ഹര്‍ത്താലില്ലാത്ത നവകേരളമുണ്ടാക്കണം
എ.പി അബ്ദുല്ലക്കുട്ടി
9496666666#
ഹര്‍ത്താല്‍ അത്യാവശ്യത്തിന് മാത്രം മതിയെന്നാണ് കോടിയേരി സഖാവിന്റെ ഏറ്റവും ലേറ്റസ്റ്റ് പ്രസതാവന. മുന്‍പ് ടൂറിസം മന്ത്രിയായിരിക്കുമ്പോള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏതായാലും ഇത്രയുമായതില്‍ സന്തോഷമുണ്ട്. ഒരുപതിറ്റാണ്ടിനു മുന്‍പ് അങ്ങയുടെ ഈ ശിഷ്യന്‍ പാര്‍ട്ടിക്കകത്തും പുറത്തും മനുഷ്യ വിരുദ്ധവും മുനയൊടിഞ്ഞതായ ഹര്‍ത്താലുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് വാദിച്ചതിന് എന്തൊക്കെ അപമാനങ്ങളാണ് പാര്‍ട്ടിക്കകത്ത് ഞാന്‍ നേരിട്ടത്? കോടിയേരിയും പി. ശശിയും എനിക്ക് അന്നു തന്ന പാര്‍ട്ടി ക്ലാസ് നല്ല ഓര്‍മ്മയുണ്ട്.
''വര്‍ഗസമര ആയുധ പരമ്പരയിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാണ് ഹര്‍ത്താലുകള്‍. വര്‍ഗസമര രാഷ്ടീയ ബോധത്തിന്റെ ഗുരുതരമായ മൂല്യ ശോഷണമാണ് അബ്ദുല്ലക്കുട്ടിയില്‍ സംഭവിക്കുന്നത് '' ഇതൊക്കയായിരുന്നു സൈദ്ധാന്തിക ഉപദേശങ്ങള്‍.
കോടിയേരി സഖാവേ, തിരിച്ച് എനിക്ക് ഇത്തരുണത്തില്‍ പറയാനുള്ളത് അങ്ങേയ്ക്ക് അല്‍പം വൈകിയാണെങ്കിലും യാഥാര്‍ഥ്യ ബോധം വന്നല്ലൊ. ഇതില്‍ എനിക്ക് അങ്ങയോട് ബഹുമാനമുണ്ട്. വികസനം, വിശ്വാസം എന്നീ വിഷയങ്ങളില്‍ സി.പി.എം തുടരുന്ന നിലപാടുകള്‍ തിരുത്തണം എന്നായിരുന്നു അന്ന് പാര്‍ട്ടിക്കകത്തു ഞാന്‍ കലഹിച്ചത്. പ്രത്യേകിച്ച് ഹര്‍ത്താലിനെതിരേ.
പണ്ട് ഹര്‍ത്താല്‍ ഒരു ഉജ്വല സമരമായിരുന്നു. ഹര്‍ത്താലിന്റെ തലേ ദിവസം എല്ലാദേശത്തും കട കയറി ഹര്‍ത്താലിനോട് സഹകരിക്കാന്‍ അഭ്യര്‍ഥിക്കും. വൈകിട്ട് സംസ്ഥാനത്തെമ്പാടും പന്തംകൊളുത്തി പ്രകടനം. പിറ്റേന്ന് അക്ഷരാര്‍ഥത്തില്‍ കേരളം സ്തംഭിപ്പിച്ച് എല്ലായിടത്തും പ്രകടനം. എന്റെ ഗ്രാമത്തില്‍ ഹര്‍ത്താല്‍ ദിവസമാണ് അന്നൊക്കെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ജാഥ നടക്കുക.
എന്നാല്‍ ഇന്ന് ഒരു ഈര്‍ക്കില്‍ പാര്‍ട്ടിക്കു പോലും രണ്ടു വരി പ്രസ്താവന കൊണ്ട് കേരളം നിശ്ചലമാക്കാം. പണ്ട് ലക്ഷക്കണക്കിനാളുകള്‍ ഭാഗഭാക്കായിരുന്ന സമരം സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് മുനയൊടിഞ്ഞു പോയി. എന്നാല്‍ ഇന്നത് ജനങ്ങളെ അണിനിരത്തുന്ന സമരമല്ല, ജനങ്ങളെ അകത്തിരുത്തുന്ന സമരമാണ്. ജനങ്ങള്‍ വീട്ടിലിരുന്ന് ആഘോഷമാക്കുന്നു. സമര സഖാക്കള്‍ വരെ മടിയന്മാരാകുന്നു.
ശബരിമല വിഷയത്തില്‍ മാത്രം ആറു ദിവസമാണ് ഹര്‍ത്താല്‍ നടത്തി കേരളം നിശ്ചലമാക്കിയത്. ഹര്‍ത്താലില്ലാത്ത ദിവസങ്ങള്‍ അപൂര്‍വമാണ്. ഏതെങ്കിലുമൊരു പഞ്ചായത്തില്‍ ഒരു ഹര്‍ത്താലുണ്ടാകും. രാഷ്ട്രീയ സംഘര്‍ഷം, കൊലപാതകം, പ്രമുഖ വ്യക്തിയുടെ മരണം എന്നിവ പോലും പ്രാദേശിക ഹര്‍ത്താലാക്കിയുള്ള ആചാരം നമുക്ക് അവസാനിപ്പിച്ചുകൂടേ ?
ധര്‍ണ, പിക്കറ്റിങ്, ഘെരാവോ, സത്യഗ്രഹം, നിരാഹാരം തുടങ്ങി സ്വാതന്ത്യ സമര പിതാമഹന്‍മാര്‍ കണ്ടുപിടിച്ച സമരങ്ങളില്‍ ഹര്‍ത്താലും ഒരു വലിയ സമരമാണ്. പക്ഷെ ഇന്നത് രാജ്യദ്രോഹ സമരമായി മാറിയിരിക്കുന്നു. അതിനാല്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യാന്‍ സമയമായി.
ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ശക്തമായ നിയമം വേണം. മുംബൈ നഗരത്തെ ബന്ദില്‍ നിന്ന് രാഷ്ടീയ പാര്‍ട്ടികള്‍ ഒഴിവാക്കിയത് ശക്തമായി കോടതി ഇടപെടല്‍ കൊണ്ടു മാത്രമാണ്. ഇന്ന് കേരളത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ സമരം കുറഞ്ഞുവരുന്നു. കാരണം പി.ഡി.പി.പി ആക്റ്റ് കോടതി കര്‍ക്കശമാക്കിയതാണ്. നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രമേ ജാമ്യം കിട്ടൂ എന്ന സ്ഥിതി വന്നതോടെ സംഘടനകള്‍ നല്ല സമരക്കാരായി.
അതുപോലെ ശക്തമായ നിയമനിര്‍മാണം കേരളം ആലോചിക്കണം. ഒരു ഹര്‍ത്താല്‍ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം കേരളം ഓര്‍മിക്കണം. ഹര്‍ത്താലില്ലാത്ത നവകേരളം നമുക്ക് ഉണ്ടാക്കണം. അല്ലെങ്കില്‍ കേരളത്തിന്റെ ഭാവി ഇരുണ്ടതായിതീരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."