ആവശ്യമെങ്കില്‍ നിയമ നടപടിയെടുക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ
തിരുവനന്തപുരം: വനിതാ മതില് കെട്ടുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകളെ പങ്കെടുപ്പിക്കുന്നതിനു സര്‍ക്കാര്‍ മനഃപൂര്‍വമായ തീരുമാനമെടുത്താല്‍ നിയമനടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. കഴിഞ്ഞദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെ.പി.സി.സി ഇതുസംബന്ധിച്ചു തീരുമാനമെടുത്തിരുന്നു.
വനിതാ മതിലില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് അവധി അനുവദിക്കുകയോ, ജോലിയുടെ ഭാഗമായി പരിഗണിച്ച് ഇവരെ പങ്കെടുപ്പിക്കുന്നതിനോ സര്‍ക്കാര്‍ തീരുമാനമുണ്ടായാല്‍ അതിനെതിരേ കോടതിയെ സമീപിക്കുന്നതിനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ ആശയക്കുഴപ്പം തുടരുകയാണ്. വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് അവധി അനുവദിച്ചാലും ജോലിയുടെ ഭാഗമായി അവരെ പങ്കെടുപ്പിച്ചാലും അതു വിവാദമാകുമെന്ന് സര്‍ക്കാരിനറിയാം. അതുകൊണ്ടാണ് അക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി ഒരു ഉത്തരവ് പുറപ്പെടുവിക്കാത്തത്. ഉത്തരവ് പുറപ്പെടുവിക്കാതിരുന്നാല്‍ ഉദ്യോഗസ്ഥകളായിട്ടുള്ളവര് വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ഈ പ്രശ്നം എങ്ങനെ മറികടക്കാമെന്ന ആലോചനയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. ജീവനക്കാരികളെ ഒരു മണിക്കൂര്‍ നേരത്തെ പോകാന്‍ അനുവദിക്കുകയും അതിലൂടെ വനിതാ മതിലിന്റെ ഭാഗമാക്കാനാകുമോയെന്നതാണ് അവസാനം സര്‍ക്കാര്‍ പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."