പ്രധാനമന്ത്രിക്ക് പുതിയ വസതിയും കെട്ടിടസമുച്ചയവും വരുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിന്റെ എതിര്‍വശത്തായി പുതിയ വസതി വരുന്നു. പുതിയ പാര്‍ലമെന്റ് കെട്ടിടം തയാറാക്കുന്നതിനൊപ്പമാണ് പ്രധാനമന്ത്രിക്ക് പുതിയ വസതിയും പണിയുന്നത്.
നിലവിലുള്ള ശാസ്ത്രി ഭവന്‍, നിര്‍മാണ്‍ ഭവന്‍, റെയില്‍ ഭവന്‍, വായു ഭവന്‍ തുടങ്ങിയ മന്ത്രാലയ കെട്ടിടങ്ങള്‍ പൊളിച്ചാണ് പ്രധാനമന്ത്രിക്ക് പുതിയ വസതി ഒരുക്കുക.
രാഷ്ട്രപതി ഭവന്‍ നില്‍ക്കുന്ന റെയ്‌സീന ഹില്‍സിനോട് ചേര്‍ന്നായിരിക്കും പ്രധാനമന്ത്രിയുടെ പുതിയ വസതി വരുന്നത്. ത്രികോണാകൃതിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ഓഫിസുകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിന് ഒരു ഭൂഗര്‍ഭപാത ഉള്‍പ്പെടെയാണ് പുതിയ നിര്‍മാണം വരുന്നത്.75ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് പൊളിച്ചുപണിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 2022ഓടെ പാര്‍ലമെന്റ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. 900 മുതല്‍ 1000 പേര്‍ക്കിരിക്കാവുന്ന ലോക്‌സഭയാവും ഈ കെട്ടിടത്തിലുണ്ടാകുക.
ഡല്‍ഹിയിലെ മറ്റു നവീകരണ പ്രവര്‍ത്തനങ്ങള്‍ 2024ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
രാഷ്ട്രപതി ഭവന്‍ മുതല്‍ റിഡ്ജ് വരെയുള്ള പ്രദേശം ദേശീയ ജൈവവൈവിധ്യ തോട്ടമാക്കി മാറ്റും. ഇത് പൊതുജനത്തിനായി തുറന്നുകൊടുക്കും. നിലവിലുള്ള പാര്‍ലമെന്റിന്റെ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ മ്യൂസിയമാക്കി മാറ്റും. പൈതൃക സ്വഭാവമുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടായിരിക്കും പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക. ഗുജറാത്തി കമ്പനിക്കാണ് നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."