ഭരണഘടന പഠിക്കാനൊരുങ്ങി കേരളം
തിരുവനന്തപുരം: സാക്ഷരതാ മിഷനും നിയമസഭയും ചേര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും സംഘടിപ്പിക്കുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പ്രേരക്മാരുടെ പരിശീലനം പൂര്‍ത്തിയായി. ഭരണഘടനാ ക്ലാസിനായി നിയമ വിദഗ്ധരുടെ സഹായത്തോടെ സാക്ഷരതാ മിഷന്‍ തയാറാക്കിയ ലഘു പുസ്തകത്തിലാണ് പരിശീലനം നടന്നത്. പ്രേരക്മാരുടെ പരിശീലന പരിപാടിക്ക് സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകല നേതൃത്വം നല്‍കി.
പരിശീലനം ലഭിച്ച പ്രേരക്മാരുടെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന്റ പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കളായ 60,000 പേര്‍ക്കുള്ള പരിശീലന പരിപാടി ഈ മാസം 20ന് മുന്‍പ് പൂര്‍ത്തിയാക്കും. സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍, തുല്യതാ പഠിതാക്കള്‍, ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങി ഒരു ലക്ഷം അധ്യാപകരുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം ക്ലാസുകള്‍ ആരംഭിക്കുന്നതോടെ കേരളം ഭരണഘടനയുടെ പാഠശാലയായി മാറും.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ പ്രമാണങ്ങള്‍ സാധാരണക്കാരെ പഠിപ്പിക്കുകയെന്ന ദൗത്യമാണ് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ഭരണഘടനാ നിര്‍മാണത്തിന്റെ നാള്‍വഴികള്‍, മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, പൗരജീവിതം, ലിംഗസമത്വം തുടങ്ങിയ ഭരണഘടനാ തത്വങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് ജനകീയ വിദ്യാഭ്യാസ പരിപാടി.
എല്ലാ വാര്‍ഡുകളിലും ഭരണഘടനാ സാക്ഷരതാ ക്ലാസുകളും ജില്ലാ തലത്തില്‍ ഭരണഘടനാ സാക്ഷരതാ സംഗമങ്ങളും നടക്കും. പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കളുടെ നേതൃത്വത്തില്‍ അവരുടെ പഠനാനുബന്ധ പ്രവര്‍ത്തനമായി 15 പേര്‍ വീതം പങ്കെടുക്കുന്ന 60,000 ക്ലാസുകള്‍ സംഘടിപ്പിക്കും.
ഒരു ലക്ഷത്തോളം റിസോഴ്‌സ് പേഴ്‌സന്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കുറഞ്ഞത് 50 ലക്ഷം പേര്‍ക്ക് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ക്ലാസ് നല്‍കും. ജനുവരി 26ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാനതല ഭരണഘടനാ സംരക്ഷണ സംഗമത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി 15000 പേര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."