമതിക്കായി പൊതുമരാമത്തുവകുപ്പിനെ സമീച്ചിട്ടുണ്ടെന്നും നമ്പര്‍ കിട്ടിയാലുടന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പാലക്കാട് ഡി.ടി.പി.സി സെക്രട്ടറി കെ.ജെ അജേഷ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ നമ്പര്‍ നല്‍കാനാവില്ലെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് കേന്ദ്രത്തിന്റെ നിര്‍മാണമെന്നും കൂറ്റനാട്ടെ കേന്ദ്രത്തിനായി സര്‍ക്കാരില്‍നിന്ന് പ്രത്യേക അനുമതി നേടിത്തരാമെന്ന എം.എല്‍.എയുടെ വാഗ്ദാനം നടപ്പായില്ലെന്നും നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. രജിഷ പ്രതികരിച്ചു.
പൊതുമരാമത്തുവകുപ്പിന്റെയോ കെ.എസ്.ടി.പിയുടെയോ അനുമതിയില്ലാതെയാണ് കെട്ടിടത്തിന്റെ നിര്‍മാണമാരംഭിച്ചതെന്ന് പൊതുമരാമത്ത് ഷൊര്‍ണൂര്‍ സബ് ഡിവിഷന്‍ അസി. എക്‌സി. എന്‍ജിനീയര്‍ ഒ.ബി മധു പറഞ്ഞു. അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കാനാവില്ലെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാരില്‍നിന്ന് പ്രത്യേക അനുമതി ലഭ്യമാക്കുക എന്നതാണ് ഏകമാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അനുമതി സംബന്ധിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പഞ്ചായത്തിന് പദ്ധതിയില്‍ താല്‍പര്യമില്ല സാങ്കേതികത്വം പറഞ്ഞ് പദ്ധതി വൈകിപ്പിക്കുകയാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."