രാജ്യത്ത് മോദി പ്രഭാവം മങ്ങുന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലം മുതല്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ ജനകീയനെന്നു വിശേഷിപ്പിക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം മങ്ങുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പടക്കമുള്ളതില്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കാനായതു മോദിയുടെ വ്യക്തിപ്രഭാവം കൊണ്ടായിരുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മിസോറം, ഛത്തിസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ അധികാരത്തില്‍നിന്ന് ബി.ജെ.പി പുറന്തള്ളപ്പെട്ടതിനു പ്രധാന കാരണക്കാരില്‍ ഒരാള്‍ മോദിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മോദി പ്രചാരണത്തിനെത്തിയ ഈ മൂന്നു സംസ്ഥാനങ്ങളിലേയും 70 ശതമാനം മണ്ഡലങ്ങളിലും ബി.ജെ.പിക്കു കനത്ത തിരിച്ചടിയാണുണ്ടായത്. 80 നിയമസഭാ മണ്ഡലങ്ങളിലെ 30 സ്ഥലങ്ങളില്‍ മോദി പ്രസംഗിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 23 ഇടങ്ങളില്‍ വിജയിച്ചപ്പോള്‍ 57 എണ്ണത്തിലാണ് കനത്ത പരാജയമുണ്ടായത്.
മധ്യപ്രദേശിലും രാജസ്ഥാനിലും പ്രധാനമന്ത്രി 22 റാലികളിലാണ് പങ്കെടുത്തത്. ഇവയില്‍ 54 സീറ്റുകളില്‍ 22 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ഛത്തിസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ എട്ടു റാലികളില്‍ മോദി പങ്കെടുത്തെങ്കിലും 26 മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."