സനാ ഫാത്തിമയുടെ ദുരൂഹ തിരോധാനം; വാട്‌സ് ആപ്പ് സന്ദേശം കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
കാഞ്ഞങ്ങാട്: പാണത്തൂരിലെ നാലു വയസുകാരി സന ഫാത്തിമയുടെ ദുരൂഹമായ തിരോധാനത്തെ കുറിച്ച് പ്രചരിച്ച വാട്‌സ് ആപ്പ് സന്ദേശം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സന ഫാത്തിമയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സന ഫാത്തിമയെ കാണാതായ ദിവസം തന്നെ സനയെ കണ്ടെത്തിയതായി വാട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചിരുന്നു.
ബന്ധുക്കള്‍ക്ക് ഇത്തരം സന്ദേശം ലഭിച്ചപ്പോള്‍ സന്ദേശം വന്ന ഫോണിലേക്ക് തിരികെ വിളിച്ചുവെങ്കിലും മറുഭാഗത്ത് ഫോണെടുത്തില്ല. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ തെറ്റായ സന്ദേശമാണെന്ന് പറഞ്ഞ് ക്ഷമ ചോദിച്ച് സന്ദേശമെത്തി. ഇക്കാര്യത്തിലെല്ലാം അന്വേഷണം നടത്തണമെന്നാണ് സനയുടെ ബന്ധുക്കളുടെ ആവശ്യം.
വാട്‌സ് ആപ്പ് സന്ദേശമയച്ചയാളുടെ പേര് അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ബന്ധുക്കള്‍ പറയുന്നു.
കുട്ടിയെ തട്ടികൊണ്ടുപോയതാണെന്ന സംശയമുണ്ട്. പ്രദേശത്തെ വീടുകളില്‍ തിരച്ചില്‍ നടത്തണമെന്ന് തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലിസ് അത് ഗൗരവത്തിലെടുത്തില്ല. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ പരിശോധന നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ബന്ധുക്കള്‍ പറയുന്നു.
സന ഫാത്തിമയെ കാണാതായി അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. പൊലിസ് പലവഴിക്ക് അന്വേഷണം നടത്തുമ്പോഴും സമീപത്തെ പുഴയില്‍ നാട്ടുകാര്‍ ഇന്നലെയും തിരച്ചില്‍ നടത്തി.
തീരദേശസേന രണ്ടാം ദിവസവും തെരച്ചില്‍ നടത്തി
രാജപുരം: നാലു വയസുകാരി സന ഫാത്തിമയെ കണ്ടെത്താന്‍ തീരദേശ പൊലിസ് രണ്ടാം ദിവസവും തെരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം തിരച്ചില്‍ നിര്‍ത്തിയ ബളാംതോടു നിന്നാണ് ഇന്നലെ വീണ്ടും തെരച്ചില്‍ തുടര്‍ന്നത്. അന്താരാഷ്ട്ര നീന്തല്‍ താരം എം.ടി.പി സൈഫുദ്ദീന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. പുലിക്കടവ് അണക്കെട്ട് പരിസരം വരെയാണ് ഇന്നലെ തെരച്ചില്‍ നടത്തിയത്.
പുഴയില്‍ കൂടി നില്‍ക്കുന്ന കാട്ടുവള്ളികളില്‍ കുടുങ്ങിക്കിടക്കാന്‍ സാദ്ധ്യത ഏറെയുള്ളതിനാലാണ് ഇത്തരം പ്രദേശങ്ങള്‍ അരിച്ചു പെറുക്കിയത്. അതിനിടെ പുലിക്കടവ് അണക്കെട്ട് പരിസരത്ത് നീര്‍നായകളുടെ ശല്യം തിരച്ചിലിനെ പല ഘട്ടങ്ങളായി തടസപ്പെടുത്തി. ഇന്നലെ സംഘം ബളാംതോട് തിരച്ചില്‍ തുടങ്ങുന്നതിന് മുമ്പ് സനയെ കാണാതായതായി സംശയിക്കുന്ന ബാപ്പുങ്കയം ഭാഗത്തും പരിശോധന നടത്തിയിരുന്നു. ഇവിടുത്തെ രണ്ട് തുരുത്തുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടന്നത്. പി.കരുണാകരന്‍ എം.പി ഇന്നലെ സനയുടെ വീട് സന്ദര്‍ശിച്ചു.
അതിനിടെ തിരച്ചില്‍ വ്യാപകമാക്കണമെന്ന ഒരു നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. പാണത്തൂര്‍ പുഴ ഒഴുകി കടലില്‍ എത്തുന്ന വഴികളെല്ലാം അരിച്ചുപെറുക്കണമെന്ന നിര്‍ദേശമാണ് പൊതുവെ ഉയര്‍ന്നത്.
പ്രത്യേകസംഘത്തെ നിയോഗിക്കണം: എം.സി ഖമറുദ്ധീന്‍
കാസര്‍ക്കോട്: ഫാത്തിമ സനയെ കണ്ടെത്തുന്നതിന് ഉന്നതതല അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍ ആവശ്യപ്പെട്ടു. ഇതിന് വേണ്ടി പ്രത്യേക സംഘത്തെ നിയമിക്കണം. ഒഴുക്കില്‍പ്പെട്ടുളള അപകടമാണെങ്കില്‍ തിരിച്ചറിയാനുളള സമയം കഴിഞ്ഞിരിക്കുന്നു.
അത്തരത്തിലുളള അപകടത്തിന്റെ സാധ്യത കുറവാണെന്നത് സംബന്ധിച്ച് കുട്ടിയുടെ പിതാവ് തന്നെ പ്രതികരിച്ച സാഹചര്യത്തില്‍ തട്ടിക്കൊണ്ടുപോകലിനുളള ബലപ്പെട്ട സംശയം നാട്ടുകാര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. സംശയം ദൂരികരിക്കാനും, കുട്ടിയെ കണ്ടെത്താനും ശാസ്ത്രീയ സംവിധാനത്തോടെ ഉന്നത സ്‌പെഷല്‍ ടീമിനെ നിയോഗിക്കണമെന്നും ജില്ലാ കലക്ടറോട് ഖമറുദ്ധീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
കാസര്‍കോട്: സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. ഇത് സംബന്ധമായി കാസര്‍കോട് ജില്ലാ പൊലിസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവര്‍ 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."