വടക്കാഞ്ചേരി കഥകളി ക്ലബിന് പുനര്‍ജന്മം
വടക്കാഞ്ചേരി: കലാ ആസ്വാദകരുടെ കൂട്ടായ്മയില്‍ വടക്കാഞ്ചേരി കഥകളി ക്ലബിനു പുനര്‍ജന്മം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അനശ്വരഗായകന്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ നാമധേയത്തില്‍ വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന കഥകളി ക്ലബിന്റെ നേതൃത്വത്തില്‍ ആഴ്ചതോറും കഥകളിയും അരങ്ങേറിയിരുന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രവര്‍ത്തനം നിര്‍ജീവമായി. വടക്കാഞ്ചേരിയുടെ കലാപാരമ്പര്യം വീണ്ടെടുക്കുന്നതിനായി കാല്‍നൂറ്റാണ്ടിനു ശേഷമാണ് ക്ലബ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.
ജയശ്രീ കല്യാണമണ്ഡപത്തില്‍ നടന്ന കളിസന്ധ്യയില്‍ മാലി മാധവന്‍ നായര്‍ എഴുതിയ 'കര്‍ണശപഥം' കഥകളി അവതരിപ്പിച്ചു. അവണപറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് കളിവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പത്മശ്രീ കലാമണ്ഡലം ഗോപി, കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം കലാകാരന്മാരായ വിപിന്‍, ഹരി ആര്‍. നായര്‍, കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍ രാജശേഖരന്‍ വിവിധ വേഷങ്ങളണിഞ്ഞു. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി, വിനോദ്, കലാമണ്ഡലം പ്രകാശന്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം സതീശന്‍, സുധീഷ് ചുട്ടി പങ്കെടുത്തു.
മന്ത്രി എ.സി മൊയ്തീന്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."