എക്‌സൈസ് വകുപ്പിന്റെ കര്‍ശന നിബന്ധനകള്‍: ഗുളികയില്ല; വേദന കടിച്ചമര്‍ത്തി രോഗികള്‍
മാനന്തവാടി: എക്‌സൈസ് വകുപ്പിന്റെ കര്‍ശന നിബന്ധനകള്‍ കാരണം കാന്‍സര്‍-കഠിനവേദന എന്നിവയ്ക്കുള്ള ഗുളികള്‍ രോഗികള്‍ക്ക് ലഭിക്കുന്നില്ല. ഇതോടെ രോഗികള്‍ ദുരിതത്തിലായി. രോഗികള്‍ക്ക് ഗുളികകള്‍ ലഭ്യമാക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കുമ്പോള്‍ എക്‌സൈസ് വകുപ്പിന്റെ കര്‍ശന നിയന്ത്രണങ്ങളും നിയമങ്ങളും മൂലം ഫാര്‍മസികളില്‍ നിന്നും ഗുളിക രോഗികള്‍ക്ക് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കാന്‍സര്‍, കഠിന വേദനയുള്ള രോഗങ്ങള്‍ എന്നിവ പിടിപ്പെട്ട രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചയോ അതില്‍ കുറവേ ഉള്ള ദിവസങ്ങളുടെ മരുന്നേ കുറിച്ച് നല്‍കല്‍ പതിവുള്ളൂ. എന്നാല്‍ എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങിനെയാണ്. ഡോക്ടറുടെ കുറിപ്പുമായി മരുന്ന് വാങ്ങാന്‍ ഫാര്‍മസിയിലെത്തുന്നവര്‍ കുറിപ്പോ അല്ലെങ്കില്‍ അതിന്റെ ഫോട്ടോസ്റ്റാറ്റോ നല്‍കണം. ഫാര്‍മസിയില്‍ ഇത്തരം രോഗങ്ങള്‍ക്ക് നല്‍കുന്ന ഗുളികകളുടെ രജിസ്റ്റര്‍ സൂക്ഷിക്കണം. ഓരോ ദിവസവും വില്‍പ്പന നടത്തിയ മരുന്നുകളുടെ വിവരവും സ്റ്റോക്കും മരുന്ന് നല്‍കിയ രോഗിയുടെ പൂര്‍ണ്ണവിവരവും ഡോക്ടര്‍ കുറിച്ച് നല്‍കിയ കുറിപ്പിന്റെ കോപ്പിയും സൂക്ഷിച്ച് വെക്കണം. മാത്രമല്ല ഫാര്‍മസികളില്‍ ഇത്തരം മരുന്നുകളുടെ പരിശോധനയും മറ്റും നടത്തുന്ന എക്‌സൈസ് വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ ഫാര്‍മസികളില്‍ നിന്നും രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ കുറിച്ച് കൊടുത്ത കുറിപ്പില്‍ ആദ്യം ഗുളിക വാങ്ങി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ഗുളിക വാങ്ങാന്‍ ഫാര്‍മസിയിലെത്തിയാല്‍ എക്‌സൈസിന്റെ നിര്‍ദേശമുള്ളതിനാല്‍ മരുന്ന് നല്‍കാന്‍ കഴിയില്ല. ഡോക്ടര്‍ രണ്ടാമതും പരിശോധിച്ച് മരുന്നിന് കുറിച്ച് നല്‍കിയാല്‍ മാത്രമേ ഗുളിക ഫാര്‍മസിയില്‍ നിന്നും നല്‍കാന്‍ പറ്റൂ. മെഡിക്കല്‍ കോളജ്, ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് പലപ്പോഴും ഗുളികയുടെ പേരെഴുതി നല്‍കുക ഏതെങ്കിലും കടലാസ് കഷ്ണത്തിലായിരിക്കും. എന്നാല്‍ ഡോക്ടറുടെ പേരില്ലാത്തതിനാല്‍ ഫാര്‍മസികള്‍ കയറി ഇറങ്ങുകയല്ലാതെ ഗുളിക ലഭിക്കാറില്ല. കാന്‍സര്‍, അതി കഠിന വേദന രോഗങ്ങള്‍ക്കായി ഷെഡ്യൂള്‍ എച്ച് വണ്‍ വിഭാഗത്തില്‍പ്പെട്ട ഗുളികളാണ് വിപണിയിലുള്ളത്. ട്രമഡോള്‍, അള്‍ഫ്രാ സോള്‍ ഗ്രൂപ്പുകളില്‍പ്പെട്ട ഗുളികകള്‍ 150ലേറെ പേരുകളിലാണ് വില്‍പ്പന നടത്തുന്നത്. പല ഡോക്ടടര്‍മാരും പല പേരുകളിലറിയപ്പെടുന്ന ഗുളികകള്‍ കുറിച്ച് നല്‍കുകയും ചെയ്യും.
അവസരം മുതലാക്കി മരുന്നു ലോബികള്‍
എക്‌സൈസ് വകുപ്പിന്റെ കര്‍ശന നിലപാട് മൂലം അത്യാവശ്യത്തിന് പോലും മാരക രോഗം പിടിപ്പെട്ടരോഗികള്‍ക്ക് ഗുളികകള്‍ കിട്ടാതായതോടെ മറ്റ് ലോബികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് മുതലെടുക്കാന്‍ ചില ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. ഇതര സംസ്ഥാനങ്ങളില്‍ മാരക രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇത്തരം ഗുളികകള്‍ രോഗികള്‍ക്ക് നല്‍കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. അത് മുതലാക്കിയാണ് രോഗികള്‍ക്ക് ഗുളികകള്‍ നല്‍കുന്നതിന് കര്‍ശന നിയന്ത്രണമുള്ള കേരളത്തിലേക്ക് ഗുളികകള്‍ വന്‍തോതില്‍ കടത്തുന്നത്. കേരളത്തിലേക്ക് കടത്തുന്ന ഗുളികകള്‍ വന്‍തോതില്‍ ചെക്ക് പോസ്റ്റുകളില്‍ നിന്നും പിടികൂടുന്നുണ്ടെങ്കിലും കടത്ത് നിര്‍ബാധം തുടരുകയാണ്.കേരളത്തിലെത്തുന്ന ഗുളികകള്‍ നാലും അഞ്ചും ഇരട്ടി വിലക്കാണ് രോഗികള്‍ക്ക് നല്‍കുന്നത്. കേരളത്തില്‍ നിന്നും കാന്‍സര്‍ വേദനസംഹാരി ഗുളികകള്‍ കിട്ടാതായതോടെ ഇതര സംസ്ഥാനത്ത് നിന്നും കടത്തികൊണ്ട് വരുന്ന ഗുളികകള്‍ വന്‍ വില കൊടുത്ത് വാങ്ങാന്‍ രോഗികള്‍ നിര്‍ബന്ധിതരാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."