ആര്‍ക്കുവേണം സമാധാനം
കേരളത്തില്‍ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ അത്രതന്നെ പഴക്കമുണ്ട് സര്‍വകക്ഷി, ഉഭയകക്ഷി സമാധാനയോഗങ്ങള്‍ക്ക്. തലശ്ശേരിയിലെ ആര്‍.എസ്.എസ്- സി.പി.എം കൊലകളുടെ സ്‌കോര്‍ ബോര്‍ഡ് പത്രങ്ങള്‍ ദിനംപ്രതി ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച 1980 കാലത്തും നടന്നിരുന്നു സമാധാനയോഗം. പിന്നീട് സംഘര്‍ഷം കണ്ണൂര്‍ജില്ലയുടെ ഇതരഭാഗങ്ങളിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചപ്പോള്‍ സമാധാനയോഗങ്ങളും വ്യാപകമായി.
ആര്‍.എസ്.എസ്- സി.പി.എം സംഘട്ടനത്തിന്റെ പേരില്‍ മാത്രമല്ല, നാദാപുരത്തെ സി.പി.എം- ലീഗ് സംഘര്‍ഷമടക്കമുള്ള മറ്റു രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടും സംയുക്ത സമാധാനപ്രഖ്യാപനങ്ങള്‍ ഒട്ടേറെതവണ ഉണ്ടായിട്ടുണ്ട്. എന്നിട്ടും സമാധാനമെന്ന വാക്കിനു പോലും സമാധാനമില്ലാതായി എന്നല്ലാതെ വെട്ടും കൊലയും ഒട്ടും കുറഞ്ഞില്ല. ഇപ്പോള്‍ ഓരോദിവസവും മലയാളികള്‍ ഉണരുന്നത് ആരെങ്കിലും കൊല്ലപ്പെട്ടോ എന്ന ഉല്‍ക്കണ്ഠയുമായാണ്. സങ്കടപ്പെടാനല്ല, ഹര്‍ത്താലുണ്ടോ എന്നറിയാന്‍.
ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്തുണ്ടായ കൊലയുടെയും അക്രമങ്ങളുടെയും പേരിലും നടന്നു സമാധാനയോഗം. ഒന്നല്ല, മൂന്നെണ്ണം. ആദ്യം തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ ആട്ടിപ്പുറത്താക്കി മുഖ്യമന്ത്രിയും സി.പി.എം, സംഘ്പരിവാര്‍ നേതാക്കളും നടത്തിയ 'തലപുകഞ്ഞാലോചിക്കല്‍.' തൊട്ടുപിറകെ കണ്ണൂരില്‍ കോടിയേരിയും കുമ്മനവും പരസ്പരം കൈകൊടുത്തു വെളുക്കെച്ചിരിച്ചു. അതിനു പിറ്റേന്നു തിരുവനന്തപുരത്തു സര്‍വകക്ഷിയോഗം.
സമാധാനത്തിനായി ഇത്രയേറെ പാടുപെടുന്ന മുഖ്യമന്ത്രിക്കും സി.പി.എം, സംഘ്പരിവാര്‍ നേതാക്കള്‍ക്കും ശരിക്കും പറഞ്ഞാല്‍ നൊബേല്‍ സമ്മാനം കൊടുക്കേണ്ടതാണ്. ഇവരെക്കാള്‍ വലിയ സമാധാനപ്രേമികള്‍ ലോകത്തു വേറെയുണ്ടാകില്ലെന്ന് ഉറപ്പ്.
യോഗങ്ങളുടെ തീരുമാനം നല്ലതു തന്നെ. പണ്ടുണ്ടായ തീരുമാനങ്ങളും മോശമായിരുന്നില്ല. എന്നാല്‍, തിരുവനന്തപുരത്ത് ആദ്യ യോഗം നടന്നതിനു പിറ്റേന്നുതന്നെ അക്രമമുണ്ടായി. അത് ഇനി തുടരില്ലെന്നു ഉറപ്പായി പറയാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല.
നേതാക്കളുടെ, പ്രത്യേകിച്ച് സംഘ്പരിവാര്‍ നേതാക്കളുടെ ചെയ്തികള്‍ എരിതീയില്‍ എണ്ണയൊഴിക്കലായി. സമാധാനമുണ്ടാക്കലാണ് യഥാര്‍ഥലക്ഷ്യമെങ്കില്‍ ചര്‍ച്ചകള്‍ക്കു നടുവിലേക്കു പകയുടെ പ്രത്യയശാസ്ത്രവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വരുമായിരുന്നില്ല. തലസ്ഥാനത്തു വന്നിറങ്ങി അക്രമത്തിനിരകളായവരെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും കണ്ട് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളില്‍ സമാധാനപ്പൂതി ഒട്ടും കാണുന്നില്ല. അക്രമങ്ങളെ കടുപ്പംകൂട്ടി വര്‍ണിച്ചും അണികളെ ആവേശം കൊള്ളിച്ചുമാണു ജെയ്റ്റ്‌ലി മടങ്ങിയത്. തൊട്ടുപിറകെ കേരളമാകെ സഞ്ചരിച്ചു സംസാരിക്കാന്‍ അമിത്ഷാ വരുന്നെന്നും കേള്‍ക്കുന്നു. അതുംകൂടിയായാല്‍ കാര്യങ്ങള്‍ കൊഴുക്കും.
ഏതുസമയവും സമാധാനം കൂടെ കൊണ്ടുനടക്കുന്ന യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പിയുടെ വിവിധ സംസ്ഥാനമുഖ്യമന്ത്രിമാരും കൂട്ടിനെത്തും. തീര്‍ന്നില്ല, സമാധാനത്തിന്റെ വെള്ളരിപ്രാക്കളായ ആര്‍.എസ്.എസ്.എസുകാരുടെ ദേശീയനായകന്‍ മോഹന്‍ ഭാഗവതും വരുന്നൂ കേരളത്തിലേക്ക്. ഇവരെല്ലാം തെക്കുവടക്കു നടന്ന് എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ അണികള്‍ പ്രകോപിതരാകുമെന്ന് ഉറപ്പ്. അതുതന്നെയാണല്ലോ ഡല്‍ഹിയിലിരിക്കുന്നവരുടെ ലക്ഷ്യവും. കോഴയുടെ കറ രക്തം കൊണ്ടെങ്കിലും കഴുകിക്കളയണമല്ലോ.
സംഘ്പരിവാര്‍ നേതാക്കള്‍ ഇവിടെ വന്നാല്‍ സി.പി.എം നേതാക്കള്‍ മിണ്ടാതിരിക്കുമോ. എം.എം മണിയെപ്പോലുള്ള പ്രഗത്ഭവാഗ്മികള്‍ക്കു പഞ്ഞമില്ലാത്ത പാര്‍ട്ടി മറുപടി പറയാന്‍ തുടങ്ങിയാല്‍ അവരുടെ ശക്തികേന്ദ്രങ്ങളിലും രക്തം തിളയ്ക്കും. അതോടെ ഇനിയും ധാരാളം സമാധാനയോഗങ്ങള്‍ കാണേണ്ടി വരും.
*** *** ***
വെട്ടും കൊലയും അതിന്റെ വഴിക്കു നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ ഒന്നു വിളിച്ചുവരുത്തി. ആരും പ്രതീക്ഷിക്കാത്ത തരത്തില്‍ വളരെ സന്തോഷത്തോടെ ചെന്നുകാണുകയും ചെയ്തു. രാഷ്ട്രീയസംഘര്‍ഷങ്ങളിലുള്ള ആശങ്ക അറിയിച്ചേക്കാമെന്നു കരുതി വിളിച്ചതാകണം.
എന്നാലും, ഇങ്ങനെയൊരു വിളിച്ചുവരുത്തല്‍ നാട്ടുനടപ്പല്ല. ഇതുപോലെ വിളിച്ചാല്‍ തിരുവായ്ക്ക് എതിര്‍വായില്ലാതെ ചെന്നുകാണുന്നതു സി.പി.എമ്മിനെപ്പോലുള്ള വിപ്ലവപ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രിമാര്‍ക്കു പറ്റിയ ശീലവുമല്ല. സാധാരണഗതിയില്‍ ഫെഡറല്‍ അവകാശങ്ങള്‍ക്കുവേണ്ടി സി.പി.എമ്മുകാരുടെ ചോര തിളച്ചുമറിയേണ്ടതാണ്. എന്നാല്‍, അതില്‍ ഒരു അപാകതയും സംസ്ഥാന കമ്മിറ്റി കണ്ടില്ല. വിളിച്ചതിലും പോയതിലും തെറ്റില്ലെന്നു പത്രക്കുറിപ്പുമിറക്കി.
എന്നാല്‍, ഉടക്കിനു കിട്ടുന്ന സന്ദര്‍ഭമൊന്നും കളഞ്ഞുകുളിക്കാത്ത കാനം രാജേന്ദ്രന്‍ വിട്ടില്ല. ഇതു സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നൊക്കെ പറഞ്ഞു കാനം. ഇതില്‍ കയറിപ്പിടിച്ചു മറുപടി പറയുന്ന പതിവിനു സി.പി.എം. തയാറായതുമില്ല. ഇത്രയൊക്കെ ആയിട്ടും സംഗതി ക്ലച്ചുപിടിക്കാതിരിക്കുന്നതു കണ്ടപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫെഡറല്‍ അവകാശബോധം കത്തിക്കയറി. സംസ്ഥാനത്തിന്റെ അവകാശത്തിനുമേല്‍ കേന്ദ്രം കടന്നുകയറുന്നതില്‍ ചെന്നിത്തല രോഷംകൊണ്ടു.
കേന്ദ്രം ഭരിക്കുന്നതു കോണ്‍ഗ്രസല്ലാത്തതുകൊണ്ടു ചെന്നിത്തലയ്ക്ക് അതൊക്കെ പറയാമല്ലോ. ഇപ്പോള്‍ സംസ്ഥാനത്തിന്റെ അധികാരത്തിനു മേല്‍ കേന്ദ്രം കടന്നുകയറുന്നതില്‍ പ്രയാസം സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനല്ല, മറിച്ച് പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനാണ്. ഇതെല്ലാം കണ്ടപ്പോള്‍ പിന്നെ ഇടപെടാതിരിക്കാനാവാത്ത അവസ്ഥയില്‍ സി.പി.എമ്മും എത്തി. സംസ്ഥാനകമ്മിറ്റിയുടെ തീരുമാനത്തിനു ഭിന്നമായി ഗവര്‍ണറുടെ നടപടിക്കെതിരേ കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. വളരെ സൂക്ഷിച്ച് മൃദുവായ ഭാഷയില്‍.
സ്വന്തം മുന്നണിയില്‍നിന്നും പ്രതിപക്ഷത്തുനിന്നുമൊക്കെ ഇങ്ങനെ പ്രകോപനമുണ്ടായിട്ടും സി.പി.എം നേതാക്കള്‍ പാലിച്ച സംയമനം ഇക്കാര്യത്തില്‍ എതിര്‍പ്പില്ലാത്തതുകൊണ്ടാണെന്നൊന്നും കരുതാനാവില്ല. സാഹചര്യത്തിന്റെ സമ്മര്‍ദത്താല്‍ മാത്രമാണത്. എന്തെങ്കിലും മാര്‍ഗങ്ങളുണ്ടാക്കി സംസ്ഥാനസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്ന കാര്യം മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണു സി.പി.എം നേതാക്കള്‍.
കേരളത്തില്‍ ബി.ജെ.പി നടത്തുന്ന ഓരോ നീക്കത്തിലും അതിന്റെ മണമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രത്തെയോ ഗവര്‍ണറെയോ വല്ലാതെ മുഷിപ്പിക്കാതിരിക്കുന്നതാണു ഭംഗിയെന്നു ഭരണത്തിലിരിക്കുന്ന പാര്‍ട്ടി കരുതിപ്പോയാല്‍ കുറ്റംപറയാനാവില്ല. ചില സന്ദര്‍ഭങ്ങളില്‍ മൗനംതന്നെയാണല്ലോ ഭൂഷണം.
ഒരുകണക്കിനു നോക്കിയാല്‍ ഗവര്‍ണര്‍ സദാശിവം അത്രയൊന്നും കരുതിക്കാണില്ല. വിളിച്ചുവരുത്തല്‍ സൃഷ്ടിച്ചേക്കാവുന്ന പുകിലുകളെക്കുറിച്ചു രാഷ്ട്രീയക്കാരനെന്ന നിലയില്‍ പ്രവര്‍ത്തനപരിചയമില്ലാത്ത പഴയ ന്യായാധിപന്‍ ചിന്തിക്കാതിരിക്കുന്നതു സ്വാഭാവികം. കോടതികളിലേക്കു ബന്ധപ്പെട്ട കക്ഷികളെ സമന്‍സ് അയച്ചു വരുത്തുന്ന ശീലത്തില്‍ ചെയ്തുപോയതാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."