ട്രംപിന്റെ വിജയത്തിനായി റഷ്യ സാമൂഹിക മാധ്യമങ്ങളിലൂടെ ഇടപെട്ടെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: 2016ല്‍ നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി റഷ്യ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി ഇടപെട്ടെന്ന് റിപ്പോര്‍ട്ട്. വോട്ടര്‍മാരെ സ്വാധീനിച്ച് ട്രംപിന് വോട്ട് രേഖപ്പെടുത്താനായുള്ള വാക്കുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ പ്രധാന സാമൂഹിക മാധ്യമങ്ങളിലൂടെ റഷ്യ പ്രചരിപ്പിച്ചെന്ന് യു.എസ് സെനറ്റ് കമ്മിറ്റി ചുമതലപ്പെടുത്തിയ ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ സെനറ്റില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ പ്രാഥമിക കണ്ടെത്തെലുകള്‍ വാഷിങ്ടണ്‍ പോസ്റ്റിന് ലഭിച്ചു. ലക്ഷക്കണക്കിന് പോസ്റ്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ കമ്മിറ്റി പരിശോധിച്ചത്. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കും പ്രത്യേകിച്ച് ഡൊണാള്‍ഡ് ട്രംപിനും അനുകൂലമായ പ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമായും യാഥാസ്തിക, വലതുപക്ഷ വോട്ടര്‍മാരെ ലക്ഷ്യമാക്കിയുള്ള പ്രചാരണങ്ങളാണുണ്ടായത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ പിന്തുണക്കാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളാണ് കൈമാറിയിരുന്നത്.
ട്രംപിന് വെല്ലുവിളിയുയര്‍ത്തുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന സന്ദേശങ്ങളും കൈമാറി. ഇത്തരക്കാരെ വോട്ട് ചെയ്യുന്നതില്‍നിന്നു നിരുത്സാഹപ്പെടുത്തി. യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ പ്ലസ്, ടംപ്ലര്‍, പിന്‍ട്രസ്റ്റ് തുടങ്ങിയവയിലൂടെയാണ് പ്രധാനമായും പ്രചാരണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ചുള്ള പുതിയ കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇടപെടലുണ്ടായെന്ന് ഡെമോക്രാറ്റിക് ,റിപബ്ലിക്ക് ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ട് 2017ല്‍ പുറത്തുവിട്ടിരുന്നു. വ്യക്തമായി ഇടപെടലുണ്ടായെന്ന് കണ്ടെത്തിയെങ്കിലും ഇക്കാര്യത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ സംശയം ഉയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."