സഹകരിക്കില്ലെന്ന് പിന്നാക്ക ന്യൂനപക്ഷ സംഘടനകള്‍
കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരേ സാമുദായിക സംഘടനകള്‍ രംഗത്ത്. വനിതാ മതിലുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന പിന്നാക്ക, ന്യൂനപക്ഷ സംഘടനകളുടെ യോഗം തീരുമാനിച്ചു.
കേരളത്തില്‍ നിലനില്‍ക്കുന്ന ജാതി, സമുദായ സമവാക്യങ്ങളെയും സമാധാന അന്തരീക്ഷത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കരുത്തുപകരുന്നതാണ് വനിതാമതിലെന്ന് സംവരണ സമുദായ മുന്നണി നേതാക്കളുടെയും മെക്ക ഭാരവാഹികളുടെയും യോഗം വിലയിരുത്തി. വര്‍ഗീയ വിഷം ചീറ്റുന്നവരെ അണിനിരത്തിയുള്ള നവോത്ഥാന മതിലെന്ന ലേബലൊട്ടിച്ച വര്‍ഗീയ മതിലില്‍ അണിചേരുകയോ സഹകരിക്കുകയോ വേണ്ടെന്നും യോഗം തീരുമാനിച്ചു.
എറണാകുളം മെക്ക ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളുടെ യോഗം മുന്‍മന്ത്രി കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ധീവര സഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ അധ്യക്ഷനായി. മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള നിര്‍മിതിയെപ്പറ്റി ഗൗരവമായ ആലോചനകളും കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകേണ്ട സമയത്ത് രാഷ്ട്രീയ ലക്ഷ്യംവച്ചുകൊണ്ടുള്ള വിഭാഗീയ നീക്കങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കെ.സി.ബി.സി വിലയിരുത്തി. കേരള നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന്നത് ചരിത്രപരമായി ശരിയല്ലെന്നും കെ.സി.ബി.സി വ്യക്തമാക്കി. അതേസമയം, വനിതാ മതിലില്‍ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ പങ്കെടുക്കില്ലെന്ന് കേരള സ്‌കൂള്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. പാചക തൊഴിലാളികള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാണിച്ച അനാസ്ഥയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ അസോസിയേഷനെ പ്രേരിപ്പിച്ചതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ കെ.എസ്.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് സുജോബി ജോസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."