ചുമടുതാങ്ങികള്‍ സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെടും
തളിപ്പറമ്പ്: തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം ഇ.ടി.സിക്കു സമീപത്തെ രാമദാസ് സ്മാരക ചുമടുതാങ്ങിയും ബ്ലോക്കോഫിസിനു സമീപത്തെ അഛന്റെ ഓര്‍മക്ക് ചുമടുതാങ്ങിയും പുരാവസ്തു വകുപ്പിനെ കൊണ്ട് ഏറ്റെടുപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു കാലഘട്ടത്തിന്റെ ഓര്‍മയായി പാതയോരത്ത് നാശത്തിന്റെ വക്കിലെത്തിയ ചരിത്ര ശേഷിപ്പുകള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിന് ലഭിച്ച പരാതിയില്‍ വിഷയം പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനമായി.
1932 ല്‍ എട്ടാം വയസില്‍ മരണപ്പെട്ട ഏകമകന്‍ രാമദാസിന്റെ സ്മാരയ്ക്കായി പിതാവ് കരിമ്പം ഫാമിലെ മാനേജരായിരുന്ന പട്ടുവം സ്വദേശി വി.വി ഗോപാലന്‍ നമ്പ്യാര്‍ നിര്‍മിച്ചതാണ് ഈ ചുമടുതാങ്ങി.
ഇതിനു സമീപത്തു തന്നെയുളള തളിപ്പറമ്പ് ബ്ലോക്ക് ഓഫിസിനടുത്തു തന്നെയായി 1940 അന്തരിച്ച തന്റെ പിതാവിന്റെ സ്മാരകമായി അച്ഛന്റെ ഓര്‍മക്ക് എന്നപേരിലും ഗോപാലന്‍ നമ്പ്യാര്‍ ചുമടുതാങ്ങി നിര്‍മിച്ചു.
തളിപ്പറമ്പിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നു മാര്‍ക്കറ്റിലേക്ക് വില്‍പ്പനക്കായി കാല്‍നടയായി സാധനങ്ങള്‍ കൊണ്ടുപോകുന്നവര്‍ക്ക് പരസഹായമില്ലാതെ ചുമടിറക്കി വിശ്രമിക്കാനാണ് ഇവ നിര്‍മിച്ചത്. ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ചുമടുതാങ്ങികളും വിസ്മൃതിയിലാണ്ട് നാശത്തിന്റെ വക്കിലെത്തി.
കരിമ്പം ഉദയ സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ ഇതിനു സമീപത്തു തന്നെയുളള കാര്‍ഗില്‍ സ്തൂപത്തോടൊപ്പം ഇപ്പോള്‍ ചുമടു താങ്ങിക്കും സംരക്ഷണം നല്‍കുന്നുണ്ട്.
തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചുമടുതാങ്ങികള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനുളള ശ്രമങ്ങള്‍ക്ക് തുടക്കമായത്. മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍ എന്ന പരിസ്ഥിതി സംഘടന ഇത് സംബന്ധിച്ച് മന്ത്രി കടന്നപ്പള്ളിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
താലൂക്ക് വികസനസമിതി വിഷയം പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ അച്ഛന്റെയും മകന്റെയും അപൂര്‍വ സ്മാരകങ്ങള്‍ക്ക് സംരക്ഷണമൊരുങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."