നാണക്കേടിന്റെ കൊടുമുടിയില്‍ ആദര്‍ശ് റെയില്‍വേ സ്റ്റേഷന്‍
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക്, വടക്കാഞ്ചേരി നഗരസഭ ആസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്റെ വികസനം അധികൃതര്‍ അട്ടിമറിക്കുന്നതായി പരാതി. നാലു വര്‍ഷം മുന്‍പ് ആദര്‍ശ് സ്റ്റേഷനായി വടക്കാഞ്ചേരിയെ പ്രഖ്യാപിച്ചതാണെങ്കിലും നടപടികള്‍ പ്രഖ്യാപനത്തിലൊതുങ്ങി. ഷൊര്‍ണൂര്‍ - എറണാംകുളം റെയില്‍പാതയോളം പഴക്കമുണ്ട് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന് എന്നാല്‍ വികസനം ഇപ്പോഴും സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്. ഒന്നാം പ്ലാറ്റ് ഫോം അടിസ്ഥാന സൗകര്യങ്ങളൊരുക്കി നവീകരിച്ചതൊഴിച്ചാല്‍ മറ്റെല്ലാം ഇന്നും മരീചികയാണ്. നിലവിലെ സൗകര്യങ്ങള്‍ ഓരോന്നായി എടുത്തുകളയുകയാണ് റെയില്‍വേയുടെ പ്രധാന ഹോബി. ആരും എതിര്‍ക്കാനില്ലാത്തത് വികസന വിരുദ്ധര്‍ക്ക് കരുത്താകുന്നു. ഏറ്റവും ഒടുവില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലഘുഭക്ഷണ ശാലയാണ്. ഇതും അടച്ച് പൂട്ടിയതോടെ ഈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ചായ പോലും ലഭിക്കാത്ത അവസ്ഥയാണ്. ദാഹജലം ലഭിക്കാന്‍ പോലും ഒരു മാര്‍ഗവും ഇല്ല. 36 ലക്ഷം രൂപ വാടക കുടിശിക ഉണ്ടെന്നും ഇത് അടക്കണമെന്നും ആവശ്യപ്പെട്ടാണ് ഭക്ഷണശാല അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ, ഡിവിഷന്‍ ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം തുടങ്ങിയവയെല്ലാം എടുത്ത് മാറ്റിയിരുന്നു. റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് വേണ്ടി വലിയ പോരാട്ടം നടത്തുമെന്ന് സ്ഥലം എം.പി പി.കെ ബിജു നിരന്തരം പ്രഖ്യാപിക്കുമ്പോഴാണ് ഉള്ള സൗകര്യം പോലും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതെന്നത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."