പഴയ ആശുപത്രികെട്ടിടം അപകടാവസ്ഥയില്‍: സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍
നാദാപുരം: കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടം അപകടാവസ്ഥയില്‍. ഏതു സമയത്തും പൊളിഞ്ഞു വീഴാവുന്ന സാഹചര്യം വ്യാപാരകേന്ദ്രത്തിനു സമീപം ഭീതി വിതയ്ക്കുന്നു. നേരത്തെ നഴ്സിങ് ഹോമായി പ്രവര്‍ത്തിച്ചിരുന്ന താലൂക്ക് ആശുപത്രി പരിസരത്തെ ബഹുനില കെട്ടിടമാണ് മഴയില്‍ കുതിര്‍ന്നു നിലം പൊത്താറായി നില്‍ക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നാദാപുരത്തെ അറിയപ്പെടുന്ന ആതുര ചികിത്സാലയമായിരുന്നു ഇവിടം. കാലപ്പഴക്കവും ജീര്‍ണാവസ്ഥയും കാരണം കെട്ടിടം അടച്ചിടുകയായിരുന്നു. ഫില്ലറുകളുടെയും കോണ്‍ക്രീറ്റ് ഭീമുകളിലെയും കമ്പികള്‍ ദ്രവിച്ചു സിമെന്റ് പാളികള്‍ ഇളകി ഇതിലൂടെ മഴവെള്ളം താഴോട്ടുപതിക്കുന്നതിനാല് കെട്ടിടം ഏതു നിമിഷവും തകരാവുന്ന നിലയിലാണ്. നാദാപുരം ജുമുഅത്ത് പള്ളിക്കു പിന്നില്‍ താമസിക്കുന്ന നിരവധി ആളുകള്‍ ഇത് വഴിയാണ് സഞ്ചരിക്കുന്നത്.
കൂടാതെ ഈ കെട്ടിടത്തിന് സമീപത്തായുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്ന നിരവധി തൊഴിലാളികളും അപകടം ഭയന്നാണ് കഴിയുന്നത്. വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്ന പ്രദേശമായതിനാല്‍ അപകടത്തിന്റെ തോത് വര്‍ധിക്കാനും സാധ്യതയുണ്ട്.
കെട്ടിടം പൊളിച്ചു മാറ്റുകയോ സുരക്ഷ ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടികളോ അധികൃതര്‍ സ്വീകരിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."