രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്; കോണ്‍ഗ്രസ് എം.എല്‍.എമാരെ ഗുജറാത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റി
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി ബംഗളൂരുവിലേക്ക് മാറ്റിയ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇന്നലെ ഗുജറാത്തിലേക്ക് മടങ്ങി. ഇന്നലെ പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ എം.എല്‍.എമാരെ ഇവിടെ നിന്ന് 77 കി.മീറ്റര്‍ അകലെയുള്ള ആനന്ദ് ജില്ലയിലെ ഒരു റിസോര്‍ട്ടിലേക്ക് മാറ്റി.
ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്നിലും വിജയിക്കുന്നതിനുവേണ്ടിയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ വശത്താക്കി ബി.ജെ.പി തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ശങ്കര്‍ സിങ് വഗേല ഉള്‍പ്പെടെ ആറ് അംഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. മൂന്ന് എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയിലേക്ക് മാറുകയും ചെയ്തു. ശേഷിക്കുന്നവരെ മറുകണ്ടം ചാടാന്‍ അനുവദിക്കാതെ സംരക്ഷിക്കുന്നതിനായാണ് ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നത്.
അതേസമയം എല്ലാ എം.എല്‍.എമാരും പാര്‍ട്ടിക്കൊപ്പമായതുകൊണ്ട് വിജയപ്രതീക്ഷയുണ്ടെന്ന് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ഭരത് സിങ് സോളങ്കിക്കൊപ്പം അദ്ദേഹം ആനന്ദ് ജില്ലയിലെ നീജാനാന്ദ് റിസോര്‍ട്ടിലെത്തി എം.എല്‍.എമാരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
ഗുജറാത്തില്‍ നിന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ മത്സരിക്കുന്നുണ്ട്. മൂന്ന് സീറ്റുകളുള്ള ഇവിടെ അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് തടയിടാനും ഈ സീറ്റില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ബല്‍വിന്ദ് സിങ് രജപുത്തിനെ മത്സരിപ്പിക്കാനുമാണ് ബി.ജെ.പി തീരുമാനിച്ചത്. ഇദ്ദേഹത്തിന്റെ വിജയത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയത്. എം.എല്‍.എമാരെ ബംഗളൂരുവില്‍ ഒളിപ്പിക്കാന്‍ നേതൃത്വം നല്‍കിയ കര്‍ണാടക വൈദ്യുതി മന്ത്രി ഡി. ശിവകുമാറിനെ സമ്മര്‍ദത്തിലാക്കാന്‍ ആദായ നികുതി റെയ്ഡ് നടത്തിയും കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയിരുന്നു.
അതിനിടയില്‍ കോണ്‍ഗ്രസ് വിട്ട ശങ്കര്‍ സിങ് വഗേല ആര്‍ക്ക് വോട്ടുചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ മനസ് തുറക്കാന്‍ തയാറായിട്ടില്ല. അഹമ്മദ് പട്ടേലിനു തന്നെയായിരിക്കും അദ്ദേഹം വോട്ടു ചെയ്യുകയെന്ന സൂചനയും മുന്നോട്ടു വച്ചിട്ടുണ്ട്. ഓരോരുത്തരുടെയും വോട്ട് അവരവരുടെ കാര്യമാണ്. അഹമ്മദ് പട്ടേലുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും വഗേല കൂട്ടിച്ചേര്‍ത്തു.
എന്റെ വോട്ട് രഹസ്യമാണ്. കോണ്‍ഗ്രസില്‍ നിന്ന് തനിക്ക് വിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ പാര്‍ട്ടിയില്‍ ഇല്ലാത്തതുകൊണ്ട് വിപ്പ് ബാധകമല്ല-വഗേല പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട് ഇപ്പോഴും കോണ്‍ഗ്രസിനൊപ്പമാണെന്ന് ബി.ജെ.പി സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."