ബി.ജെ.പി നേതാവ് ആംബുലന്‍സ് തടഞ്ഞിട്ടു; ചികിത്സ കിട്ടാതെ രോഗി മരിച്ചു
ഛണ്ഡീഗഡ്: കാറിലിടിച്ചെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ആംബുലന്‍സ് തടഞ്ഞതിനാല്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഹരിയാനയിലെ ഫതേഹബാദ് കൗണ്‍സിലറായ ദര്ശന് നാഗ്പാലിനെതിരേയാണ് രോഗിയുടെ ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് ഇവര്‍ പൊലിസില്‍ പാരാതി നല്കി.
ശനിയാഴ്ച വൈകിട്ട് രോഗിയായ നവീന്‍ സോനിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സ് കാറിലിടിച്ചെന്ന് ആരോപിച്ച് പിന്തുടര്‍ന്ന ബി.ജെ.പി നേതാവ് വാഹനം തടഞ്ഞിട്ടു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഗിയുടെ ബന്ധുക്കളുമായി തര്‍ക്കത്തിലേര്‍പ്പെട്ട് ആംബുലന്‍സിനെ അരമണിക്കൂറാണ് ഇയാള്‍ വഴിയില്‍ തടഞ്ഞിട്ടത്.
ആശുപത്രിയിലേക്കാണെന്നും പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ഇയാളുടെ നിലപാടില്‍ മാറ്റം വരുത്താന്‍ തയാറായില്ല. ആശുപത്രിയിലേക്ക് എത്തിയപ്പോഴേക്ക് നവീന്‍ മരിച്ചിരുന്നു. 15 മിനുറ്റുകള്‍ക്ക് മുന്‍പ് രോഗിയെ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞതായി സോനിയുടെ സഹോദരന് സീതാറാം പറഞ്ഞു.
എന്നാല്‍ കാറില്‍ തട്ടിയെങ്കിലും ആംബുലന്‍സിനെ തടഞ്ഞിട്ടില്ലെന്നാണ് ദര്‍ശന്റെ വാദം. ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.
ആംബുലന്‍സ് തടഞ്ഞിട്ടുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാവിനെതിരേ പരാതി ലഭിച്ചുവെന്നും അന്വേഷണത്തിനായി ഇരുവിഭാഗത്തെയും ബന്ധപ്പെട്ടുവെന്നും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് ജഗദീഷ് ചന്ദ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."