ബി.ജെ.പി ആക്രമണം കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.കെ മുനീര്‍, പാറക്കല്‍ അബ്ദുല്ല, എം. ഉമ്മര്‍, എന്‍.എ നെല്ലിക്കുന്ന്, എന്‍. ഷംസുദ്ദീന്‍, വി.ജോയി, എം.സ്വരാജ്, ഇ.പി ജയരാജന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.വ്യാപകമായ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.
ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടുന്നതിന് ബി.ജെ.പി ചില തെറ്റായ നടപടികള്‍ സ്വീകരിക്കാനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. മെഡിക്കല്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതിനുശേഷം വേണമെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും.
അഴിമതി അതീവ ഗൗരവതരമാണ്. പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അതില്‍ പരാമര്‍ശിക്കുന്ന എല്ലാ കാര്യങ്ങളും വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍വരും. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അന്വേഷണം ഗൗരവമായി നടന്നുവരികയാണ്. കോഴ ഇടപാടില്‍ പണം സ്വീകരിച്ച വ്യക്തിതന്നെ പണം കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അക്രമികളെ രക്ഷിക്കാന്‍ ബി.ജെ.പി വന്‍തോതില്‍ പണമിറക്കുന്നുണ്ട്. ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളനോട്ടടി കേസ് വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എന്നാല്‍, അതിനെ ന്യായീകരിക്കാനാണ് ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല ബി.ജെ.പി നേതാക്കള്‍ക്കും അവിശ്വസനീയമായ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് എം. സ്വരാജ് ഉന്നയിച്ചു. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രാവിലെ ചോദ്യോത്തര വേളയിലാണ് ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ചുനിന്ന് കോഴ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ബി.ജെ.പിയുടെ ഏക അംഗമായ ഒ. രാജഗോപാല്‍ ഇതെല്ലാം കേട്ട് നിശബ്ദനായി ഇരുന്നു. ബി.ജെ.പിക്കെതിരേ ശക്തമായ വിമര്‍ശനമാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഉന്നയിച്ചത്. ബി.ജെ.പി, സി.പി.എം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."