ജുഡിഷ്യറിയെയും ഉപകരണമാക്കുന്ന വെറുപ്പിന്റെ വ്യാപാരികള്‍
പിണങ്ങോട് അബൂബക്കര്‍
9847700450#
മേഘാലയ ഹൈക്കോടതി ജഡ്ജി സുധീപ് രഞ്ജന്‍ സെന്‍ ഇന്ത്യന്‍ ജുഡിഷ്യറിയിലെ വര്‍ഗീയ വിഷബാധയുടെ അടയാളമാണെന്ന് സ്വയം ബോധ്യപ്പെടുത്തി. ഇന്ത്യ ഹിന്ദുരാഷ്ട്രം ആവണമായിരുന്നു, പാകിസ്താന്‍ ഇസ്‌ലാമിക രാഷ്ട്രമായപ്പോള്‍ ഇന്ത്യ മതേതര രാഷ്ട്രമാക്കിയത് ശരിയായില്ല, നരേന്ദ്രമോദി ജീവിച്ചിരിക്കുന്ന കാലത്തോളം ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ കഴിയില്ല എന്നിങ്ങനെ പോയി ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഫൈസാബാദ് ജഡ്ജിയായിരുന്ന മലയാളിയായ കെ.കെ നായരുടെ വിവാദ ഉത്തരവാണ് രാമവിഗ്രഹം ബാബരി പള്ളിയിലെത്താന്‍ ഇടയായത്. ഇത്തരം രാമന്മാര്‍ ഇന്ത്യന്‍ ജുഡിഷ്യറിയില്‍ വംശനാശം സംഭവിക്കാതെ നിലനില്‍ക്കുന്നുവെന്നാണ് മേഘാലയ ഹൈക്കോടതി നമുക്കു നല്‍കുന്ന പാഠം.
ലോകത്തിനു മുന്നില്‍ പലതവണ ആദരിക്കപ്പെട്ടതാണ് ഇന്ത്യന്‍ ജുഡിഷ്യറി. ഡോക്ടര്‍ ഹാദിയ കേസ് ഉള്‍പെടെയുള്ള പല കേസുകളിലും ഇന്ത്യന്‍ കോടതിയുടെ വിധിന്യായം ലോകം ആദരപൂര്‍വം നോക്കിക്കണ്ടു. നിഷ്പക്ഷതയും നീതിബോധവുംഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോകുന്ന ഇന്ത്യന്‍ ജുഡിഷ്യറിയെ ഓര്‍ത്ത് എല്ലാ ഭാരതീയരും അഭിമാനംകൊണ്ടു. ഭാരതത്തിന്റെ ഭരണഘടന നീതിന്യായ വ്യവസ്ഥയ്ക്കു വലിയ പരിഗണന നല്‍കിയിട്ടുണ്ട്. 395 വകുപ്പുകളും ധാരാളം ഉപവകുപ്പുകളുമുള്ള ഇന്ത്യന്‍ ഭരണഘടന 36 പ്രധാന വകുപ്പുകള്‍ നീതിന്യായ വ്യവസ്ഥയ്ക്കു വേണ്ടി മാറ്റിവച്ചിട്ടുണ്ട്.
നാലാം അധ്യായത്തിനു നീതിന്യായ മണ്ഡലം എന്നാണ് ശീര്‍ഷകം. 134 മുതല്‍ 147 വരെയുള്ള വകുപ്പുകള്‍ സുപ്രിംകോടതിയെ പരാമര്‍ശിക്കുന്നു. അഞ്ചാം അധ്യായം 214 മുതല്‍ 237 വരെയുള്ള വകുപ്പുകള്‍ ഹൈക്കോടതികളെ പരാമര്‍ശിക്കുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസും ഹൈക്കോടതി ജസ്റ്റിസുമാരും രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും അല്ലെങ്കില്‍ ഗവര്‍ണര്‍ ചുമതലപ്പെടുത്തുന്നവരുടെ മുന്നില്‍ പ്രതിജ്ഞയെടുക്കണം. ഭരണഘടനയുടെ മഹത്വം പരിഗണിച്ചുകൊണ്ട് പക്ഷം ചേരാതെ നീതിബോധത്തോടെ വിധി പ്രസ്താവിക്കും എന്നാണ് പ്രതിജ്ഞയിലെ മൗലികഭാഗം.
ഭാരതത്തിന്റെ ഭരണാധികാരികള്‍ വഴിമാറി സഞ്ചരിച്ചാല്‍ ഭരണഘടന കാത്തുസൂക്ഷിക്കേണ്ട ബാധ്യതയും കോടതികള്‍ക്കുണ്ട്. കാലുറപ്പും കരളുറപ്പും ചുമല്‍ ഉറപ്പും ഉള്ളവരായിരുന്നു ജുഡിഷ്യറിയില്‍ ഉണ്ടായിരുന്നവര്‍. ചിലരെങ്കിലും വര്‍ഗീയ വിചാരക്കാരായത് ആപല്‍കരമായ പ്രവണതയാണ്. മത അതിരുകള്‍ക്ക് അപ്പുറത്താണ് ഭാരതത്തിന്റെ മൗലിക മൂല്യങ്ങള്‍. ഇന്നത്തെ ഇന്ത്യയെ പരുവപ്പെടുത്തിയെടുത്ത പൂര്‍വികര്‍ മത മതിലുകള്‍ക്കകത്തു നിന്നുകൊണ്ടല്ല സ്വാതന്ത്ര്യ സമരം നയിച്ചത്.
രക്തവും ജീവനും സര്‍വവും സമര്‍പ്പിച്ചുകൊണ്ടാണ് അവര്‍ ഭാരതത്തെ സ്വതന്ത്രമാക്കിയത്. ഭാരതീയര്‍ നല്‍കുന്ന നികുതിപ്പണം കൊണ്ടാണ് ജുഡിഷ്യറിക്കും സിവില്‍ സര്‍വീസിനും ഭരണാധികാരികള്‍ക്കും സൗകര്യങ്ങളും മാസപ്പടിയും ലഭിക്കുന്നത്. ഭാരതത്തിന്റെ കാല്‍പനിക ഭംഗി തന്നെ സമത്വവും സഹിഷ്ണുതയുമാണ്. ഇതു തകര്‍ക്കുന്ന വിധമുള്ള പരാമര്‍ശങ്ങളും നിലപാടുകളും അത്യന്തം അപമാനകരമാണ്. മേഘാലയ ഹൈക്കോടതി വിധി സ്വാഗതം ചെയ്തുകൊണ്ട് തീവ്ര ഹിന്ദുത്വ നേതാക്കളും ഭീകര ഹിന്ദുത്വ നേതാക്കളും രംഗത്തുവന്നത് ശ്രദ്ധേയമാണ്.
എന്നാല്‍, ദേശസ്‌നേഹികളായ ഭാരത നേതാക്കള്‍ ഈ വിധിയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു രംഗത്തുവന്നിട്ടുമുണ്ട്. ഏഴു പതിറ്റാണ്ടിലധികം കാലം ഫാസിസ്റ്റുകള്‍ പ്രവര്‍ത്തിച്ചത് രാജ്യത്തെ ജനങ്ങളുടെ മനസ്സുകളില്‍ വര്‍ഗീയ വിഷം പുരട്ടി അവരെ വികൃത മനുഷ്യരായി പുനര്‍നിര്‍മിക്കുന്നതിനു വേണ്ടിയാണ്. പൊലിസിലും പട്ടാളത്തിലും സിവില്‍ സര്‍വിസിലും എക്‌സിക്യൂട്ടിവിലും ജുഡിഷ്യറിയിലും ഈ വര്‍ഗീയ വിഷം പുരണ്ടവര്‍ കടന്നുകൂടിയിട്ടുണ്ട്. ഭാരതത്തെ പിറകോട്ടു വലിക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരേ മൗനം പാലിക്കുന്നത് അപകടകരമാണ്. സാംസ്‌കാരിക ലോകവും മാധ്യമലോകവും കടമകള്‍ നിര്‍വഹിക്കാന്‍ തയാറാവണം.
സമരങ്ങള്‍ വിജയമാണ്
നീളുന്ന സമരങ്ങള്‍ വിജയമാണെന്നാണ് പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. നഷ്ടത്തിന്റെയും നാശത്തിന്റെയും തോത് വിജയത്തിന് ആക്കം കൂട്ടുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ശബരിമല പ്രശ്‌നത്തില്‍ മാത്രം ബി.ജെ.പി 5 ഹര്‍ത്താലുകള്‍ നടത്തി. ഏറെ നീണ്ടുനിന്ന സമരങ്ങളുമുണ്ടായി. കുടുംബവഴക്കുംസാമൂഹിക സാഹചര്യങ്ങളും കാരണം മനംനൊന്ത് പുലര്‍ച്ചെ രണ്ടുമണിക്ക് അനന്തപുരിയിലെ വേണുഗോപാലന്‍ നായര്‍ സമരപ്പന്തലില്‍ അടുത്തേക്ക് വന്നു മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തതും സമരായുധമായി. വേണുഗോപാലന്‍ നായര്‍ അയ്യപ്പഭക്തന്‍ ആയിരുന്നു എന്നതാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച വരുടെ ന്യായവാദം.
അയ്യപ്പഭക്തന്മാര്‍ ആഹാരം കിട്ടാതെ ബുദ്ധിമുട്ടി. പ്രളയാനന്തരംചലിച്ചു തുടങ്ങിയ ടൂറിസം മേഖല തളര്‍ന്നു. ഇനി കേരളത്തിലേക്കില്ലെന്ന് വിദേശികള്‍ പറയുന്ന വിധം അവര്‍ ഭക്ഷണവും വാഹനവും കിട്ടാതെ വലഞ്ഞു. കുന്നു കുലുങ്ങിയാലും കുഞ്ഞാച്ചു കുലുങ്ങില്ല എന്ന മട്ടില്‍ പിണറായി സര്‍ക്കാര്‍ ബിംബവല്‍കൃത അവസ്ഥയില്‍ നിശ്ചലമായി. ചായക്കടക്കാരും ടാക്‌സിക്കാരും മറ്റു കച്ചവടക്കാരും തൊഴില്‍രഹിതരായി. സന്നിധാനത്തു ഭക്തര്‍ കുറഞ്ഞു. കാണിക്കപ്പെട്ടിയില്‍ കാശു കുറഞ്ഞു. പലവ്യഞ്ജനക്കടയില്‍ പോലും വിദേശമദ്യം ലഭ്യമാക്കി സംസ്ഥാനത്തിന് സാമ്പത്തിക നില ഭദ്രമാക്കാന്‍ കഴിയുമെന്ന നിലപാടാണ് ഭരണകൂടത്തിന്. സമരങ്ങള്‍ക്കു മുന്‍ഗണന വിശ്ചയിക്കേണ്ടത് ആവശ്യമായി വന്നിട്ടുണ്ട് .
നിത്യോപയോഗ വസ്തുക്കള്‍ക്കു തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്കു മാര്‍ക്കറ്റില്‍ വില ഇല്ലതാനും. റോഡായ റോഡൊക്കെ പൊളിഞ്ഞുകിടക്കുന്നു. വനിതാ മതില്‍ തീര്‍ക്കാനുള്ള പുറപ്പാടിലാണ് ഉദ്യോഗസ്ഥര്‍. ഓഫിസുകള്‍ അടഞ്ഞുകിടക്കുന്നു. കരം അടയ്ക്കാന്‍ ചെന്നാല്‍ പോലും വില്ലേജ് ഓഫിസില്‍ ഉദ്യോഗസ്ഥരില്ല. ആര്‍ക്കുവേണ്ടിയാണ് സമരം ചെയ്യേണ്ടത് എന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുനരാലോചിക്കണം. ശശികലയും സുരേന്ദ്രനും പാര്‍ട്ടി പിടിക്കാന്‍ ഊക്ക് നേടി എന്ന് മാത്രമാണ് ഈ സമര കോലാഹലങ്ങളുടെ ആകെ ഫലം. ജനാധിപത്യത്തില്‍ സമരം ആവശ്യമാണ്. എന്താണ് സമരം എന്തിനാണ് സമരം എന്നറിയാത്തവര്‍ സമരം ചെയ്താല്‍ നാട് നശിച്ചതുതന്നെ.
ഘാനയിലെ ഗാന്ധിപ്രതിമ
രണ്ടു വര്‍ഷം മുമ്പ് ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി ഘാനയിലെ അക്ര സര്‍വകശാലയില്‍ അനാച്ഛാദനം ചെയ്ത ഗാന്ധിപ്രതിമ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നീക്കം ചെയ്തു. കലാശാല സ്വയംഭരണ സ്ഥാപനമായതിനാല്‍ അഭിപ്രായം പറയാനില്ലെന്നാണ് അന്നാട്ടിലെ വിദേശകാര്യമന്ത്രി പ്രതികരിച്ചത്. ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ പ്രതികരണം അറിവായിട്ടില്ല. തൊലിയുടെ നിറത്തിലും കഴിവിലും രൂപഭംഗിയിലും ആഫ്രിക്കക്കാര്‍ ഇന്ത്യക്കാര്‍ക്കു പിറകിലാണെന്ന് ഗാന്ധിജി എഴുതിയത് ഉയര്‍ത്തിപ്പിടിച്ചാണ് കലാശാല വിദ്യാര്‍ഥികള്‍ പ്രതിമ നിക്കിയത്. പഴയ ചില ലേഖനങ്ങള്‍ ഇവര്‍ എടുത്ത് ഉദ്ധരിക്കുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും മഹാത്മജി വംശീയ വെറിയാനാണെന്ന് സമ്മതിക്കാനാവില്ല.
ഏതൊരു നേതാവിനെയും പല കോണുകളില്‍ വായിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, അത് വാസ്തവവിരുദ്ധമായ വിധമാവരുത്. ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേല ഗാന്ധിജിയെ ആരാധ്യപുരുഷനായി അംഗീകരിക്കുന്ന ആളാണ്. പല ലോക നേതാക്കളും മഹാത്മജിയെ മഹാനെന്നു വിശേഷിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ വാദിയും ത്യാഗിയും മനുഷ്യസ്‌നേഹിയുമായ ഈ ഭാരതപൗരനെ അപമാനിക്കാന്‍ വിട്ടുകൊടുത്തുകൂടാത്തതാണ്. പ്രതിമകളെ സംബന്ധിച്ച് ഒരു പുനര്‍ചിന്തനം നല്ലതാണ്. 185 മുതല്‍ 3000 മീറ്റര്‍ വരെ ഉയരമുള്ള 3000 കോടി രൂപ മുതല്‍മുടക്കുള്ള പ്രതിമകള്‍ സ്ഥാപിക്കാനുള്ള തിരക്കിലാണ് ഭാരതത്തിലെ ഗവണ്‍മെന്റും ചില സംഘടനകളും.
ഈ പ്രതിമാസംസ്‌കാരം ബാബിലോണിയയില്‍ നിന്നാണ് തുടങ്ങിയത് എന്നുവേണം കരുതാന്‍. പ്രവാചകന്‍ മൂസയുടെ കാലത്ത്ചിലര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു തുടങ്ങിയതോടെയാണ് പ്രതിമാസംസ്‌കാരം ലോകത്തു വരുന്നത്. പ്രവാചകന്‍ ശക്തമായി ഇടപെട്ടതിനാല്‍ അവിടെ പ്രതിമാസംസ്‌കാരം വളര്‍ന്നില്ല. ഈ സംസ്‌കാരം ഇന്ത്യയിലേക്ക് ആര്യന്മാര്‍ കൊണ്ടുവന്നു. അങ്ങനെയാണ് ഇന്ത്യ ഒരു പശുരാഷ്ട്രമാക്കി മാറ്റാന്‍ ചിലര്‍ ശ്രമം നടത്തിയത്. ഇപ്പോള്‍ ഇന്ത്യയില്‍ 19 കോടി പശുക്കളെങ്കിലും ഉണ്ടെന്നാണ് ഒരു കണക്ക്. കറവ വറ്റിയ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതിനാല്‍ വടക്കേഇന്ത്യയിലെ അങ്ങാടികളിലും റോഡുകളിലും ഇറങ്ങാന്‍ കഴിയാത്തവിധം പ്രയാസപ്പെടുകയാണ് വാഹനങ്ങളും ആളുകളും.
ജീവനുള്ള മനുഷ്യര്‍ക്കു പാര്‍ക്കാന്‍ ഇടംകൊടുക്കാതെ മരിച്ച മനുഷ്യരെ തെരുവുകളിലും നഗരങ്ങളിലും പ്രതിമയുണ്ടാക്കി സ്ഥാപിക്കുന്നതിലെ നീതിബോധം മനസ്സിലാകുന്നില്ല. പറവകള്‍ക്കു വിശ്രമിക്കാനും വിസര്‍ജിക്കാനും അസമയങ്ങളില്‍ ചുറ്റുഭാഗത്ത് അരുതാത്തതു പ്രവര്‍ത്തിക്കാനും മാത്രമായി നമ്മുടെ പ്രതിമകള്‍ മാറുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ സ്ഥാപിച്ച വിവിധ പ്രതിമകളുടെ കണക്കെടുത്താല്‍ അതിനു ചെലവാക്കിയ തുകയുടെ കണക്കോര്‍ത്ത് ഞെട്ടാത്തവരുണ്ടാവാനിടയില്ല.
നെറ്റി ചുളിക്കരുത്. ബിംബ സംസ്‌കാരം ഉല്‍കൃഷ്ടമല്ലെന്ന് ഉറപ്പ്. ഘാനയിലെ സര്‍വകലാശാലയില്‍നിന്ന് ഗാന്ധിജിയുടെ പ്രതിമ നീക്കം ചെയ്തത് ദുഃഖകരം തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ ഇരു രാഷ്ട്രങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിനും ഗാന്ധിജിയെ പരിചയപ്പെടുത്തുന്നതിനും ഗാന്ധിസം പഠിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഈ പ്രതിമ സ്ഥാപിക്കപ്പെട്ടത്. ഇപ്പോള്‍ തലതിരിച്ചു പഠിച്ച് ഒരു ആരോപണവും ഉന്നയിച്ചാണ് പ്രതിമ നീക്കം ചെയ്തത്. തീര്‍ച്ചയായും ഇത് നിരാശാജനകം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."