പൗരത്വ നിയമ ഭേദഗതിക്കെതിരേ സഭയുടെ ഉറച്ച ശബ്ദം
ഇന്ത്യന്‍ ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുവാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമത്തിനെതിരേ ഇന്നലെ നിയമസഭ പ്രമേയം പാസാക്കിയത് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നതാണ്. സര്‍വ്വകക്ഷി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. പത്തൊമ്പത് പേരില്‍ പതിനെട്ട് പേരും പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ ശബ്ദം ഒറ്റപ്പെട്ടുപോയി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് ഒരു നിയമസഭ പ്രമേയം പാസാക്കുന്നത് ഇത് ആദ്യമാണ്. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കിയതുകൊണ്ട് പ്രയോജനമില്ലെന്ന് പറയാമെങ്കിലും കേരളത്തിന്റെ സംസ്‌കൃതിയും മഹനീയ പാരമ്പര്യവും ഉയര്‍ത്തിപിടിക്കുന്നതായിരുന്നു നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംയുക്ത പ്രമേയം. ധാര്‍ഷ്ട്യത്തിന്റെയും അപരവെറുപ്പിന്റെയും ആള്‍രൂപങ്ങള്‍ രാഷ്ട്രം ഭരിക്കുമ്പോള്‍ അത് ചെറുത്ത് തോല്‍പ്പിക്കേണ്ട ബാധ്യത ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളീയ മതനിരപേക്ഷ സമൂഹത്തിന്റെ ബാധ്യതയാണെന്ന തിരിച്ചറിവാണ് കേരളം പാസാക്കിയ പ്രമേയം. രാജ്യത്തെ കീറിമുറിക്കുവാന്‍ ഒരു ഫാസിസ്റ്റ് ഭരണകൂടം എല്ലാ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ സംവിധാനത്തെയും ചവിട്ടിത്തേക്കുമ്പോള്‍ അതിനെതിരേ ഒറ്റശബ്ദമായി തീരുകയെന്ന കേരളീയ പാരമ്പര്യത്തെയാണ് ഇന്നലെ നിയമസഭയില്‍ ദര്‍ശിക്കാനായത്.
നേരത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഒരു ദിവസത്തെ സത്യഗ്രഹ സമരം സംഘടിപ്പിച്ചപ്പോഴും പൊതുസമൂഹത്തിന്റെ മുഴുവന്‍ ആദരവും പ്രസ്തുത സമരം നേടിയെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ട് വേണം ഇന്നലത്തെ നിയമസഭാ പ്രമേയത്തെയും കാണാന്‍. വരും ദിനങ്ങളിലും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുംവരെ ഇത്തരം സമരങ്ങളും പ്രതിഷേധങ്ങളുമാണ് കേരളീയ സമൂഹം പ്രതീക്ഷിക്കുന്നതും. ഭരണഘടനയുടെ അടിസ്ഥാന ഘടകമായ സമത്വത്തിന്റേയും മതനിരപേക്ഷതയുടെയും നഗ്നമായ ലംഘനമാണ് പൗരത്വ നിയമ ഭേദഗതി . മതരാഷ്ട്രമെന്ന സംഘ്പരിവാര്‍ ലക്ഷ്യമാണ് ഈ നിയമത്തിന്റെ ഉള്ളടക്കം.
അതോടൊപ്പംതന്നെ പരമ പ്രാധാന്യം അര്‍ഹിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ രജിസ്റ്റര്‍. ബി.ജെ.പി നേതാക്കള്‍ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് പരസ്പര വിരുദ്ധമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് തന്നെ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. ഇത് സംബന്ധിച്ച് നിലവില്‍ ആലോചന ഇല്ലെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും നരേന്ദ്രമോദിയും അമിത് ഷായും പറയുന്നുണ്ട്. എന്നാല്‍ ഈ നിയമം നടപ്പിലാക്കുകയില്ലെന്ന് ഇവര്‍ രണ്ടുപേരും തീര്‍ത്തുപറയുന്നുമില്ല.
പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയ ഉടനെ അമിത് ഷാ പറഞ്ഞത് 2024 ആകുമ്പോഴേക്കും പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് പൂര്‍ത്തിയാക്കുമെന്നും പൗരന്മാരല്ലാത്തവരെ പുറത്താക്കുമെന്നായിരുന്നു. അതുതന്നെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഇപ്പോഴത്തെയും നിലപാട്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യവ്യാപകമായ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ മയപ്പെടുത്താന്‍ എടുത്ത തന്ത്രമാണ് പൗരത്വ രജിസ്റ്ററിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന വാദം. നാളെയത് ചര്‍ച്ചക്ക് എടുക്കില്ല എന്ന് പറയുന്നില്ല. പകരം വളരെ നിഷ്‌ക്കളങ്കമായി അവതരിപ്പിച്ചിരിക്കുകയാണ് എന്‍.പി.ആര്‍ എന്ന ജനസംഖ്യാ രജിസ്റ്റര്‍. നേരത്തെയും ഇത് നടപ്പിലാക്കിയതാണല്ലോ, ഇതിലൊരു കുഴപ്പവുമില്ലെന്ന് ബി.ജെ.പി സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ പൗരത്വ രജിസ്റ്ററിനെതിരേ രാജ്യവ്യാപകമായ സമരം രൂക്ഷമായപ്പോള്‍ സൂത്രത്തില്‍ അതിനുപകരം കൊണ്ടുവന്നതാണ് എന്‍.പി.ആര്‍ എന്ന നാഷനല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍. 2010ല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ നടപ്പിലാക്കിയപ്പോള്‍ അതില്‍ പത്ത് ചോദ്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത്തേതില്‍ ഇരുപതിലധികം ചോദ്യങ്ങള്‍ ഉണ്ടുതാനും. പൗരത്വപ്പട്ടികക്ക് വേണ്ടിയുള്ളതാണ് ഈ ചോദ്യങ്ങളൊക്കെയും.
രാജ്യത്തെ സ്ഥിരം താമസക്കാരുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതാണ് ജനസംഖ്യാ രജിസ്റ്റര്‍. സാധാരണ വിവരങ്ങളായിരുന്നു ഇതുവരെ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയതില്‍ മാതാപിതാക്കളുടെ ജനന തിയ്യതിയും ജനന സ്ഥലവും രേഖപ്പെടുത്തണമെന്നായി. അതിന്റെ രേഖകളും വേണം. അതുപോലെ ഭീകരമായ പല ചോദ്യങ്ങളും ഉണ്ട്. അച്ഛനോ അമ്മയോ ജീവിച്ചിരിപ്പില്ലെങ്കില്‍ അവരുടെ ജനന തിയതി, ജനന സ്ഥലം, ഏത് ജില്ലയിലാണ് ജനിച്ചത്, ഏത് രാജ്യത്താണ് എന്നൊക്കെ ചോദിക്കുന്നുണ്ട്. മാതാപിതാക്കളുടെ ജനന സ്ഥലവും ജനന തിയതിയും ചോദിക്കുന്നത് ബോധപൂര്‍വ്വം തന്നെയാണ്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിരവധി പേര്‍ക്ക് കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ആപല്‍ക്കരമായ ഈ എന്‍.പി.ആര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
തൃപ്തികരമായ ഉത്തരം കിട്ടുന്നില്ലെങ്കില്‍ അത്തരം ആളുകളെ സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ജനസംഖ്യാ രജിസ്റ്റര്‍. അതായത് അവരെ സംശയമുള്ള പൗരന്മാരാക്കി മാറ്റും ഈ ജനസംഖ്യാ കണക്കെടുപ്പിലൂടെ. വരാനിരിക്കുന്ന പൗരത്വപ്പട്ടികയില്‍ ഈ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ പ്രസ്തുത ആള്‍ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താവുകയും ചെയ്യും. പൗരത്വ രജിസ്റ്ററിനെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ജനസംഖ്യാ രജിസ്റ്ററിന്റെ മുഖംമൂടിയണിഞ്ഞ് വന്നിരിക്കുകയാണ് പൗരത്വ രജിസ്റ്റര്‍.
അതേപോലെ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്തവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ധീരമായ നിലപാടിന് കളങ്കം ചാര്‍ത്തുന്നതുമാണ്. പ്രതിഷേധിക്കുന്നവരെ ജയിലില്‍ തള്ളുന്ന യു.പി സര്‍ക്കാരിന്റെ നിലപാട് കേരളം ആവര്‍ത്തിക്കരുത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമ്പോള്‍തന്നെ അതിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയങ്ങളുണ്ടാകാനും പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."