അക്രമ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി
തിരുവനന്തപുരം: അക്രമരാഷ്ട്രീയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ഇതോടെ ബാക്കിയുള്ള സെഷനുകള്‍ റദ്ദുചെയ്ത് സഭ പിരിഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. മുരളീധരന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
സംസ്ഥാനത്തെ ക്രമസമാധാന നിലയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഇതേത്തുടര്‍ന്ന് പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയത്. ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലും കേരളാ കോണ്‍ഗ്രസ് എം അംഗങ്ങളും വാക്കൗട്ട് നടത്തി.
ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് കേരളത്തെ കൊലക്കളമാക്കുകയാണെന്നും പൊലിസ് നിഷ്‌ക്രിയമാണെന്നും അടിയന്തര പ്രമേയം കൊണ്ടുവന്ന കെ. മുരളീധരന്‍ കുറ്റപ്പെടുത്തി. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് 18 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായി. അതില്‍ പതിനേഴും സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി ഉണ്ടാവും. സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സമാധാനം ഉണ്ടാവാന്‍ പൊലിസ് മാത്രം വിചാരിച്ചതുകൊണ്ട് കഴിയില്ല. കേരളത്തില്‍ പശുവിന്റെ പേരില്‍ അക്രമങ്ങള്‍ നടക്കുന്നില്ല. അത് സംഭവിക്കാത്തത് മലയാളികള്‍ക്ക് മതനിരപേക്ഷതാ ബോധം ഉള്ളതിനാലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി രാഷ്ട്രതന്ത്രജ്ഞന്റെ നിലവാരത്തില്‍ ഉയരണമെന്നും അല്ലെങ്കില്‍ അക്രമം നടക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ വരാന്‍ പറ്റില്ലെന്നു പറയണമായിരുന്നു. ഗവര്‍ണറുടെ മുന്നിലെ മുഖ്യമന്ത്രിയുടെ ഇരിപ്പ് കേരളത്തിന് അപമാനകരമായിരുന്നു. ജനപ്രതിനിധിയാണ് മുഖ്യമന്ത്രി. അതെങ്കിലും ഓര്‍ക്കണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."