ഉരങ്കോക്കുന്ന് മലയിലെ വന്‍ഗര്‍ത്തം: പരിഭ്രാന്തരായി പ്രദേശവാസികള്‍
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തലയാട് പടിക്കല്‍വയല്‍ ഉരങ്കോക്കുന്ന് മലയില്‍ രൂപപ്പെട്ട ഗര്‍ത്തം പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ഉരങ്കോക്കുന്നുമ്മല്‍ സുധാകരന്റെ വീടിനോടു ചേര്‍ന്ന് പിന്‍വശത്ത് 25 അടിയോളം താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഗര്‍ത്തത്തില്‍നിന്ന് ഉള്‍ഭാഗത്തേക്ക് മണ്ണ് ഒലിച്ചുപോയി ഗുഹയും രൂപപ്പെട്ടിട്ടുണ്ട്.
വലിയ ശബ്ദത്തോടെ മണ്ണ് ഉള്‍ഭാഗത്തേക്ക് ഒലിച്ചുപോയതെന്ന് വീട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു. അതേസമയം ഗര്‍ത്തം കാണപ്പെട്ട് മൂന്നു ദിവസമായിട്ടും ഗവേഷക വിഭാഗമോ ജിയോളജി വകുപ്പോ സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഇതേ പ്രതിഭാസം ഉണ്ടായിരുന്നതായും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഭൂമിയുടെ ഉള്‍ഭാഗത്ത് വിള്ളലുകളുള്ളതായി കണ്ടെത്തിയിരുന്നുവെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍ പറഞ്ഞു. പ്രദേശത്തു പതിനഞ്ചോളം വീട്ടുകാര്‍ താമസിക്കുന്നുണ്ട്.
കനത്തമഴയില്‍ ഗര്‍ത്തത്തിലൂടെ വെള്ളമൊഴുകി ഉള്‍ഭാഗത്ത് വിള്ളല്‍ വീണാല്‍ വീടുകള്‍ക്കു ഭീഷണിയാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ വീട്ടുകാരെ മാറ്റിത്താമസിപ്പിക്കാനുള്ള നടപടികളൊന്നും തന്നെ അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."