ഓസീസിന് മേല്‍ക്കൈ
പെര്‍ത്ത്: ആസ്‌ത്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം കൂട്ടംകൂട്ടമായി മടങ്ങിയതോടെ പെര്‍ത്തിലെ വിജയമെന്ന ഇന്ത്യന്‍ സ്വപ്നം കാണാമറയത്ത്.
ആസ്‌ത്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 100 കടക്കുന്നതിന് മുന്‍പ് തന്നെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി. നാലാംദിനം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സാണ് ഇന്ത്യ നേടിയത്. 24 റണ്‍സുമായി ഹനുമ വിഹാരിയും 9 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. അഞ്ചാം ദിനം ഇരുവരും ക്ഷമയോടെ ബാറ്റ് വീശിയാല്‍ മാത്രമേ ഇന്ത്യക്ക് സമനില പ്രതീക്ഷപോലും നിലനിര്‍ത്താനാകൂ. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന്റെ ലീഡിലാണ് നിലവില്‍. ഈ മത്സരം കൂടെ വരുതിയിലാക്കാനായിരുന്നെങ്കില്‍ കോഹ്‌ലിക്കും സംഘത്തിനും പരമ്പര പ്രതീക്ഷ നിലനിര്‍ത്താമായിരുന്നു.
തകര്‍ന്നടിഞ്ഞ് മുന്‍നിര
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡ് തുറക്കും മുന്‍പേ ലോകേഷ് രാഹുല്‍ മടങ്ങി. ആദ്യ ഓവറിലെ നാലാം പന്തില്‍ സ്റ്റാര്‍ക്കാണ് രാഹുലിന്റെ കുറ്റി തെറിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രാഹുല്‍ അഞ്ച് റണ്‍സെടുക്കും മുന്‍പ് മടങ്ങുന്നത്. കഴിഞ്ഞ ഇന്നിങിസില്‍ 2 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. പിന്നാലെ ഇന്ത്യന്‍ വന്മതില്‍ ചേതേശ്വര്‍ പൂജാരയും (4) മടങ്ങിയതോടെ ഇന്ത്യന്‍ പതനം ഏറെക്കുറെ ഉറപ്പായതായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുരളി വിജയിയെ കൂട്ടുപിടിച്ച് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. സ്‌കോര്‍ 48 ല്‍ നില്‍ക്കെ നഥാന്‍ ലിയോണിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജ കോഹ്‌ലിയെ പിടികൂടിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീണു. 40 പന്തില്‍ 17 റണ്‍സായിരുന്നു കോഹ്‌ലി നേടിയത്. തൊട്ടുപിന്നാലെ 20 റണ്‍സെടുത്ത മുരളി വിജയിയെയും നഥാന്‍ മടക്കി. ഇരുവരും മടങ്ങിയതിന് ശേഷം ഒത്തുകൂടിയ രഹാനെ - ഹനുമ വിഹാരി സഖ്യം ഇന്ത്യക്ക് വീണ്ടും പുതുജീവന്‍ നല്‍കിയെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 98ല്‍ നില്‍ക്കെ രഹാനെയും പവലിയനില്‍ തിരിച്ചെത്തി. 43 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 47 പന്തില്‍ 30 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. ആസ്‌ത്രേലിയക്ക് വേണ്ടി നഥാന്‍ ലിയോണും ജോഷ് ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി.
പിടിച്ചുനിന്ന് ഓസീസ്
നാലാം ദിനം ഓസീസ് കരുതലോടെയാണ് തുടങ്ങിയത്. പക്ഷേ ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഓസീസ് സ്‌കോര്‍ 243 റണ്‍സിലൊതുങ്ങി. നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെന്ന നിലയില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ഓസീസ് 53 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. 72 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഖവാജ - ടിം പെയിന്‍ സഖ്യമാണ് ആസ്‌ത്രേലിയക്ക് ഭേദപ്പെട്ട ലീഡ് സമ്മാനിച്ചത്.
213 പന്ത് നേരിട്ട ഖവാജ വെറും അഞ്ച് ഫോറുകളുടെ അകമ്പടിയോടെയാണ് 72 റണ്‍സ് നേടിയത്. ടിം പെയിന്‍ 116 പന്തുകളില്‍ നിന്ന് 37 റണ്‍സ് നേടി. ഇരുവരെയും പുറത്താക്കി ഷമിയാണ് ഓസീസിനെ സമ്മര്‍ദത്തിലാക്കിയത്. പിന്നാലെ ആരോണ്‍ ഫിഞ്ചിനെ (25) ഷമി പന്തിന്റെ കൈകളിലെത്തിച്ചു. പാറ്റ് കമ്മിന്‍സ് (1), മിച്ചല്‍ സ്റ്റാര്‍ക് (14) എന്നിവരെ ബുമ്രയും നഥാന്‍ ലിയോണിനെ (5) ഷമിയും പുറത്താക്കി. ജോഷ് ഹെയ്‌സല്‍വുഡ് (17*) മാത്രമാണ് അവസാന വിക്കറ്റില്‍ ചെറുത്തുനില്‍പ് നടത്തിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ആറ് വിക്കറ്റ് നേടി. ബുമ്ര മൂന്നും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും നേടി.
പൃഥിക്ക് പകരം മായങ്ക്,
ഹാര്‍ദികും ടീമിലേക്ക്
സന്നാഹ മത്സരത്തില്‍ പരുക്കേറ്റ പൃഥി ഷാക്ക് പകരം മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. മെല്‍ബണ്‍, സിഡ്‌നി ടെസ്റ്റിലേക്കാണ് താരത്തെ ടീമിലുള്‍പ്പെടുത്തിയത്. പരുക്കേറ്റ് കുറച്ചു കാലം ടീമില്‍നിന്ന് പുറത്തുപോവേണ്ടി വന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയേയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."