അനിശ്ചിത മേള: സ്‌കൂള്‍ കായികമേള നടത്തിപ്പ് അനിശ്ചിതത്വത്തില്‍
മലപ്പുറം: കായികാധ്യാപകരുടെ സമരത്തെ തുടര്‍ന്ന് ഓണത്തിനു മുന്‍പേ പൂര്‍ത്തിയാക്കാനുദ്ദേശിച്ചിരുന്ന റവന്യൂ ജില്ലാ കായികമേള നടത്തിപ്പ് അനിശ്ചിതത്വത്തില്‍. ഈ മാസം രണ്ടു മുതല്‍ തുടങ്ങാനുദ്ദേശിച്ചിരുന്ന ഉപജില്ലാ കായികമേള നടത്തിപ്പു സംബന്ധിച്ചു തീരുമാനമാകാത്തതാണ് റവന്യൂജില്ലാ കായിക മേള നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.
കായികാധ്യാപക തസ്തികാനിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ചു തസ്തികകള്‍ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്തതില്‍ പ്രതിഷേധിച്ചു സംയുക്ത കായികാധ്യാപക സംഘടന സര്‍ക്കാരിനു സമര നോട്ടീസ് നല്‍കിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മുഴുവന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ഉപജില്ലാ സെക്രട്ടറിമാരും സ്ഥാനം രാജിവച്ചു കായികമേളകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ആരോഗ്യ, കായിക, വിദ്യഭ്യാസ പരിശീലന പരിപാടിയില്‍ കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധ ദിനമായി ആചരിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി നാളെ ഡി.ഡി.ഇ ഓഫിസിനു മുന്നില്‍ പ്രതിഷേധ റാലിയും ധര്‍ണയും നടക്കും. തുടര്‍ന്നാണ് എല്ലാ റവന്യൂ ജില്ലാ സെക്രട്ടറിമാരും 17 ഉപജില്ലാ സെക്രട്ടറിമാരും രാജിക്കത്ത് നല്‍കുക. ഒക്ടോബറിലാണ് സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്നത്. ഇതിനു മുന്‍പായി സെപ്റ്റംബറില്‍തന്നെ മേഖലാ മത്സരങ്ങള്‍ നടക്കണം.
ഈ മാസം 21ന് ഓണപ്പരീക്ഷയും തുടര്‍ന്ന് ഓണ അവധിയുമാണ്. ഇതിനെ തുടര്‍ന്നാണ് ഓണപ്പരീക്ഷയ്ക്കു മുന്‍പേ കായികമേള നടത്താന്‍ ഡി.ഡി.ഇയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. ജില്ലയിലെ ഒരു ഉപജില്ലയിലും ഇതുവരെ കായികമേള നടന്നിട്ടില്ലെന്നതിനാല്‍ ജില്ലാ കായികമേളയ്ക്കു തിയതി കുറിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഇത്തവണത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയായതോടെ നൂറുകണക്കിനു സ്‌പെഷലിസ്റ്റ് തസ്തികകളാണ് നഷ്ടപ്പെട്ടത്. ഇതോടെ വിവിധ ജില്ലകളില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെയും തൊഴില്‍ സാധ്യത ഇല്ലാതായി.
വിദ്യഭ്യാസ അവകാശ നിയമത്തില്‍ കലാ, കായിക, പ്രവൃത്തിപരിചയ വിഷയങ്ങള്‍ കുട്ടിയുടെ അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു മറികടക്കാന്‍ എസ്.എസ്.എയിലൂടെ അധ്യാപകരെ താല്‍ക്കാലികമായി നിയമിച്ച് ഒരധ്യാപകനെ നാലു സ്‌കൂളില്‍ ജോലി ചെയ്യിക്കുകയാണ്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്‌പെഷലിസ്റ്റ് അധ്യാപകര്‍ അടുത്ത ദിവസം മുതല്‍ ആരംഭിക്കേണ്ട മേളകള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."