യുവതികളെ തടയാന്‍ 'മാളികപ്പുറങ്ങള്‍'; പുതിയ നീക്കവുമായി ആര്‍.എസ്.എസ്
ടി.എസ് നന്ദു#
കൊച്ചി: ശബരിമല ദര്‍ശനത്തിന് കൂടുതല്‍ യുവതികള്‍ എത്തുമെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന് 'മാളികപ്പുറങ്ങ'ളെ രംഗത്തിറക്കാന്‍ സംഘ്പരിവാര്‍ നീക്കം. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് മാളികപ്പുറങ്ങളെ എത്തിക്കുക.
23ന് തമിഴ്‌നാട്ടില്‍ നിന്ന് വനിതകളുടെ നാല്‍പതംഗ സംഘം ദര്‍ശനത്തിനെത്തുമെന്ന വിവരം പുറത്തുവന്നിരുന്നു. അവരെ തടയുന്നതിനു 10 വയസുവരെയുള്ള പെണ്‍കുട്ടികളും 50 വയസ് കഴിഞ്ഞ സ്ത്രീകളും അടങ്ങുന്ന അയ്യപ്പഭക്തകളെ (മാളികപ്പുറങ്ങള്‍) സന്നിധാനത്തും പരിസരത്തും അണിനിരത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവരെ സംഘടിപ്പിക്കുന്നതിന്റെ ചുമതല ശബരിമല കര്‍മസമിതിയുടെ മഹിളാ വിഭാഗത്തിനും വിശ്വഹിന്ദു പരിഷത്തിന്റെ 'മാതൃസമിതി'ക്കുമാണ്. ശബരിമലയിലെ സമരത്തില്‍ നിന്ന് ബി.ജെ.പിയെ ഒഴിവാക്കി കടിഞ്ഞാണ്‍ ആര്‍.എസ്.എസ് ഏറ്റെടുത്തതിനു ശേഷമുള്ള സുപ്രധാന നീക്കമാണിത്.
യുവതികളുടെ സംഘം ഡിസംബര്‍ 22ന് തമിഴ്‌നാട്ടില്‍ നിന്നു യാത്ര തിരിക്കുമെന്നാണ് വിവരം. 23ന് എത്തുന്ന അവര്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുകൊടുത്തതായും അറിയുന്നു. കൂടാതെ, സീസണ്‍ അവസാനിക്കുന്നതിനു മുന്‍പ് ഏതെങ്കിലും രണ്ടുദിവസം യുവതീ പ്രവേശനത്തിന് സൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രമിച്ചേക്കുമെന്നും ആര്‍.എസ്.എസ് സംശയിക്കുന്നു.
യുവതികള്‍ 23ന് എത്തുമെന്നാണ് ഇതുവരെയുള്ള വിവരമെങ്കിലും അവര്‍ വിവിധ സംഘങ്ങളായി വരാനിടയുണ്ടെന്നും സൂചനയുണ്ട്. അതിനാല്‍ സീസണ്‍ അവസാനിക്കുന്നതുവരെ ശബരിമലയില്‍ മാളികപ്പുറങ്ങളെ വിന്യസിക്കാനാണ് തീരുമാനം. അതിന് ഓരോ പ്രദേശത്തു നിന്നുള്ളവര്‍ക്കായി പ്രത്യേകം സമയം തീരുമാനിക്കും. 22നു തന്നെ മാളികപ്പുറങ്ങളുടെ ആദ്യസംഘത്തെ എത്തിക്കാനാണ് നീക്കം.
നാമജപ പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ശബരിമലയില്‍ രാഷ്ട്രീയ സമരം വേണ്ടെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പിയെ ആര്‍.എസ്.എസ് ഒഴിവാക്കിയത്. ബി.ജെ.പി നേതാക്കളുടെ അഭിപ്രായഭിന്നതയും സംഘ്പരിവാറിനെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് യോഗം ബി.ജെ.പി പോഷക സംഘടനയായ മഹിളാ മോര്‍ച്ചയെ തള്ളി മാളികപ്പുറങ്ങളെ എത്തിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് ശബരിമല കര്‍മസമിതിയെ ചുമതലപ്പെടുത്തിയത്. വനിതാ മതിലിനെതിരെ മഞ്ചേശ്വരം മുതല്‍ പാറശാല വരെ 26നു നടത്തുന്ന 'അയ്യപ്പജ്യോതി'യുടെ ചുമതലയും ഇവരെയാണ് ഏല്‍പിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ നിരോധനാജ്ഞാ ലംഘനവും സത്യഗ്രഹവും പോലുള്ള സമരപരിപാടികള്‍ നടത്തി തൃപ്തിയടയേണ്ട ഗതികേടിലാണ് ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."