കാപ്പ കേസ് പ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍
ഹരിപ്പാട്: തൃക്കുന്നപ്പുഴ കത്തികുത്തു കേസില്‍ ഒളിവിലായിരുന്ന കാപ്പ കേസിലെ പ്രതി ഉള്‍പ്പടെ മൂന്ന് പേര്‍ പൊലീസ് പിടിയില്‍. നാടന്‍ നിറ തോക്കും തിരയും പിടിച്ചെടുത്തു. പൊലീസിനെ അക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ച കുമാരപുരം പൊത്തപ്പള്ളി നോര്‍ത്ത് കായല്‍ വാരത്ത് കൃഷ്ണന്റെ മകന്‍ കിഷോര്‍ (32), പൊത്തപ്പള്ളി മാടത്തിങ്കല്‍ വീട്ടില്‍ പ്രഭന്റെ മകന്‍ പ്രശാന്ത് (26), തൃക്കുന്നപ്പുഴ മണികണ്ഠന്‍ചിറ നിഷാ ഭവനത്തില്‍ സുരേന്ദ്രന്റെ മകന്‍ കൊച്ചിരാജാവെന്ന് വിളിക്കുന്ന കിഷോര്‍ കുമാര്‍ (നിഷാന്ത്-30) എന്നിവരെയാണ് ഹരിപ്പാട് സി.ഐ ടി.മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തൃക്കുന്നപ്പുഴ വാരിയംകാട് ജംഗ്ഷനില്‍ കഴിഞ്ഞ മാസം 28ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒരു ബൈക്കില്‍ എത്തിയ പ്രതികള്‍ മൂന്ന് പേരും ചേര്‍ന്ന് വാരിയംകാട് ജംഗ്ഷനില്‍ വെച്ച് 5 പേരെ കത്തിക്ക് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളില്‍ നിന്നും മൊഴിയെടുത്ത പൊലീസ് കണ്ടാലറിയാവുന്ന മൂന്ന് പേരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. ഇതോടെ ഒളിവില്‍ പോയ പ്രതികള്‍ വെട്ടിയാര്‍ ഭാഗത്തുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ വളയുകയായിരുന്നു. വെട്ടിയാര്‍ ടി.എം.വി.എം ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പരിസരത്തെ റോഡില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലാകുമെന്ന് ഉറപ്പായതോടെ പൊലീസിനെ അക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ മല്‍പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. പിടികൂടുന്ന സമയം കിഷോറിന്റെ കൈയ്യില്‍ നിന്നും തിര നിറച്ച നാടന്‍ തോക്കും നിറയ്ക്കാനുള്ള മറ്റൊരു തിരയും പൊലീസ് പിടിച്ചെടുത്തു. കിഷോറിനെ കഴിഞ്ഞ ഏപ്രിലില്‍ കാപ്പ നിയമ പ്രകാരം ഗുണ്ടാ ലിസ്റ്റില്‍ പെടുത്തി സെന്‍ട്രല്‍ ജയിലിലാക്കിയിരുന്നു.
കിഷോറിന്റെ പേരില്‍ ഇപ്പോഴത്തെ കേസ്സും ചേര്‍ത്ത് മൂന്ന് കൊലപാതക ശ്രമം ഉള്‍പ്പടെ എട്ട് ക്രിമിനല്‍ കേസുകളുണ്ട്. തൃക്കുന്നപ്പുഴ എസ്.ഐ നിസാമുദ്ദീന്‍, സീനിയര്‍ സി.പി.ഒ ഉദയന്‍, സി.പി.ഒ മാരായ മണിക്കുട്ടന്‍, വിഷ്ണു, ഹോംഗാര്‍ഡ് ജയറാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."